ബാലതാരങ്ങളായി സിനിമയിലെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭിനേതാക്കള്‍ നിരവധിയാണ്. ബാലതാരമായി തുടക്കം കുറിച്ച പലരും പിന്നീട് മുന്‍നിര അഭിനേതാക്കളായി മാറുകയും ചെയ്തിട്ടുണ്ട്.  ഒരു കാലത്ത് മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട നടിയായിരുന്നു ബേബി ശാലിനി. വര്‍ഷങ്ങള്‍ക്ക് ശേഷം അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ നായിക നിരയിലേക്ക് നടി എത്തുകയും ചെയ്തു. ഇന്ന് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായി തിളങ്ങി നില്‍ക്കുന്ന മീന സിനിമയില്‍ അരങ്ങേറിയത് ബാലതാരമായിട്ടായിരുന്നു. അങ്ങനെ നിരവധി പേര്‍. ചില ബാലതാരങ്ങളെ അവര്‍ മുതിര്‍ന്നതിന് ശേഷം സിനിമകളിലൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല.


അക്കൂട്ടത്തില്‍ ഒരാളാണ് കുടുംബപ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നായ വാത്സല്യത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച പെണ്‍കുട്ടി. മേലേടത്ത് രാഘവന്‍ നായര്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റേയും ഗീത അവതരിപ്പിച്ച മാലതിയുടേയും മകളായി മികച്ച പ്രകടനമായിരുന്നു ആ പെണ്‍കുട്ടി സിനിമയില്‍ കാഴ്ചവെച്ചത്.പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു ബേബി അമ്പിളി കഥാപാത്രമുണ്ട്. ദിലീപ് നായകനായി എത്തിയ മീനത്തില്‍ താലിക്കെട്ട് സിനിമയിലെ അനുജത്തി കഥാപാത്രമാണ് അത്. ദിലീപ് അവതരിപ്പിച്ച ഓമനക്കുട്ടന്‍ വീപ്പക്കുറ്റി എന്ന വിളിക്കുന്ന ആ അനുജത്തി എക്കാലവും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ ഉണ്ടാകും. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമ്പിളി മീനത്തില്‍ താലിക്കെട്ടില്‍ അഭിനയിക്കുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ നായികയാകാന്‍ അമ്പിളിയെ ആണ് നിശ്ചയിച്ചിരുന്നത്.


ജിമ്മില്‍ പോയി തന്റെ തടി കുറയ്ക്കുകയും ചെയ്തിരുന്നു അമ്പിളി. എന്നാല്‍ ആ സമയത്താണ് അമ്പിളിയുടെ അച്ഛന്‍ മരണപ്പെടുന്നത്. അതുകൊണ്ട് ആ സിനിമ നടിക്ക് നഷ്ടമായി. പിന്നീട് അമ്പിളി മറ്റൊരു സിനിമയിലും അഭിനയിച്ചതുമില്ല. മേലേടത്ത രാഘവന്‍ നായരുടെ അനുജന്‍ വിജയകുമാര്‍ നാട്ടിലേക്ക് വരുമ്പോള്‍ തന്നെ എടുക്കാതെ അനിയനെ മാത്രം എടുത്തതിന് പരിഭവം കാണിക്കുന്നതും വിജയകുമാര്‍ പറയുന്ന കഥകള്‍ കേട്ടിരിക്കുന്നതുമൊക്കെ ആ പെണ്‍കുട്ടിയെ പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നിര്‍ത്തുന്ന രംഗങ്ങളാണ്. സിദ്ധിഖ് ആയിരുന്നു വിജയകുമാര്‍ ആയി അഭിനയിച്ചത്. അക്കാലത്ത് നിരവധി സിനിമകളില്‍ ബാലതാരമായി ആ പെണ്‍കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ബേബി അമ്പിളി എന്നായിരുന്നു ആ നടിയുടെ പേര്. ഒരു കാലത്ത് ബാലതാരങ്ങളിലെ സൂപ്പര്‍സ്റ്റാര്‍ ആയി വിലസിയ ബേബി അമ്പിളി ഇപ്പോള്‍ അഡ്വക്കേറ്റാണ്.


കോഴിക്കോട് ലോ കോളേജില്‍ നിന്നാണ് അമ്പിളി നിയമപഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിനിടയില്‍ തന്നെയായിരുന്നു അമ്പിളിയുടെ വിവാഹം. ദിയ, ധാര മക്കളാണ്. ഇപ്പോള്‍ അഭിനയരംഗത്ത് നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം കഴിയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ബേബി അമ്പിളി. തികച്ചും യാദൃശ്ചികമായിട്ടായിരുന്നു ബേബി അമ്പിളി സിനിമയിലേക്ക് എത്തിയത്. നാല്‍ക്കവല ആയിരുന്നു നടി ബാലതാരമായി അഭിനയിച്ച ആദ്യ ചിത്രം. അമ്പിളിയുടെ വീടിനടുത്താണ് നാല്‍ക്കവല സിനിമയുടെ ചിത്രീകരണം നടന്നത്. രണ്ടര വയസ്സ് മാത്രമായിരുന്നു അന്ന് അമ്പിളിയുടെ പ്രായം. അങ്കണവാടിയില്‍ പൊയ്ക്കൊണ്ടിരുന്ന സമയമായിരുന്നു അത്. നാല്‍ക്കവലയില്‍ അഭിനയിക്കുവാന്‍ വേണ്ടി കുറച്ച് കുട്ടികളെ വേണം എന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അന്വേഷിച്ചതിനെ തുടര്‍ന്ന് അങ്കണവാടിയിലെ കുട്ടികളുടെ അന്നത്തെ ക്ലാസ്സ് സിനിമ ലൊക്കേഷനിലായിരുന്നു.


തിക്കുറിശ്ശി ആയിരുന്നു ആ രംഗത്ത് അഭിനയിച്ചത്. എന്നാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ അങ്കണവാടിയില്‍ നിന്നെത്തിയ കുട്ടിസംഘം നിര്‍ത്താതെ കരച്ചില്‍ ആരംഭിച്ചു. എന്നാല്‍ ബേബി അമ്പിളി മാത്രം കരഞ്ഞില്ല. അങ്ങനെ കരയാതിരിക്കുന്ന അമ്പിളിയെ തിക്കുറിശ്ശി തന്റെ മടിയിലിരുത്തി ആ രംഗം ചിത്രീകരിച്ചു. ഗോഡ്ഫാദര്‍ എന്ന സിനിമയിലെ അമ്പിളിയുടെ മുഖം പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. ഇന്നസെന്റ് അവതരിപ്പിച്ച സ്വാമിനാഥന്‍ എന്ന കഥാപാത്രത്തിന്റേയും കെപിഎസി ലളിത അവതരിപ്പിച്ച കൊച്ചമ്മിണിയുടേയും മകളായിട്ടാണ് ബേബി അമ്പിളി ഗോഡ്ഫാദറില്‍ തിളങ്ങിയത്. മിന്നാരം എന്ന മോഹന്‍ലാല്‍ സിനിമയില്‍ കുറുമ്പ് കാണിക്കുന്ന കുട്ടികളിലൊരാളായും അമ്പിളി എത്തി. മഹാനഗരം സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച ചന്ദ്രദാസ് കഥാപാത്രത്തിന്റെ മകളായും സര്‍ഗം സിനിമയില്‍ നായികയായി എത്തിയ രംഭ അവതരിപ്പിച്ച തങ്കമണി കഥാപാത്രത്തിന്റെ ബാല്യകാലവും നടി മികച്ചതാക്കി.