കേൾക്കുന്നവർ സന്തോഷം കൊണ്ട് മതിമറന്നു പോകുന്ന ഗാനങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നു ?. ഒരിക്കലൊരു തമിഴ് ടെലിവിഷൻ അവതാരകൻ ഇങ്ങനെ ചോദിച്ചപ്പോൾ , നിഷ്കളങ്കമായ പുഞ്ചിരിയോടെ അയാൾക്ക് കിട്ടിയ ഉത്തരമിതാണ്. ചെറിയ കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ ,ഏതൊരു കാഴ്ചയും അവർക്ക് ഉല്ലാസമാണ്. സംഗീതത്തിന് മുന്നിൽ ഞാനും ഒരു കുട്ടിയാണ്. അതല്ലാതെ ആഹ്ലാദകരമായ സംഗീതം എങ്ങനെ വരുന്നുവെന്നതിനു എനിക്ക് ഉത്തരമില്ല. ഇങ്ങനെയൊരുത്തരം പറഞ്ഞ ഇന്ത്യൻ മഹാ സംഗീതകാരൻ ഇസൈ ജ്ഞാനി ഇളയരാജയ്ക്കിന്നു എൺപത്താം പിറന്നാൾ .

1943 ൽ തേനിയിലെ പന്നൈപുരം എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച ഇളയരാജയുടെ യഥാർത്ഥ പേര് ആർ ജ്ഞാന ദേശികൾ എന്നായിരുന്നു .നാട്ടുകാർക്ക് രാജ രാസയ്യയും. ചെറുപ്പം മുതൽ പാട്ടിനെ സ്നേഹിച്ച രാസയ്യയെ സംഗീതഗുരു ധനരാജ് മാസ്റ്റരാണ് രാജയെന്ന് വിളിച്ചത് . സഹോദരനായ വരദരാജന്റെ സംഗീതട്രൂപ്പിൽ വർഷങ്ങളോളം തുടർന്ന രാജ പിന്നീട് ഇളയരാജയായി. രാജയുടെ ഉള്ളില്‍ സംഗീതം നിറച്ചത് തെരുവാണ്. അതുകൊണ്ട് തന്നെ ഇളയരാജയുടെ പാട്ടുകള്‍ തെരുവിന്റെയും പാട്ടുകളാണ്. അവര്‍ രാജയുടെ പാട്ടുകള്‍ക്കായി കാതോര്‍ത്തു.വിവിധ ഭാഷകളിലായി ആയിരത്തിലേറെ സിനിമകൾ . അതിൽ പതിനായിരത്തിലേറെ ഗാനങ്ങൾ . ഓരോ തമിഴ് ഗ്രാമവും ഉണരുന്നതും ഉറങ്ങുന്നതും ഇളയരാജ ഇസലൊഴുക്കിയാണ് ..

1976 ൽ നിർമ്മാതാവായ പഞ്ചു അരുണാചലമാണ് ആദ്യമായി ഇളയരാജയെ അന്നക്കിളി എന്ന സിനിമയിലൂടെ അവതരിപ്പിച്ചത്. അന്നത്തെ പോപ്പുലർ സിംഗർ ആയ എൽ ആർ ഈശ്വരിയെക്കൊണ്ട് അന്നക്കിളിയിലെ പാട്ടുപാടിക്കനാമെന്നു ഇളയരാജയ്ക്ക് മോഹം .
ഈശ്വരിയോട് ഒരു പാട്ട് പാടാൻ അഭ്യർത്ഥിച്ചു. എന്നാൽ ഒരുപാട് ജൂനിയറായ പുതിയ ആളുടെ കൂടെ ഒന്നും പാടില്ല എന്ന് പറഞ്ഞു രാജയെ ഈശ്വരി അപമാനിച്ചയച്ചു. പാടാനുള്ള ആ അവസരം ജാനകിയമ്മ സന്തോഷത്തോടെ സ്വീകരിച്ചു. പിന്നീട് ഉണ്ടായത് ചരിത്രം. പിന്നീട് എൽ ആർ ഈശ്വരി ഇളയരാജയുടെ ഒരു പാട്ടും പാടിയിട്ടില്ല അതും ചരിത്രമായി.എന്നാല്‍ സവര്‍ണത നിറഞ്ഞ് നിന്ന തമിഴ് സിനിമയില്‍ ഇളയരാജയുടെ വാഴ്ച അത്ര സുഖമായിരുന്നില്ല. ആള്‍ ഇന്ത്യാ റേഡിയോ ഇളയരാജയുടെ പാട്ടുകള്‍ നിരോധിച്ചത് ഒന്നും രണ്ടും തവണയല്ല, പലകുറി രാജയുടെ പാട്ടുകൾക്ക് ആള്‍ ഇന്ത്യാ റേഡിയോയുടെ വിലക്കു വീണു.

നാടൻ സംഗീതത്തെ വെസ്റ്റേൺ മ്യൂസിക്ക്മായി കോർത്തിണക്കിയ രാജ സംഗീതം തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമായി സഞ്ചരിച്ചു. കേരളക്കരയിലും അത് തരംഗങ്ങൾ ഉണ്ടാക്കി . പാട്ടുകളിൽ മാത്രമല്ല പശ്ചാത്തല സംഗീതമൊരുക്കുന്നതിലും ഇളയരാജയ്ക്ക് പകര ആരുമില്ല. അഞ്ച് ദേശീയ അവാര്‍ഡുകളും പദ്മ പുരസ്കാരങ്ങളും എണ്ണമറ്റ മറ്റ് അംഗീകാരങ്ങളുമൊക്കെ ഇളയരാജ നേടി. 2016ൽ താരയ് തപ്പാട്ടൈ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം ഇളയരാജ നിരസിച്ചു.

സംഗീതത്തിനൊപ്പം രാജ്യസഭാ എം പി എന്ന പുതിയ റോളിലും ഇളയരാജയുണ്ടിപ്പോൾ. രചിച്ച ഈണങ്ങളില്‍ ഒരുകാലത്തും വിട്ടുവീഴ്ച കാട്ടാത്ത ഇളയരാജ രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപ്പാടുകളിലും ആ കാർക്കശ്യം തുടരുന്നു. അതു കൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം വിവാദങ്ങളും ഉണ്ട് . ആ വിമർശനങ്ങൾക്കൊന്നും ചെവി കൊടുക്കാതെ സപ്തസ്വരങ്ങളിൽ അലിഞ്ഞൊഴുകുകയാണ് ഇസൈ ജ്ഞാനി ഇളയരാജ.