തെന്നിന്ത്യയിൽ അറിയപ്പെടുന്ന യുവനടിയാണ് ഷംന കാസിം. ഡാൻസും അഭിനയവും എല്ലാമായി വിവാഹത്തിനു ശേഷവും ഷംന കാസിം കരിയറിൽ  സജീവമാണ്. ഇപ്പോൾ തന്റെ വിശേഷങ്ങൾ  ഒക്കെ ആരാധകരുമായി പങ്കിടാൻ ഒരു യുട്യൂബ് ചാനലും ഷംനയ്ക്കു സ്വന്തമായുണ്ട്. ​ ഇപ്പോഴിതാ മകനൊപ്പം നടത്തിയ ഒരു വിശുദ്ധമായ യാത്രയുടെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് ഷംന കാസിം. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സമൂഹ്യമാധ്യമം വഴി പങ്കുവെക്കുന്ന ഷംന കാസിം ഇപ്പോൾ മകനൊപ്പം മക്ക സന്ദർശിച്ച സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. ‘വിശുദ്ധ മക്കയിലും മദീനയിലും എത്തി. അൽഹംദുലില്ലാഹ്… ഉംറ നിർവഹിക്കാനുള്ള ഭാഗ്യം നൽകിയ അല്ലാഹുവിന് സ്തുതി…’, എന്ന ക്യാപ്ഷൻ നൽകിയാണ് ഷംന കാസിം മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. മകൻ പിറന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു യാത്ര ഷംന നടത്തുന്നത്. ഷംനയും കുഞ്ഞും മാത്രമാണ് ഉംറയ്ക്കായി പോയത്. ചിത്രങ്ങളിൽ എവിടെയും ഭർത്താവ് ഷാനിദ് ഉണ്ടായിരുന്നില്ല. ഷംന ഉംറ ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ഷാനിദ് കമന്റുമായി എത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഷംനയ്ക്ക് മകൻ പിറന്നത്. കു‍ഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവെച്ചിരുന്നു.

കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവായി ദുബായി കിരീടാവകാശിയുടെ പേര് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ കുഞ്ഞിന് ഷാനിദ് നൽകുകയായിരുന്നു. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് . ദുബായിലെ ആസ്റ്റർ ആശുപത്രിയിൽ വെച്ചായിരുന്നു ഷംന കുഞ്ഞിന് ജന്മം നൽകിയത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഭർത്താവ് ഷാനിദ് ആസിഫ് അലി. ഷാനിദുമായുള്ള വിവാഹം കഴിഞ്ഞ് വളരെ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഏഴാം മാസത്തില്‍ നടത്തേണ്ട ബേബി ഷവറിന്റെ ചിത്രങ്ങളെത്തിയത് ആ സമയത്ത് വലിയ ചർച്ചയായിരുന്നു. നിക്കാഹ് കഴിഞ്ഞപ്പോൾ തങ്ങൾ ഒരുമിച്ച് താമസം ആരംഭിച്ചിരുന്നുവെന്നാണ് പിന്നീട് വാർത്തകൾ വന്നപ്പോൾ ഷംന മറുപടിയായി പറഞ്ഞത്. സൂപ്പര്‍ ഡാന്‍സര്‍ എന്ന അമൃത ടിവിയിലെ മത്സരാര്‍ത്ഥിയായിട്ടായിരുന്നു ഷംനയുടെ കരിയറിന്റെ തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു, കണ്ണൂരാണ് ഷംനയുടെ സ്വദേശം. മുപ്പത്തിനാലുകാരിയായ ഷംനയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ നാനിയുടെ ദസറയാണ്. മഹേഷ് ബാബു സിനിമ ​ഗുണ്ടൂർ കാരമാണ് റിലീസിന് തയ്യാറെടുക്കുന്ന ഷംന കാസിം സിനിമ.

ത്രിവിക്രം സംവിധാനം ചെയ്ത സിനിമയിൽ ജയറാം അടക്കമുള്ള താരങ്ങളും അഭിനയിച്ചിട്ടുണ്ട്. അതേസമയം മലയാളികൾക്ക് ഷംനയും അന്യഭാഷാ പ്രേക്ഷകർക്ക് പൂർണ്ണയുമാണ് ഷംന കാസിം.  മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമ മുതൽ ഷംന കാസിമിന്റെ മുഖം മലയാളികൾക്ക് സുപരിചിതമാണ്. മലയാള സിനിമയിൽ അരങ്ങേറിയ ശേഷം തമിഴിലും തെലുങ്കിലും കന്നടയിലും നിരവധി സിനിമകളുടെ ഭാഗമായിയിട്ടുണ്ട് നടി. ഇന്ന് നടി ഭർത്താവിനും ഏക മകൻ ഹംദാനൊപ്പം സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കുകയാണ്. ഷാനിദ് ആസിഫ് അലിയുടെ ബിസിനസ് എല്ലാം ദുബായിലായതു കൊണ്ട് തന്നെ ഷംനയും ഇപ്പോൾ മകനൊപ്പം ദുബായിൽ സെറ്റിൽഡാണ്.