കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച ഒരു സുഹൃത്തിനെ വിവരങ്ങൾ അന്വേഷിക്കാൻ വിളിച്ചപ്പോൾ അവൾ അടുക്കളയിലാണ് . ഏട്ടന് പുറത്ത് നിന്ന് ഭക്ഷണം വരുത്തുന്നത് വലിയ താല്പര്യമില്ല കുട്ടികളും ഉള്ളതല്ലെ ഇത്തിരി കഞ്ഞി ഉണ്ടാക്കുകയാണ് എന്ന് പറയുമ്പോൾ അവൾക്ക് ശബ്ദമെ ഉണ്ടായിരുന്നില്ല. സാഹസപ്പെട്ടാണ് സംസാരിക്കുന്നത് . ശരീരം നുറുങ്ങുന്ന വേദനയാണ് നിൽക്കാൻ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞ് അവൾ കരയുകയായിരുന്നു. വീട്ടിൽ എല്ലാവർക്കും കോവിഡാണ് . അവരൊക്കെ എവിടെയെന്ന് ചോദിച്ചപ്പോൾ ഏട്ടനും ഏട്ടന്റെ അമ്മക്കും നല്ല ശരീര വേദനയുണ്ട് ലിവിങ്ങ് റൂമിൽ ടിവി കാണുകയാണ് എന്നായിരുന്നു മറുപടി . അവളുടെ നിസ്സഹായവസ്ഥയിൽ സഹായിക്കാനാവുന്നില്ലല്ലോ എന്നോർത്ത് ഇരിക്കുമ്പോഴാണ് ഗ്രൂപ്പിൽ unconditional love = mother എന്ന കാപ്ഷനുള്ള ഈ ചിത്രം കാണുന്നത് . ചിത്രം ‘ ഹാ അമ്മ എത്ര മനോഹരം’ എന്നും പറഞ്ഞ് ഷെയർ ചെയ്തത് ചിത്രത്തിലെ വയലൻസ് മനസ്സിലാക്കാൻ പോലും ബുദ്ധിവളർച്ചയില്ലാത്ത എംബിഎ ബിരുദമൊക്കെയുള്ള ഒരു കമ്പനി മാനേജറും.

അങ്ങേയറ്റം വികലമായ ചീഞ്ഞ ക്രൂരമായ മനസ്സുള്ളവർക്കെ അമ്മ ഒാക്സിജൻ സിലിണ്ടറും വച്ച് പണിയെടുക്കുന്നത് നോക്കി നിൽക്കാനും അത് ചിത്രമെടുത്ത് unconditional love = mother എന്ന ക്യാപ്ഷൻ കൊടുത്ത് പ്രദർശിപ്പിക്കാനും അത് കണ്ട ഉടൻ ഹാ അമ്മ എത്ര മനോഹരം എന്നും പറഞ്ഞ് ഷെയർ ചെയ്യാനും സാധിക്കുകയുള്ളൂ. ആ അമ്മ ഉണ്ടാക്കിയ ദോശ കഴിച്ചവരെ ശവംതീനികൾ എന്ന് വിളിക്കണം.വെന്റിലേറ്ററിൽ കിടന്നും ദോശ ഉണ്ടാക്കി കൊടുക്കുന്ന അമ്മയും ഭാര്യയും ഒക്കെയുള്ള കിണാശ്ശേരിയാണ് ഈ ക്രൂരന്മാരുടെ സ്വപ്നം. ഒാക്സിജൻ സിലിണ്ടറിൽ ജീവൻ നിലനിർത്തുന്ന അമ്മക്ക് ദോശ ഉണ്ടാക്കി കൊടുക്കുന്ന ചിത്രമെടുത്തും uncoditional love എന്ന ക്യാപ്ഷൻ കൊടുക്കാനുള്ള മാനസികവളർച്ചയൊന്നും ഇത്തരക്കാരിൽ നിന്ന് പ്രതീക്ഷിക്കുകയേ വേണ്ട .തീയുടെ തൊട്ടടുത്താണ് ഒാക്സിജൻ സിലിണ്ടർ എല്ലാം കൂടെ പൊട്ടിത്തെറിച്ച് അമ്മയെങ്ങാനും മരിച്ചാലും ഈ ക്രൂരന്മാർ പോസ്റ്റിടും ത്യാഗം = അമ്മ.