ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് നിരഞ്ജൻ നായർ ശ്രീനാഥ്. രാത്രിമഴ, മൂന്ന് മണി, ചെമ്പട്ട്, കാണാക്കുയിൽ തുടങ്ങിയ സീരിയലുകളിലൂടെയാണ് നിരഞ്ജൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. സീരിയൽ രംഗത്ത് പ്രതിസന്ധി നേരിട്ട കാലഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നിരഞ്ജനിപ്പോൾ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. നല്ല രീതിയിൽ പോയ പ്രൊജക്ടിൽ പിന്നീട് തന്റെ കഥാപാത്രം ഗസ്റ്റ് റോൾ പോലെയായി. ഭാര്യ ഗർഭിണിയായ സമയത്താണ് പ്രൊജക്ട് നിന്നത്. വലിയ രീതിയിൽ നിന്നിട്ട് ഒന്നുമല്ലാതായിപ്പോയ അവസ്ഥ ഭയങ്കരമായിരുന്നു. എനിക്ക് വളരെ വിഷമമായി. പെർമിഷനെടുത്താണ് വേറെ സീരിയൽ ചെയ്തത്. അതിജീവനമാണല്ലോ ഏറ്റവും വലിയ കാര്യം. കാര്യം നിരഞ്ജന്റെ പ്രതിഫലമെന്ന് പറഞ്ഞ് യൂട്യൂബ് ചാനലുകളിൽ കാണിക്കുന്നത് പതിനായിരമാണെങ്കിലും നമ്മുടെ പേയ്മെന്റ് എത്രയെന്ന് നമുക്കറിയാമല്ലോ. അതിൽ നിന്ന് വീട്ടിലേക്ക് ആവശ്യമുണ്ടാകും. കോസ്റ്റ്യൂമുകളും വേണം. ഞാൻ സ്ട്രഗിൾ ചെയ്തപ്പോഴാണ് രണ്ടാമത്തെ പ്രൊജക്ട് ചെയ്തത്. എവിടെയോ കിട്ടിയ പണിയിൽ ഞാൻ പതുക്കെ മാറേണ്ടി വന്നു. രണ്ടാമത് ചെയ്ത പ്രൊജക്ടിൽ എന്റെ കഥാപാത്രം തീർന്നു എന്നറിയുന്നത് സാധാരണ പ്രേക്ഷകരെ പോലെ എപ്പിസോഡും പ്രൊമോസും കണ്ടപ്പോഴാണ്. ഞാനൊന്നും പറഞ്ഞില്ല. ഓൾ ദ ബെസ്റ്റ് എന്ന് പറഞ്ഞ് പ്രൊഡ്യൂസർക്ക് മെസേജ് അയച്ചു. പുള്ളി ഓക്കെയെന്ന് മറുപടിയും നൽകിയെന്നും നിരഞ്ജൻ ശ്രീനാഥ് വ്യക്തമാക്കി. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും നിരഞ്ജൻ സംസാരിച്ചു. രാക്കുയിൽ എന്ന സീരിയൽ ചെയ്യുന്ന സമയത്ത് ഈ തടിയനെ മാറ്റിയിട്ട് വേറൊരാളെ വെക്ക് എന്ന് കമന്റുകൾ വന്നു. ഇപ്പോഴും ഇത്തരം കമന്റുകൾ വരുന്നുണ്ട്. തടിയെന്നത് ഏത് സിറ്റുവേഷനിൽ വരുന്നതാണെന്ന് ഇവർക്ക് അറിയില്ല. നിങ്ങൾക്ക് വണ്ണമുണ്ട്, ചാനൽ അപ്രൂവ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് എനിക്ക് വന്ന പ്രൊജക്ടുകൾ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. തടിയനെ എങ്ങനെയാണ് പ്രേമിക്കാൻ പറ്റുന്നതെന്നൊക്കെ കമന്റുകൾ വന്നു. മാറ്റി നിർത്തുന്നവരുടെ ഇടയിലേക്ക് ഇടിച്ച് കയറണമെന്ന് ഭാര്യ പറയും. നാല് ചുവരുകൾക്കുള്ളിൽ നിന്ന് എയ്ത് വിടുന്ന അസ്ത്രങ്ങൾക്ക് ഭയങ്കരമായ നെഗറ്റീവ് ഉണ്ടാക്കാൻ പറ്റും. പറയുന്നവർക്ക് മുഖം പോലുമില്ല. എന്റെ ഭാര്യയെയും ഇതിലേക്ക് വലിച്ചിഴച്ചു. ഒരിക്കൽ ഇംഗ്ലീഷിലും മലയാളത്തിലും ഞാൻ അഭിമുഖം നൽകി. കൊവിഡ് സമയത്ത് കലാകാരൻമാർ നേരിടുന്ന പ്രശ്നമായിരുന്നു ഒരു ചോദ്യം.
രണ്ടാമത്തെ ചോദ്യം ഭാര്യയുടെ ഗർഭകാലത്തെക്കുറിച്ചായിരുന്നു. ആദ്യത്തെ ചോദ്യത്തിന് മറുപടിയായി കലാകാരൻമാരുടെ പ്രശ്നങ്ങൾ പറഞ്ഞു. രണ്ടാമത്തെ ചോദ്യത്തിന് ഗർഭകാലത്തെക്കുറിച്ചും പറഞ്ഞു. ഈ അഭിമുഖം രണ്ടും കൂടി ഒന്നിച്ചാണ് ബാക്കിയുള്ള ചാനലുകളിൽ വന്നത്. ‘കടക്കെണിയിൽ നട്ടം തിരിഞ്ഞ് നിരഞ്ജൻ, പൂർണഗർഭിണിയായി ഭാര്യ’ എന്നൊക്കെയാണ് ക്യാപ്ഷൻ വന്നത്. വളരെ വിഷമകരമായി സാഹചര്യം ആയിരുന്നു. അച്ഛൻ അറിഞ്ഞു. പ്രശ്നങ്ങൾ എന്തിനാണ് നാട്ടുകാരെ അറിയിക്കുന്നതെന്ന് അച്ഛൻ ചോദിച്ചു. താനങ്ങനെയല്ല പറഞ്ഞതെന്ന് വീട്ടുകാരെ പറഞ്ഞ് മനസിലാക്കേണ്ടി വന്നെന്നും നിരഞ്ജൻ വ്യക്തമാക്കി. പ്രസവം കഴിഞ്ഞ ശേഷം തന്റെ ഭാര്യക്കും ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നു. ആദ്യം അത് ബാധിച്ചെങ്കിലും പിന്നീട് ഭാര്യ ഇത്തരം കമന്റുകൾ അവഗണിച്ചെന്നും നിരഞ്ജൻ വ്യക്തമാക്കി. മുറ്റത്തെ മുല്ല എന്ന സീരിയലിലൂടെയാണ് ഇപ്പോൾ നിരഞ്ജൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സംപ്രേഷണം തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂയെങ്കിലും മികച്ച പ്രേക്ഷക പ്രതികരണമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.
