ഒരുപാട് വൈവിധ്യങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടനാണ് നരേന്ദ്രപ്രസാദ്. നരേന്ദ്രപ്രസാദ് വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴിതാ ഒരു ആരാധകന്‍ നരേന്ദ്രപ്രസാദിനെ കുറിച്ച് പങ്ക് വച്ച വാക്കുകളാണ് വൈറലാകുന്നത്.

ആരാധകന്റെ കുറിപ്പ്

വെൽഡൺ മൈ ബോയ് ! ബൈ ദി ബൈ വെൽക്കം മിസ്റ്റർ ഡിക്രൂസ് ! കില് ഹിം…
തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളും ആയി വില്ലന്മാർ അരങ്ങു വാണു കൊണ്ടിരുന്ന ഒരു കാലത്താണ് ഓക്സ്ഫോർഡ് ശൈലിയിൽ ഇംഗ്ലീഷ് ഉച്ചാരണങ്ങളുമായി ഒരു താടിക്കാരൻ മലയാള സിനിമയിലേക്ക് വില്ലനിസത്തിന്റെ പുതിയ മുഖവുമായി കടന്നു വരുന്നത്…….
പാലക്കാട് വിക്ടോറിയ കോളേജിലും തിരുവനന്തപുരം ഗവണ്മെന്റ് കോളേജിലും ഷേക്സ്പിയറിന്റെയും ഷെല്ലിയുടേം നാടകങ്ങളെ അതിലെ കഥാപാത്രങ്ങളുടെ ജീവൻ നഷ്ടമാകാതെ ക്ലാസ് റൂമിലെ നാല് ചുവരിനുള്ളിലെ കാഴ്ചക്കാർക്കായി പകർന്നാടിയ ആ കോളേജ് പ്രൊഫെസർക്കു സിനിമയിലെ ആദ്യകാല കഥാപാത്രങ്ങൾ ഒരു വെല്ലു വിളിയെ ആയിരുന്നില്ല…..
അഭിനയ കലയിൽ കണ്ണുകളുടെ വിലയും സ്ഥാനവും വ്യ്കതമാക്കി തന്ന കലാകാരൻ…
അയാളുടെ കഥാപാത്രത്തെ മനസിലാക്കാൻ (യാദവത്തിലെ സേനനെയും , ഏകലവ്യനിലെ അമൂർത്താനന്ദയെയും , മേലേപ്പറമ്പിലെ കാർന്നോരെയും , പൈതൃകത്തിലെ തിരുമേനിയെയും , ചേട്ടൻ ബാവയെയും , തലസ്ഥാനത്തിലെ പരമേശ്വരനെയും) സിനിമ യോ സ്ക്രിപ്റ്റോ കാണേണ്ട ആവശ്യമില്ല അയാളുടെ ഷൂട്ടിംഗ് ലൊകേഷനിലെ സ്റ്റീൽസ് കണ്ടാൽ മതി എന്നു പറഞ്ഞത് മറ്റാരുമല്ല മലയാളത്തിന്റെ ഒരേയൊരു ജഗതി ആണ്…..
സ്വയം നശിക്കുവാൻ ഉള്ള ശാപവും പേറി ആണ് ഒരോ കലാകാരനും ഭൂമിയിൽ പിറക്കുന്നത് എന്ന വാചകം സത്യം ആണെന്നു തോന്നിയിരുന്നു.. തന്റെ സമ്പാദ്യം എല്ലാം ചിലവഴിച്ചു “നാട്യഗൃഹം ” എന്ന നാടക സമിതി രൂപീകരിക്കുകയും 13 ഓളം നാടകങ്ങൾക്‌ ജന്മം നൽകുകയും അവസാനം കടം മാത്രം ബാക്കി ആകുകയും ചെയ്‌ത അയാളെ കുറിച്ച് അറിഞ്ഞപ്പോൾ….
പക്ഷെ കലക്കായി ജീവിതം ഉഴിഞ്ഞു വച്ച ആ കലാകാരനെ കൈ വിടാൻ കലയുടെ ദേവതക്കു ആകുമായിരുന്നില്ല..
കലാദേവതയുടെ അനുഗ്രഹത്തോടെ അസ്ഥികൾ പൂക്കുന്നു എന്ന സിനിമയിലൂടെ വലിയ സ്‌ക്രീനിൽ മുഖം കാണിച്ച അയാൾ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നത് ചരിത്രം……
അഭ്രപാളിയേക്കാൾ അരങ്ങിനെയും അക്ഷരങ്ങളെയും സ്നേഹിച്ച മലയാള സിനിമയിലെ അപ്പൻ തമ്പുരാൻ വിട പറഞ്ഞിട്ട് 18 വർഷങ്ങൾ…..
ഒരായിരം കണ്ണീർ പൂക്കൾ…..