ഷാരൂഖ് ഖാൻ ചിത്രങ്ങളെ വിമര്‍ശിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിൽ നടന്ന ഒരു ക്യു ആൻഡ് എ സെഷനിൽ മറുപടി പറയുക ആയിരുന്നു വിവേക് അഗ്നിഹോത്രി. ഷാരൂഖ് ഖാന്റെ സമീപ കാല ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞതാണെന്നും ഇതിനേക്കാള്‍ മെച്ചമായി ഷാരൂഖ് ഖാന് സിനിമകള്‍ ചെയ്യാൻ കഴിയുമെന്നുമാണ് വിവേക് അഗ്നിഹോത്രിയുടെ പരാമര്‍ശം. ഈയിടെ ഞാൻ കണ്ട ഷാരൂഖ് ഖാൻ ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞതാണ്. ആക്ഷൻ ചിത്രങ്ങള്‍ ഒരു പരിധി വരെ നല്ലതാണ്. പക്ഷേ അവയെ മികച്ച നിലവാരത്തിലുള്ളതാണ് എന്ന തരത്തില്‍ അവതരിപ്പിക്കുന്നതിനോടും ബോളിവുഡിലെ ഏറ്റവും മികച്ച സിനിമ എന്നു പറയുന്നതിനോടും ഭാഗീകമായി പോലും യോജിക്കാനാകില്ല എന്നും അതൊരു മുഖസ്തുതിയാണെന്നേ പറയാനാകൂ എന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് സിനിമ ശ്രമിച്ചതെന്നാണ് തനിക്ക് തോന്നുന്നത് എന്നും വിവേക് അഗ്നിഹോത്രി മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ജവാന്റെ വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാന്റെ ഫാൻസ് തന്നെ സോഷ്യൽ മീഡിയയിലൂടെ ആക്രമിച്ചിട്ടുണ്ടെന്നും ഷാരൂഖ് ഖാന്റെ ആരാധകര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നും വിവേക് അഗ്നിഹോത്രി ആരോപിച്ചു. വലിയ ബോളിവുഡ് താരങ്ങളുടെ ആരാധകര്‍ തന്റെ മകളുടെ ഫോട്ടോ വരെ ദുരുപയോഗം ചെയ്യുന്നുവെന്ന് വിവേക് അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു. ഷാരൂഖ് ഖാന്റെ ജവാൻ ബോക്സ് ഓഫീസില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സെപ്തംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ആയിരത്തി അറുപത്തിയെട്ട് കോടി നേടി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പ്രകാരം അറിയാൻ കഴിയുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന്റെ പത്താൻ എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോഡ് തകര്‍ത്താണ് ജവാൻ ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. തമിഴ് സംവിധായകൻ ആറ്റ്ലി കുമാർ സംവിധാനം ചെയ്ത ചിത്രത്തില്‍ നയൻതാരയാണ് നായിക ആയെത്തിയത്.
അതേ സമയം തന്നെ ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി വിവേക് അഗ്നിഹോത്രി ഒരുക്കിയ ‘ദി വാക്സിൻ വാര്‍’ ബോക്സോഫീസില്‍ മികച്ച പ്രകടനമല്ല കാഴ്ച വയ്ക്കുന്നത്. സെപ്തംബര്‍ ഇരുപത്തിയെട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ മൂന്നേകാല്‍ കോടി രൂപയോളം മാത്രമാണ് നേടാൻ കഴിഞ്ഞത്. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ നടത്തിയ ചെറുത്തു നില്‍പ്പിനെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥയെന്ന വിശേഷണവുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ‘ദി കശ്മിര്‍ ഫയല്‍സി’ന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി വാക്സിൻ വാര്‍’. ‘ദി കശ്മിര്‍ ഫയല്‍സി’ല്‍ ബോളിവുഡ് നടൻ അനുപം ഖേര്‍ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്. വെറും പതിനഞ്ച് കോടി മുതല്‍ മുടക്കിലൊരുക്കിയ ദ കാശ്മീര്‍ ഫയല്‍സ് മുന്നൂറ്റി നാൽപ്പത് കോടി രൂപയാണ് ബോക്സോഫീസിൽ നേടിയെടുത്തത്. തന്റെ സിനിമ ഒരിക്കലും ജവാനു മുകളില്‍ പോകില്ലായെന്നും ഒരു മത്സരത്തിന് പോലും താനില്ലായെന്നും മുൻപ് വിവേക് അഗ്നിഹോത്രി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഐആം ബുദ്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ പല്ലവി ജോഷിയും അബിഷേക് അഗർവാൾ ആർട്ടുമായി സഹകരിച്ച് നിർമ്മിക്കുന്ന വാക്‌സിൻ വാർ സെപ്തംബർ ഇരുപത്തിയെട്ടിനാണ് റിലീസ് ചെയ്തത്. നാനാ പടേകർ, പല്ലവി ജോഷി, റെയ്മ സെൻ, അനുപം ഖേർ, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹൻ കൗപുർ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.