മിന്നൽ മുരളി ചൈനയിലെ ഒരു സ്കൂളിൽ പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത വന്നിരിക്കുകയാണ്. ബേസിൽ ജോസഫ് തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ എന്റെ ഈ ദിവസം മനോഹരമാക്കി എന്നാണ് പോസ്റ്റിൽ ബേസിൽ കുറിച്ചത്.
സിനിമ കണ്ട് കുട്ടികൾ ആർത്തു ചിരിക്കുന്നതും വീഡിയോയിൽ കാണാം. ചിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പ്രദർശിപ്പിച്ചത്. കഴിഞ്ഞ ഡിസംബർ 24 ന് ഉച്ചയ്ക്ക് 1:30 തിനാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ മിന്നൽ മുരളി സ്ട്രീം ചെയ്തത്.
നെറ്റ്ഫ്ളിക്സ് ടോപ്പ് ടെൻ ലിസ്റ്റിൽ സ്ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നൽ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയർന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉൾപ്പെടെയുള്ളവർ മിന്നൽ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ഇടിമിന്നൽ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സൺ കുറുക്കൻമൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നൽ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം. റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചർച്ചകളായിരുന്നു സോഷ്യൽ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചർച്ചയായത്.
ടൊവിനോക്കൊപ്പം അജു വർഗീസ്, മാമുക്കോയ ഹരിശ്രീ, അശോകൻ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോർജാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തിയത്.