മലയാളത്തിന്റെ എക്കാലത്തെയും പ്രിയജോഡി മോഹന്‍ലാൽ സുചിത്രയുടെ  33-ാം വിവാഹവാർഷികമാണ് ഇന്ന്. പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ നേരുകയാണ് നടൻ പൃഥ്വിരാജ്. മോഹൻലാലിനും സുചിത്രയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകൾ നേർന്നിരിക്കുന്നത്.

1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഹൻലാലിന്റെ വിവാഹം. സിനിമാകുടുംബത്തിൽ നിന്നു തന്നെയാണ് സുചിത്രയുടെയും വരവ്. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. Mohanlal and Suchithraനടന്മാരായ പ്രേംനസീര്‍, തിക്കുറിശ്ശി, കെ.പി. ഉമ്മര്‍, സുകുമാരന്‍, ഫാസില്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വേണുനാഗവള്ളി, രാഷ്ട്രീയനേതാവായ കെ. കരുണാകരൻ തുടങ്ങിയ നിരവധി പ്രമുഖര്‍ മോഹൻലാലിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ആ വിവാഹ വീഡിയോ ഇന്നും യൂട്യൂബിൽ വൈറലാണ്.

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപെ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നു എന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു. “സുചിയ്‌ക്ക് മോഹൻലാൽ എന്നാൽ ഭ്രാന്തായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ആരാധനയായിരുന്നു. ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും ആരു അറിഞ്ഞിരുന്നില്ല. സുചി ഇതൊക്കെ ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു,” മോഹൻലാൽ- സുചിത്ര വിവാഹത്തെ കുറിച്ച് നിർമാതാവ് കൂടിയായ സുരേഷ് ബാലാജി ഗൃഹലക്ഷ്മിയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.