മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും. വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ഇരുവരും ജീവിതത്തിൽ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും നിശ്ചയ ദിവസത്തെ ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിവാഹം ഔദ്യോഗികമായി നിശ്ചയിച്ചതോടെ ഇരുവരും ചേർന്ന് ‘മൃദ്വ’ എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇരുവരുടെയും കുഞ്ഞു വിശേഷങ്ങൾ പോലും പങ്കുവയ്ക്കുന്ന ഇടത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്.

ഇന്ന് മൃദുലയും യുവയും വിവാഹിതരായിരിക്കുകയാണ്, ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

രണ്ട് പേരും സിമ്പിള്‍ മേക്കപ്പിലാണ് എത്തിയത്. മൃദുല കുറച്ച് ആഭരണങ്ങള്‍ അണിഞ്ഞ് കേരള സാരിയിലാണ് എത്തിയത്. സ്വര്‍ണനൂലുകള്‍ കൊണ്ട് മൃദ്വ എന്ന തങ്ങളുടെ പേരും ഒപ്പം വരണമാല്യം ചാര്‍ത്തുന്നതും ബ്ലൗസില്‍ ചേര്‍ത്തിട്ടുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസാണ് മൃദുലയെ വിവാഹത്തിന് ഒരുക്കിയത്.

നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. സഹോദരി പാർവ്വതി. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ.