ഷൂട്ടിംഗിനിടെ പരിക്കേറ്റ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ബാദുഷ. സാരമായി പൊള്ളലേറ്റതിനാല്‍ മുറിവുണങ്ങുന്നതിന് കുറച്ചു ദിവസം ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയുമില്ലെന്നും ബാദുഷ പറഞ്ഞു. താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് താരത്തിന് കൈയ്യില്‍ പൊള്ളലേറ്റത്. വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ് അപകടം. ചിത്രീകരണത്തിനിടെ വിഷ്ണുവിന്റെ കൈയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏല്‍ക്കുകയായിരുന്നുവെന്ന് ബാദുഷ പറഞ്ഞു.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തതായും ബാദുഷ വ്യക്തമാക്കി. പരുക്ക് ഭേദമായി വിഷ്ണു എത്തിയാല്‍ ഉടന്‍ പഴയ ഉഷാറോടെ വെടിക്കെട്ട് ആരംഭിക്കുമെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു.

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ബാദുഷാ സിനിമാസിന്റേയും പെന്‍ ആന്‍ഡ് പേപ്പറിന്റേയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെടിക്കെട്ട്.

14 ഇലവണ്‍ സിനിമാസിന്റെ ബാനറില്‍ റോഷിത്ത് ലാല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഇരുനൂറോളം മറ്റു പുതുമുഖ താരങ്ങളും എത്തുന്നുണ്ട്.