ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത്‌ വിജയ് നായകനായി എത്തിയ ലിയോ  എന്ന ചിത്രം  സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ അറുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുമുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിരയാണ്  അണിനിരന്നത്. തൃഷയായിരുന്നു ചിത്രത്തിൽ നായിക ആയെത്തിയത് . വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയും ഒരുമിക്കുന്നത്. മലയാള താരങ്ങളായ മാത്യു തോമസ്, ബാബു ആന്റണി, മഡോണ സെബാസ്റ്റിയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മാത്യു വിജയിന്റെ മകനായും മഡോണ സഹോദരിയുമായാണ് എത്തിയത്. അതേസമയം മറ്റൊരു മലയാളി കൂടി ലിയോയില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ യുവനടിയാണ് ലിയോയിലെ മറ്റൊരു മലയാളി സാന്നിധ്യം. ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച സത്യയുടെ സുഹൃത്തായി എത്തുന്നത് മലയാളി നടി പുണ്യ എലിസബത്താണ്. നീരജ് മാധവ് നായകനായ ഗൗതമന്റെ രഥം എന്ന ചിത്രത്തിലെ നായികയാണ് പുണ്യ. ആരാധകരുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഗൗതമന്റെ രഥം. ചിത്രത്തിലെ പുണ്യയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ലിയോയില്‍ ഒരു സീനിലാണ് പുണ്യ എലിസബത്ത് എത്തുന്നത്.

ഒരു സീന്‍ ആണെങ്കിലും ലിയോ പോലൊരു സിനിമയാകുമ്പോള്‍ അത് വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തന്റെ രംഗത്തില്‍ നിന്നുമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് പുണ്യ. വലിയ വാദങ്ങളൊന്നുമില്ലെങ്കിലും ഇങ്ങനൊരു അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്നാണ് പുണ്യ ചിത്രത്തോടൊപ്പം കുറിച്ചത്. പിന്നാലെ താരത്തിന് അഭിനന്ദനവും ആശംസകളുമായി നിരവധി പേരെത്തി. എന്നാല്‍ ചിലര്‍ താരത്തെ പരിഹസിക്കാനാണ് ശ്രമിച്ചത്. ഒരു സീനില്‍ മാത്രം അഭിനയിച്ചതിനെയാണ് ഒരാള്‍ പരിഹസിച്ചത്. ഇതിലും ഭേദം ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ പുണ്യ മറുപടിയുമായി എത്തുകയായിരുന്നു. വലിയ വേഷമാണ് ചെയ്തതെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഞാന്‍ നന്ദിയുള്ളവളാണ് എന്നായിരുന്നു പുണ്യയുടെ മറുപടി. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും നേടാനുമുണ്ടെന്ന് എന്നെ തന്നെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് എന്നും പുണ്യ പറയുന്നുണ്ട്.  നിരവധി പേരാണ് പുണ്യയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. താരത്തെ പിന്തുണച്ചും അഭിനന്ദിച്ചുമാണ് ആരാധകരെത്തുന്നത്.

കോട്ടയംകാരിയായ പുണ്യ സിനിമയിലെത്തുന്നത് തൊബാമയിലൂടെയാണ്. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവരായിരുന്നു ഈ  ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയവര്‍. പിന്നാലെ ഗൗതമന്റെ രഥം, മാര തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. മലയാളത്തിലും തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് പുണ്യ എലിസബത്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് പുണ്യ. താരം പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അതേസമയം ബോക്‌സ് ഓഫീസ് ഇളക്കി മറിച്ചുകൊണ്ടുള്ള ലിയോയുടെ യാത്ര തുടരുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ എന്നിവരാണ് ചിത്രത്തിലെ വില്ലന്‍ വേഷങ്ങളിലെത്തിയിരിക്കുന്നത്. കൂടാതെ ഗൗതം വാസുദേവ് മേനോന്‍, മിഷ്‌കിന്‍, സാന്‍ഡി, പ്രിയ ആനന്ദ് എന്നിവരും ലിയോയില്‍ അഭിനയിച്ചിട്ടുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ചിത്രം കൂടിയാണ് ലിയോ. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലിയോയ്ക്ക് ലഭിച്ചത്. എന്നാല്‍ കളക്ഷനില്‍ വന്‍ നേട്ടമാണ് ലിയോ നേടിയത്. കേരളത്തില്‍ മാത്രം ചിത്രം അറുപത് കോടിയോളം നേടിയിട്ടുണ്ട്. ജയിലര്‍ കേരളത്തില്‍ നേടിയ റെക്കോര്‍ഡ് തകര്‍ത്താണ് ലിയോയുടെ വിജയം.