മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. 1984 ൽ ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നദിയ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും മനസു തുറക്കുകയാണ് നദിയ. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എന്റെ ഭർത്താവ് ശിരീഷ് എന്റെ വീടിനടുത്തായിരുന്നു താമസം. സ്കൂൾ പഠനം കഴിഞ്ഞു കോളേജിൽ പഠിക്കുന്ന സമയത്താണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. ആദ്യമൊക്കെ നല്ല സൗഹൃദം മാത്രമായിരുന്നു. എന്നാൽ അധികം വൈകാതെ അത് പ്രണയമായി മാറി. അതിനിടെ എനിക്ക് സിനിമയിൽ അവസരം കിട്ടി, ഞാൻ സിനിമകളുടെ തിരക്കിലായി. പഠനത്തിനായി വിദേശത്തേക്കും പോയി. ആ സമയത്ത് ടെലിഫോൺ ഇല്ലായിരുന്നു. കത്തുകളിലൂടെ ഞങ്ങൾ സ്നേഹം കൈമാറി’, ‘ഇതിനിടെ എപ്പോഴോ ഒരു പ്രണയലേഖനം അമ്മയുടെ കണ്ണിൽ പെട്ടു. പിന്നീടാണ് അച്ഛനും വിവരം അറിഞ്ഞത്. ആദ്യമൊക്കെ അത് അവർക്ക് വലിയ അത്ഭുതമായിരുന്നു. കാരണം അദ്ദേഹം മറ്റൊരു മതക്കാരനാണ്. ഞങ്ങൾ എങ്ങനെ ഒത്തുപോകും എന്ന ആശങ്കയിലായിരുന്നു മാതാപിതാക്കൾ. എന്റെ മാതാപിതാക്കളുടെയും പ്രണയ വിവാഹമാണ്. അങ്ങനെ ഞങ്ങളുടെ പ്രണയത്തിനും അവർ ഗ്രീൻ സിഗ്നൽ നൽകി. എന്നാൽ അവർ ഒരു നിബന്ധന വെച്ചു’. അന്ന് അദ്ദേഹം പഠിക്കുകയായിരുന്നു. അദ്ദേഹത്തിന് ഒരു നല്ല ജോലി ഉണ്ടാകണമെന്ന് അവർ ആഗ്രഹിച്ചു. അവർ ആഗ്രഹിച്ചത് പോലെ അദ്ദേഹം പഠിച്ച് നല്ല ജോലി വാങ്ങി. അദ്ദേഹത്തിന് ജോലി ലഭിച്ച ഉടനെ ഞങ്ങൾ വിവാഹിതരായി. കല്യാണം കഴിക്കും മുമ്പ് അദ്ദേഹം ചോദിച്ച ഒരേയൊരു ചോദ്യം, നിങ്ങൾ സിനിമാ ജീവിതം തിരഞ്ഞെടുത്തില്ലേ, ഇനി ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയുമോ എന്നാണ്. ഞാൻ അന്ന് എല്ലാവർക്കും അറിയുന്ന ജനപ്രിയ നടിയായിരുന്നു. പണവും പ്രശസ്തിയും പേരുമെല്ലാം ഉണ്ടെങ്കിലും അദ്ദേഹത്തെ വിവാഹം കഴിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിനാൽ, അദ്ദേഹം അത് ചോദിച്ചപ്പോൾ തന്നെ എനിക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു. അത് എന്നെ ശരിക്കും സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. കാരണം, അൽപ്പം താമസിച്ചിരുന്നെങ്കിൽ ഒരുപാട് കാര്യങ്ങൾ വന്നേനെ. ഞാൻ സെറ്റിൽഡ് ആയിരുന്നു. അത് ഒരു മാറ്റത്തിന് നല്ല സമയമാണെന്ന് ഞാൻ കരുതി. പക്ഷേ എന്റെ യവ്വനകാലം അതുകാരണം നഷ്ടമായി എന്നും നദിയ പറയുന്നു. ‘പ്രണയത്തിലായിരിക്കെ പലർക്കും പല രീതിയിലുള്ള അനുഭവങ്ങളാകും ഉണ്ടാവുക. സ്നേഹത്തിലായിരിക്കെ പരസ്പരം ബഹുമാനിക്കാൻ പഠിക്കണം.
ചില കാര്യങ്ങളിൽ വിട്ടുവീഴ്ച നടത്തേണ്ടി വരും. പക്ഷേ അതിനും ഒരു പരിധിയുണ്ട്. ആ പരിധി ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും. അതേസമയം നിങ്ങൾ പരസ്പരം ബഹുമാനിക്കുമ്പോൾ, ബന്ധം സ്വാഭാവികമായും നന്നായി വരും’, ‘ഞങ്ങളുടെ ബന്ധത്തിൽ അദ്ദേഹം എനിക്ക് നല്ല ബഹുമാനം തന്നു. എനിക്ക് നല്ലൊരു സ്ഥാനം തന്നു. പ്രണയത്തിൽ വഴക്കിടുന്നത് സ്വാഭാവികമാണ്. അങ്ങനെയൊരു വഴക്ക് ഉണ്ടാകുമ്പോൾ നമ്മൾ തന്നെ ഇരുന്ന് സംസാരിക്കണം. കാരണം നമ്മൾ ചിന്തിക്കുന്നത് എന്താണെന്ന് മറ്റൊരാൾക്ക് അറിയാൻ കഴിഞ്ഞെന്ന് വരില്ല. നമ്മുടെ ഉള്ളിലുള്ളത് അവരോട് തുറന്നു പറയണം എന്നും നദിയ മൊയ്തു പറഞ്ഞു. അതേസമയം തന്നെ നദിയ മൊയ്തു ആദ്യമായി അഭിനയിച്ച ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു ഗേളി. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലൂടെ മലയാളികളുടെ സ്വന്തം ഗേളിയായി മാറുകയായിരുന്നു നദിയ മൊയ്തു. പിന്നീട് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായി വളരാൻ നദിയക്ക് അധികം സമയം വേണ്ടി വന്നില്ല. ഒരു കാലത്ത് തമിഴിലെ ഏറ്റവും താരമൂല്യമുള്ള നായികയായിരുന്നു നദിയ. തമിഴിന് പുറമെ തെലുങ്കിലും നടി സജീവമായിരുന്നു. കരിയറിൽ പലപ്പോഴായി ഇടവേളകൾ എടുത്തിട്ടുള്ള താരം ഒരിടവേളയ്ക്ക് ശേഷം ഭീഷ്മ പര്‍വ്വം എന്ന മലയാള ചിത്രത്തിലൂടെ കഴിഞ്ഞ വർഷമാണ് വീണ്ടും സിനിമയിൽ സജീവമായത്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ വീണ്ടും കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് നദിയ മൊയ്തു. വിവാഹശേഷമാണ് നദിയ ആദ്യമായി ഇടവേളയിലേക്ക് പോകുന്നത്. പ്രണയ വിവാഹമായിരുന്നു താരത്തിന്റേത്. കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ പോകുമ്പോഴാണ് നദിയ വിവാഹം എന്ന തീരുമാനം എടുക്കുന്നത്.
