ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ മറക്കാനിടയില്ല.അതിൽ നായകന്റെ, ജോലിയും കൂലിയും ഇല്ലാത്ത നിരാശ കാമുകനായ ചേട്ടന്റെ കഥാപാത്രം ചെയ്ത പുതുമുഖം മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്. പിന്നീടാണ് അയാൾ ഈ ചിത്രത്തിന്റെ തിരക്കഥാകൃത് കൂടിയാണ് എന്നുള്ള കാര്യം പ്രേക്ഷകർ അറിയുന്നത്. ഡിനോയ് പൗലോസ് എന്ന തിരക്കഥാകൃതിനെയും നടനെയും മലയാള സിനിമാപ്രേക്ഷകർ അതിലൂടെ നെഞ്ചിലേറ്റി. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പത്രോസിന്റെ പടപ്പുകൾ എന്ന പുതിയ ചിത്രത്തിലൂടെ നായകനായും രചയിതാവായും ഡിനോയ് പൗലോസ് നമ്മുക്ക് മുന്നിലെത്തുകയാണ്.
ഈ ചിത്രം കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നും ഡിനോയ് എന്ന രചയിതാവിനും നടനുമുള്ള ജനപ്രീതിയും ഇയാളിൽ ഉള്ള പ്രതീക്ഷകളും നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. പത്രോസിന്റെ പടപ്പുകൾ ചിത്രീകരിച്ചിരിക്കുന്ന കൊച്ചിയിലെ വൈപ്പിൻ പശ്ചാത്തലം തന്നെയാണ് യഥാർത്ഥത്തിൽ ഡിനോയിയുടെ സ്വന്തം നാടും. തണ്ണീർ മത്തൻ ദിനങ്ങളിൽ മാത്യു തോമസ് അവതരിപ്പിച്ച ‘ജെയ്സൻ’ എന്ന കേന്ദ്രകഥാപാത്രത്തിന്റെ മൂത്ത സഹോദരനായ ‘ജോയ്‌സൻ’ എന്ന കഥാപാത്രമായാണ് ഡിനോയ് അഭിനയിച്ചത്. ആ കഥാപാത്രത്തിന്റെ ഡയലോഗുകൾ വരെ ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു എന്നത് അവരുടെ കമന്റുകൾ കാണിച്ചു തരുന്നു. ഡിനോയ് പൗലോസിന് പുറമെ ഷറഫുദ്ധീൻ, സുരേഷ് കൃഷ്ണ, നന്ദു, ഗ്രെയ്‌സ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അഭിനയിച്ചിരിക്കുന്നു.
