ഓണക്കാലത്ത് വിമാനനിരക്ക് കുത്തനെ ഉയരുമ്പോഴും പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യു.എ.ഇയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ആകാശത്ത് വെച്ച് തന്നെ ഓണസദ്യ വിളമ്പുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ മാസം 20 മുതല്‍ 31 വരെ ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രക്കാര്‍ക്ക് ഇലയില്‍ ഓണ സദ്യ തന്നെ വിളമ്പുമെന്നാണ് പ്രഖ്യാപനം. പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയ്‌ക്കൊപ്പം നോണ്‍ വെജ് വിഭവങ്ങളും കമ്പനി ഒരുക്കുന്നുണ്ട്. എരിശ്ശേരി , പയര്‍ തോരന്‍,ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, കാളന്‍, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാര്‍, മട്ട അരിച്ചോറ്, സാലഡ്, കൊണ്ടാട്ടം മുളക് എന്നിങ്ങനെ നീളുന്നതാണ് സ്‌പെഷ്യല്‍ ഓണം മെനു. നോണ്‍ വെജ് പ്രിയര്‍ക്ക് ആലപ്പുഴ ചിക്കന്‍ കറിയും മട്ടന്‍ പെപ്പര്‍ ഫ്രൈയും അടക്കം വിളമ്പും. സദ്യ കഴിഞ്ഞ് മധുരത്തിന് പാലട പ്രഥമനും പരിപ്പു പായസവും കഴിക്കാം. വിമാനങ്ങളിലെ ഭക്ഷണത്തിന്റെ ഗുണമേന്മയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് പുതിയ മത്സരത്തിന് വാതില്‍ തുറക്കുന്ന പ്രഖ്യാപനം. കോഴിക്കോട്ടേക്ക് സര്‍വ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതല്‍ സര്‍വ്വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസികളുടെ ഓണം കളറാക്കാനുള്ള പുതിയ നീക്കം.അതെ സമയം യാത്രക്കാരെ വളച്ചുകൊണ്ട് തന്നെ എയർ ഇന്ത്യ സ്പ്രെസ്സിന്റെ പ്രവർത്തനം. ഇന്നലെ രാത്രി റിയാദിൽ നിന്നും 90 യാത്രക്കാരുമായി പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.
റിയാദിൽനിന്ന് കരിപ്പൂരിലേക്ക് രാത്രി 11.55ന് പുറപ്പെടാനൊരുങ്ങിയ വിമാനമാണ് റദ്ദാക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ റിയാദിലെ ഹോട്ടലിൽ താമസിപ്പിച്ചു. യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയിരുത്തി രണ്ട് മണിക്കൂറിന് ശേഷമാണ് യാന്ത്രതകരാർ പറഞ്ഞു ഇറക്കിയത്.വിമാനത്തിൽ കയറ്റിയിരുത്തി 15 മിനുട്ടിന് ശേഷമാണ് വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയെന്നും പുറപ്പെടാൻ വെെകുമെന്നുള്ള അറിയിപ്പ് എത്തിയത്. കുറച്ചു സമയത്തിനുള്ളിൽ വിമാനം പുറപ്പെടും എന്ന് വിവരം ആണ് ആദ്യം ലഭിച്ചത്. എന്നാൽ ഒന്നര മണിക്കൂറിന് ശേഷം സർവീസ് റദ്ദാക്കുകയാണെന്ന് അറിയിപ്പ് ലഭിച്ചു. തുടർന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നവരെയും ശേഷം റീഎൻട്രി വിസക്കാരെയും ഇറക്കി.പുലർച്ചെ നാലോടെ റീഎൻട്രി വിസക്കാരെ മിനി ബസുകളിൽ കയറ്റി അടുത്തുള്ള ഹോട്ടലിൽ എത്തിച്ചു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ വിമാനത്തിൽ യാത്രക്കായി ഉണ്ടായിരുന്നു. ഇന്ന് രാത്രി 11.55 നുള്ള വിമാനത്തിൽ യാത്ര സൗകര്യം ഒരുക്കും. നാട്ടിലേക്ക് പല ആവശ്യത്തിനായി പോകുന്നവർ ആയിരുന്നു വിമാനത്താവളത്തിൽ ഉണ്ടായിരുന്നവർ.
