താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവതി രാജിവെച്ചു. വിജയ് ബാബുവിനെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. വിജയ് ബാബുവിനെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കണമെന്ന ഐസിസിയുടെ ശുപാര്‍ശ അംഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു രാജി. വിജയ് ബാബു സ്വമേധയാ മാറിനില്‍ക്കുക എന്നത് അച്ചടക്ക നടപടിയല്ലെന്നും ഐസിസിയെ നോക്കുകുത്തിയാക്കുന്നതാണ് ഇതെന്നും മാലാ പാര്‍വതി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ രാജിയെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും തുല്യവേതനം അടക്കമുള്ള കമ്മിറ്റി ശുപാര്‍ശയേക്കുറിച്ചുമെല്ലാം മാലാ പാര്‍വതി മാതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുന്നു.

താരസംഘടനയിൽ ഇതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഏകകണ്ഠമായാണ് വിജയ് ബാബുവിനെ പുറത്താക്കണമെന്ന ശുപാർശ സമിതി കൈക്കൊണ്ടതെന്ന് രാജിക്കത്തിൽ മാലാ പാർവതി വ്യക്തമാക്കുന്നുണ്ട്.ഐസിസി ശുപാര്‍ശ ചെയ്തതുപോലെ വിജയ് ബാബു എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍നിന്ന് മാറിയല്ലോ എന്നാണ് അവര്‍ പറയുന്നത്. ഒരാള്‍ സ്വയം മാറിനില്‍ക്കുന്നതും മാറ്റിനിര്‍ത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുന്നുണ്ട്. ഐസിസി മെമ്പര്‍ ആയിരുന്നുകൊണ്ട് അത്തരമൊരു തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ല. ഒരുപാട് ഉത്തരവാദിത്വങ്ങളുള്ള ഒരു സ്ഥാനത്തിരുന്നുകൊണ്ട് ചെയ്യാനാവാത്ത കാര്യമാണ്.