ഒരേസമയം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങി നിൽക്കുന്ന ബോളിവുഡ് നടനാണ് സല്‍മാൻ ഖാൻ. മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളിലും അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ വിവാദങ്ങളിലും സല്‍മാൻ ഖാൻ ചെന്ന് പെടാറുണ്ട്. വധഭീഷണി മൂലം കനത്ത സുരക്ഷയാണ് ഇപ്പോൾ ബോളിവുഡ് താരം സല്‍മാൻ ഖാന് ഒരുക്കിയിരിക്കുന്നത്. ഹിന്ദിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകൻ കൂടിയാണ് സൽമാൻ ഖാൻ. ഓടി നടന്ന് സമയം കണ്ടെത്തിയാണ് ജനപ്രിയ പരിപാടി ആയ ബിഗ് ബോസ് ഷോയും സല്‍മാൻ ഖാൻ അവതരിപ്പിക്കുന്നത്. സല്ലുഭായ് അവതാരകനാണ് എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ബിഗ് ബോസ് ഷോ കാണുന്നവരും നിരവധിയാണ്. ഇപ്പോൾ വീണ്ടും ഒരു വിവാദത്തില്‍ പെട്ടിരിക്കുകയാണ് സൽമാൻ ഖാൻ. അടുത്തിടെയാണ് ഒടിടി പ്ലാറ്റ്ഫോമില്‍ ബിഗ് ബോസ് ഒടിടി 2 ആരംഭിച്ചത്. ആദ്യ ദിവസം മുതല്‍ ബിഗ് ബോസ് ഒടിടി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ഇതുവരെയുള്ള എപ്പിസോഡുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മത്സരാര്‍ത്ഥികളായ ആകാന്‍ക്ഷ പുരിയും ജദ് ഹദീദും തമ്മിലുള്ള ലിപ് ലോക്കായിരുന്നു. ഇതിന് പിന്നാലെ ഷോയുടെ അവതാരകൻ സല്‍മാൻ ഖാനും വിമര്‍ശനം നേരിടുകയാണ്.

വീക്കെൻഡ് എപ്പിസോഡ് ആങ്കര്‍ ചെയ്യാനെത്തിയ സല്‍മാൻ‌ കയ്യില്‍ എരിയുന്ന സിഗരറ്റുമായാണ് വേദിയില്‍ നിന്നത്. ഇതോടെ ജൂലൈ എട്ടിന് സംപ്രേഷണം ചെയ്ത വീക്കെൻഡ് എപ്പിസോഡ് വൈറലായി മാറി. ഇതോടെ സല്‍മാന് എതിരെ പ്രേക്ഷകര്‍ തിരിഞ്ഞു. മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച്‌ സംസാരിക്കുമ്പോൾ സൂപ്പര്‍ സ്റ്റാര്‍‌ സ്വയം ശ്രദ്ധിക്കണമെന്നതടക്കമുള്ള കമന്റുകളാണ് നടന് എതിരെ സോഷ്യല്‍‌മീഡിയയില്‍ വന്നത്. തെറ്റായ കാര്യങ്ങള്‍ ചെയ്യും. എന്നിട്ട് മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച്‌ സംസാരിക്കും എന്നും താരത്തെ കുറ്റപ്പെടുത്തി കമന്റുകള്‍ വന്നു.

അതേസമയം ഒരു വിഭാഗം നടനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.ഇതൊരു ഒടിടി ഷോ ആണെന്നും ചാനലുകളില്‍ വരുന്നില്ലെന്നും അതിനാല്‍ എന്തും ചെയ്യാമെന്നുമാണ് സല്‍മാനെ പിന്തുണച്ച്‌ വന്ന കമന്റുകള്‍. ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് സല്‍മാൻ ഖാൻ. അതുകൊണ്ട് തന്നെ ആകാന്‍ക്ഷ പുരി-ജദ് ഹദീദ് ലിപ് ലോക്കിനെ സല്‍മാൻ ഖാൻ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രേക്ഷകരോട് ക്ഷമ ചോദിച്ചിരുന്നു.

തന്റെ സിനിമകളിലോ താനുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലോ ഇത്തരത്തിലുള്ള ഉള്ളടക്കം ഉള്‍പ്പെടുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും സല്‍മാന്‍ പറഞ്ഞു.ലിപ് ലോക്ക് ചെയ്തതിന് ആകാന്‍ക്ഷ പുരിയേയും ജദ് ഹദീദിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന സമയത്തും സല്‍മാന്റെ കയ്യില്‍ സിഗരറ്റുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.