ഫൈറ്റ് ആക്ഷൻ പാക്കിൽ പ്രേക്ഷകരെ പുളകം കൊള്ളിച്ച RDX, 100 കോടിയും കടന്ന് നെറ്റ്ഫ്ലിക്സിലും തരംഗമാവുകയാണ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നഹാസ് ഹിദായത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു.ചിത്രത്തിൻ്റെ തുടക്കത്തിലുള്ള ആന്റണി വർഗീസിന്റെ സോളോ ആക്ഷൻ രംഗത്തിന് പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. തൻ്റെ വീട്ടിൽ കയറി അച്ഛനെയും അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും ആക്രമിക്കാനെത്തിയ വില്ലന്മാർക്കെതിരെ ഒറ്റയ്ക്ക് പൊരുതി നിൽക്കുന്ന ആന്റണി വർഗീസിൻ്റെ ആ രംഗത്തിന് വൻ കൈയടിയാണ് തിയേറ്ററിൽ ലഭിച്ചത്. ഏറെ പണിപ്പെട്ടാണ് സംവിധായകൻ ആ സീൻ ഷൂട്ട് ചെയ്തിരിക്കുന്നത്.എന്നാലിപ്പോൾ ആ രംഗം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഈ റീമേക്ക്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ വരെ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ ആന്റണി സെബാസ്റ്റ്യനാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആന്റണി സെബാസ്റ്റ്യൻ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആന്റണി സെബാസ്റ്റ്യൻ തന്നെയാണ് വീഡിയോയിൽ ആന്റണി വർഗീസായി അഭിനയിക്കുന്നത്. ആന്റണി സെബാസ്റ്റ്യൻ, ആന്റണി ജോസഫ് എന്നിവരാണ് ഈ ട്രെൻഡിങ് റീൽസിൻ്റെ ക്യാമറാമാൻമാർ. എഡിറ്റിംഗ് ശ്രീജിത്ത് ശ്രീനിവാസൻ. സിനിമയിൽ റോപ്പിൻ്റെ സഹായത്തോടെ ചെയ്തിരിക്കുന്ന ഫ്ലിപ്പ് ആക്ഷൻ റീൽസിൽ യാതൊരു സഹായവുമായല്ലാതെ ചെയ്തിരിക്കുന്നത് ബിജിത്താണ്. വെറും മണിക്കൂറുകൾ കൊണ്ടാണ് ഇവർ ഈ സീൻ പുനഃസൃഷ്ടിച്ചിരിക്കുന്നത്. മുമ്പും ആന്റണി സെബാസ്റ്റ്യൻ സിനിമയുടെ ഭാഗങ്ങൾ ഇത്തരത്തിൽ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ. സർപ്രൈസ് ഹിറ്റായി മാറിയ ‘ആർഡിഎക്സ്’ ഒടിടിയിൽ സ്ട്രീ ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിലൂടെ ആണ് ചിത്രം ഒടിടിയിൽ എത്തിയത്. തിയറ്ററിൽ വൻ പ്രേക്ഷക – ബോക്സ് ഓഫീസ് പ്രതികരണം നേടിയ ചിത്രം ഒടിടിയിലും തരംഗം തീർതിരുന്നു. ട്വിറ്റർ ഹാൻഡിലുകളിൽ ആർഡിഎക്സിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത് . തിയറ്ററുകളിൽ ആവേശം നിറച്ച രംഗങ്ങളുടെ സ്ക്രീൻ റെക്കോർഡുകൾ പങ്കുവച്ചാണ് ഏവരും പ്രശംസകൾ അറിയിക്കുന്നത്. സാം സി എസിന്റെ മ്യൂസിക്കിനും ആന്റണി വർഗീസ്, പെപ്പെ, നീരജ് എന്നിവരുടെ അഭിനയത്തിനും സ്ക്രീൻ പ്രെസൻസിനും എല്ലാം നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ബാബു ആന്റണിയുടെ പെർഫോമൻസിനെയും ആരാധകർ ഇരുകയ്യും നീട്ടി വീണ്ടും സ്വീകരിച്ചു കഴിഞ്ഞു. ഇതോടെ ലോകേഷ് കനകരാജ് ബാബു ആന്റണിയെ ‘ലിയോ’യിൽ എങ്ങനെ ഉപയോഗിച്ചു എന്നറിയാൻ കാത്തിരിക്കുകയാണ് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. വിജയിയുടെ ലിയോയിൽ വില്ലനായ സഞ്ജയ് ദത്തിന്റെ വലം കൈ ആയാണ് ബാബു ആന്റണി അഭിനയിക്കുന്നത് എന്നാണ് വിവരം. ആർഡിഎക്സ് അതി ഗംഭീരമാക്കി ഒരുക്കിയ സംവിധായകൻ നവാസ് ഹിദായത്തിനും പ്രശംസ ഏറെയാണ്.
