പതിനാലു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വന്ന മഞ്ജു വാര്യർ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ കൂടി മലയാളികളുടെ മുന്നിൽ എത്തിയ താരം ജീവിതത്തിലും ശക്തമായ വനിത ആണെന്ന് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ വൈശാഖ് എന്ന ഒരു ആരാധകൻ താരത്തെ കുറിച്ച് എഴുതിയ ഒരു കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

പ്രചോദനത്തിന്റെ സെക്കന്റ്‌ ഇന്നിങ്സിന് ഏഴ് വയസ്സ്. കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ വിവാഹം. പിന്നീട് നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവ്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അവസ്ഥയിൽ പലരും പുച്ഛിച്ചു തള്ളിയപ്പോൾ ചങ്കൂറ്റത്തോടെ ജീവിക്കാൻ വേണ്ടിയുള്ള ഒറ്റയ്ക്കുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്. ഒരു പെണ്ണിന് ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കില്ല എന്നും മറ്റുമൊക്കെ പറഞ്ഞ് താഴ്ത്തി കെട്ടാൻ ശ്രമിച്ചവരും മറ്റുമൊക്കെ ഒരുപാട് ആയിരുന്നു. അവരുടെ പേർസണൽ കാര്യങ്ങൾ പല തരത്തിൽ വളച്ചൊടിച്ചും മറ്റുമൊക്കെ ദ്രോഹിക്കാൻ പലരും നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ അവര് തോൽക്കാൻ തയ്യാറായിരുന്നില്ല ആരേയും ദ്രോഹിക്കാൻ വേണ്ടി ആയിരുന്നില്ല ജീവിക്കാൻ വേണ്ടിയായിരുന്നു അവരുടെ പോരാട്ടം. അതുകൊണ്ട് തന്നെ തോൽക്കാൻ അവര് തയ്യാറായിരുന്നില്ല. സിനിമയെന്ന തന്റെ തട്ടകത്തിലേക്കുള്ള തിരിച്ചു വരവ് അവരെ സംബന്ധിച്ച് അനേകം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ദിവസേന അനവധി മുഖങ്ങൾ വിസ്മയിപ്പിച്ച് കടന്നു പോകുന്ന അഭിനയ മേഖലയിലേക്ക് തിരിച്ചു വരുമ്പോൾ അവരുടെ കൗമാര – യൗവ്വന കാലത്ത് പ്രേക്ഷകർ കൊടുത്തിരുന്ന പിന്തുണയും സ്നേഹവും തിരിച്ചു കിട്ടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം.

manju-warrier
manju-warrier

തിരിച്ചു വരവിൽ പലർക്കും കാലിടറിയ അനുഭവങ്ങൾ കണ്മുന്നിൽ തെളിഞ്ഞു നിന്നപ്പോഴും അവര് പേടിച്ചില്ല. തന്റെ കഴിവിൽ ഉള്ള വിശ്വാസം തന്നെ ആയിരുന്നിരിക്കണം ആ ധൈര്യത്തിന് കാരണം. പതിനഞ്ച് വർഷം കൊണ്ട് എല്ലാ അർത്ഥത്തിലും സിനിമ ഒരുപാട് മാറിയിരുന്ന സമയം ആയിരുന്നു അത് എല്ലാം പ്രതികൂലമായ സാഹചര്യങ്ങൾ മാത്രം. എന്നിട്ടും കാലിടറാതെ അവര് ധൈര്യത്തോടെ മുന്നോട്ട് നീങ്ങി. അങ്ങനെ നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഒരുപാട് കടമ്പകളും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് 2014 മെയ് 16ന് സിനിമയിലേക്കുള്ള അവരുടെ തിരിച്ചു വരവ് സംഭവിച്ചു. അവരെ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരുന്ന കുടുംബ പ്രേക്ഷകർ അവരെ കൈവിട്ടില്ലെന്ന് മാത്രമല്ല അവരുടെ തിരിച്ചു വരവ് ആഘോഷമാക്കി. തിരിച്ചു വരവിലെ ചിത്രമായ ഹൌ ഓൾഡ് ആർ യൂ വലിയ വിജയവുമായി. കിട്ടിയ പല വേഷങ്ങളും പലവിധത്തിൽ തട്ടി തെറിപ്പിച്ചും സിനിമകൾ മുടക്കിയും പലരും വീണ്ടും അവരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു കൊണ്ടിരുന്നു പക്ഷേ ,ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫീനിക്ക്സ് പക്ഷിയെപ്പോലെ മുന്നിലെ തടസ്സങ്ങളെല്ലാം അവര് തട്ടി മാറ്റി പറന്നുയർന്നു. പിന്നീട് ഇങ്ങോട്ട് പതിനെട്ടോളം ചിത്രങ്ങൾ അവരുടേതായി പുറത്തിറങ്ങി അതിൽ മിക്കതും സ്ത്രീപക്ഷ സിനിമകൾ ആയിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇറങ്ങാനിരിക്കുന്ന മലയാളത്തിന്റെ ഏറ്റവും വലിയ ചിത്രത്തിന്റെ അടക്കം നിരവധി സിനിമകളുടെ ഭാഗമാണ് ഇന്നവർ. കൂടാതെ ഇന്ന് നിരവധി സ്ഥാപനങ്ങളുടേയും, സർക്കാരിന്റെയടക്കം പല സംരംഭങ്ങളുടേയും മറ്റും ബ്രാൻഡ് അംബാസിഡർ ആണ്. സിനിമയിലേക്ക് തിരിച്ചു വന്നാൽ ഇന്ന് കേരളത്തിന്റെ അതിർത്തിയും കടന്ന് അവര് പറന്നു കൊണ്ടിരിക്കുകയാണ്. തമിഴിൽ മികച്ച ടീമിനൊപ്പം അസുരൻ എന്ന ചിത്രത്തിലേക്ക് ശക്തമായ നായികാ വേഷത്തിലേക്ക് അവര് വിളിച്ചത് നമ്മുടെ കക്ഷിയെ തന്നെ ആയിരുന്നു. ചിത്രം വൻ വിജയമായി മാറി എന്ന് മാത്രമല്ല അവരുടെ പ്രകടനത്തെ അന്യനാട്ടുകാരും വാനോളം പുകഴ്ത്തി. നിരവധി അംഗീകാരങ്ങളും തേടിയെത്തി. അവർക്ക് വേണ്ടി മാത്രം പലരും ചിത്രങ്ങൾ ഒരുക്കുന്നു. അവരുടെ യൗവ്വന കാലത്തും അങ്ങനെ തന്നെ ആയിരുന്നല്ലോ സൂപ്പർ സ്റ്റാറുകൾക്കൊപ്പം മലയാളി ആഘോഷമാക്കിയ ഒരേയൊരു നായിക. ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടവും ചാർത്തി കൊടുത്തത് അവര് തന്നെ. ഇപ്പോഴും ആ സ്‌നേഹവും പിന്തുണയും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു.manju-warrier

മലയാളി ഒരു നായികയുടെ തിരിച്ചു വരവ് ആഘോഷമാക്കിയിട്ടുണ്ടേൽ അത് അവരുടെ മാത്രമാണ്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിട്ട്. ജീവിതത്തിന്റെ സെക്കന്റ് ഇന്നിങ്സ് ആരംഭിച്ചിട്ട് ഏഴ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്ന് അവർ എല്ലാ അർത്ഥത്തിലും ഒരു വലിയ ബ്രാൻഡ് ആണ്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പല സ്ത്രീകൾക്കും ഒരു പ്രചോദനമാണ്. ഒറ്റപ്പെട്ടു പോയവർ എന്നല്ല എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ്. പലരുടേയും റോൾ മോഡലാണ്. ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാൻ ശ്രമിക്കുന്നവരോടും കൂവി തോൽപ്പിക്കാൻ ശ്രമിക്കുന്നവരോടും യാതൊരു മത്സരമോ പകയോ വെച്ചു പുലർത്താതെ അവര് അവരുടെ ജീവിതവുമായി മുൻപോട്ട് പോകുന്നു. സിനിമയിലൂടെ തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം ആരേയും അറിയിക്കാതെ അസുഖ ബാധിതർക്കും പാവപ്പെട്ടവർക്കുമായി നീക്കി വെക്കുന്നു. എത്രയൊക്കെ ഉയരങ്ങളിൽ ആയാലും അന്നും അതെ ഇന്നും അതെ താരജാഡ ഒട്ടുമില്ലാതെ എല്ലാവരേയും ഒരുപോലെ കണ്ടു കൊണ്ട് പെരുമാറാൻ സാധിക്കുന്നു എന്നത് അവരുടെ സ്വാഭാവത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ്. അവരുടെ എളിമയും നിഷ്കളങ്കതയും അവരെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നു.

ആരോടും ദേഷ്യപ്പെടാതെ ചിരിച്ചു കൊണ്ടുള്ള ആ പെരുമാറ്റം അവരെ ഇഷ്ടപ്പെടുന്ന പലരിലും ഉണ്ടാക്കുന്ന സന്തോഷം ചെറുതല്ല. മികച്ച അഭിനേത്രി എന്നതിലുപരി മികച്ചൊരു വ്യക്തിത്വത്തിനുടമ കൂടെയാണ് അവര്. ചെറിയ കാര്യങ്ങളുടെ പേരിൽ പോലും ജീവിതത്തിലെ പ്രതീക്ഷകൾ കൈവിടുന്ന യുവതലമുറ അവരെ കണ്ട് പഠിക്കണം. ജീവിതത്തിൽ ഒറ്റപ്പെട്ട കാലത്ത് ഇതുപോലെ വിചാരിച്ചു ഇരുന്നിരുന്നേൽ പലർക്കും കുറ്റപ്പെടുത്താനും സഹതാപം പറയാനും മാത്രമായി ഒതുങ്ങുമായിരുന്ന ആ സ്ത്രീ അവരുടെ മുപ്പത്തിയാറാം വയസ്സിൽ ഒറ്റയ്ക്ക് ആരംഭിച്ച യാത്ര. ആ പോരാട്ടം ഇന്ന് എത്തി നിൽക്കുന്നത് എവിടെയാണ് എന്ന് ഓർക്കണം. കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് അവര് ഈ നിലയിൽ എത്തിയത്. അവിടെയൊന്നും കാലിടാറാതെ അവരെ പിടിച്ചു നിർത്തിയത് അവരുടെ കഴിവിൽ ഉള്ള ഉറച്ച വിശ്വാസവും ഒപ്പം നിശ്ചയദാർഢ്യവും മനോധൈര്യവുമാണ് എന്നെക്കൊണ്ട് പറ്റും എന്നുള്ള ആ ശുഭാപ്തി വിശ്വാസം തന്നെയാണ് ഇന്ന് കാണുന്ന നിലയിൽ അവര് എത്താൻ കാരണം.manju-warrier-

തൃശൂർ ജില്ലയിലെ പുള്ള് എന്ന ചെറിയ ഗ്രാമത്തിലെ വാര്യയത്ത് നിന്നും തുടങ്ങിയ അവരുടെ യാത്ര ഇന്ന് എത്തി നിൽക്കുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒരാളായാണ്. ഇന്നും യുവത്വത്തിനെ പോലും അസൂയപ്പെടുത്തിക്കൊണ്ട് അവരേക്കാൾ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഈ സ്ത്രീയ്ക്ക് പ്രായം നാൽപ്പത്തി മൂന്നിലേക്ക് അടുക്കുന്നു. പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് അവർ അടിവരയിട്ട് പറയാതെ പറഞ്ഞു തരുന്നു. അവരുടെ ജീവിതം ജീവിതത്തിൽ പോരാട്ടം നടത്തുന്നവർക്ക് വലിയൊരു പാഠവും പ്രതീക്ഷയും വിശ്വാസവും അതിലെല്ലാമുപരി വലിയൊരു പ്രചോദനവുമാണ്. പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന സഹോദരിമാർ ഓർക്കേണ്ട കണ്ട് പഠിക്കേണ്ട ഒരാളാണ് ഈ പറഞ്ഞ കക്ഷി. മികച്ച വ്യക്തിത്വം കൊണ്ടും മികവുറ്റ അഭിനയ ശൈലി കൊണ്ടും മലയാളികളുടെ മനം കവർന്ന മലയാളികളുടെ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.