എങ്ങനെയാണ് ഭരണകൂട യുക്തികള്‍ പൗരസഞ്ചയത്തിന്‍മേല്‍ അധികാരപ്രയോഗവും മര്‍ദ്ദനവും നടത്തുന്നതെന്ന ദൃശ്യാന്വേഷണമാണ് ‘നായാട്ട്’ എന്ന മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സിനിമയുടെ പ്രമേയം. അതില്‍ ചില ദലിതനുഭവങ്ങള്‍, തീര്‍ച്ചയായും അനതിവിദൂരമല്ലാതെ കേരളത്തില്‍ സംഭവിച്ച ചില യഥാതദാനുഭവങ്ങളുടെ ലാഞ്ചനയുള്ള വാര്‍ത്തകളുടെ പശ്ചാത്തലമതിനൊക്കെയുണ്ടുതാനും. സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികളുടെ കൂട്ടായ്മകളിലാണ് അത്തരം ചർച്ചകൾ കൊടുംപിരി കൊള്ളുന്നത്. അത്തരത്തിലെ ഒരു ചർച്ചയും ഫേസ്ബുക്ക് കുറിപ്പുമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

തിരഞ്ഞെടുപ്പിന്റെ കാലികരാഷ്ട്രീയ പശ്ചാത്തലത്തമാണ് സിനിമയുടെ കാലം. ഇക്കാലം ദലിതുകളും സമ്മര്‍ദ്ദഗ്രൂപ്പാവുകയാണ് സിനിമയില്‍.  ‘നായാട്ടി’ന് പ്രചോദനമായത് നെയ്യാറ്റിൻകരയിൽ നടന്ന സംഭവമോ? എന്ന് തുടങ്ങുന്ന കുറിപ്പ് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. അതേ സംഭവത്തിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി സിനിമാസ്വാദകരും കമൻ്റ് ബോക്സുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനു ഹരികുമാറിൻ്റെ കുടുംബം നൽകുന്ന മറുപടിയും ശ്രദ്ധ നേടുകയാണ് ഇപ്പോൾ ശരത്ത് ശങ്കരക്കുറുപ്പ് എന്ന വ്യക്തി സിനിമാ പ്രേമികളുടെ കൂട്ടായിമയായ മൂവി സ്ട്രീറ്റിലൂടെയാണ് ഈ സംശയമുന്നയിച്ചിരിക്കുന്നത്. വ്യക്തമായ കാര്യകാരണസഹിതമാണ് ശരത്തിൻ്റെ കുറിപ്പ്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. ‘നായാട്ടിന് പ്രചോദനമായത് നെയ്യാറ്റിൻകരയിൽ നടന്ന സംഭവമാണോ? ഈ സിനിമയോട് വളരെ സാദൃശ്യമുള്ള ഒരു സംഭവം ഏകദേശം രണ്ട് വർഷം മുൻപ് തിരുവനന്തപുരത്തു നടന്നിരുന്നു.’

തിരുവനന്തപുരത്തു നെയ്യാറ്റിൻകരയിൽ 2018 നവംബർ 5 ന് സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ നെയ്യാറ്റിൻകര DySP ആയിരുന്ന ബി.ഹരികുമാറും, നാട്ടുകാരനും ഇലക്ട്രീഷ്യനുമായിരുന്ന സനൽ കുമാറും തമ്മിൽ DySP യുടെ കാറിന്റെ മുൻപിൽ സനലിന്റെ കാർ പാർക്ക് ചെയ്തിരുന്നതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടായി.’ DySP യൂണിഫോമില്‍ ആയിരുന്നില്ല അതുകൊണ്ടുതന്നെ സനല്‍ ഡിവൈഎസ്പിയാണെന്ന് തിരിച്ചറിഞ്ഞതുമില്ല. തുടർന്നുണ്ടായ ഉന്തും തള്ളിൽ DySP റോഡിലേക്ക് തളളിയ സനലിനെ റോഡിലൂടെ വന്ന കാർ ഇടിക്കുകയും തുടർന്ന് സനൽ മരണപ്പെടുകയും ഉണ്ടായി. സംഭവ ശേഷം ഹരികുമാർ ഒളിവിൽ പോയി.’ തുടർന്ന് DySP യുടെ പേരിൽ IPC 302 പ്രകാരം കൊലപാതകത്തിന് കേസ് എടുക്കുകയും, സനലിന്റെ സമുദായ സംഘടനയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയും DySP യെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു. ചാനലുകളും വിഷയം ഏറ്റെടുത്തതോടെ  നവംബർ 7 ന് കേസ് ലോക്കൽ പൊലീസിൽ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. നവംബർ 11 ന് ഹരികുമാറിനെ രക്ഷപെടാൻ സഹായിച്ച രണ്ടു പേരെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഹരികുമാറിനായി കേരളം മുഴുവൻ പോലീസ് തെരച്ചിൽ ആരംഭിച്ചു. തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട DySP  ഹരികുമാറിനെ നവംബർ 13 ന് തിരുവനന്തപുരം കല്ലമ്പലത്തുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.’