വിജയ് ലോകേഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലിയോ’യുടെ ട്രെയിലർ ഇന്നലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് വൈകുന്നേരം 6 :30 ക്ക് പുറത്തിറങ്ങിയ ട്രെയിലർ ഒരു ദൃശ്യവിരുന്നു് തന്നെയായിരുന്നു. മിനിറ്റുകൾക്കകമാണ് മില്യൺ കാഴ്ചക്കാരുമായി ട്രെയിലർ ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയത്. ഇപ്പോൾ ട്രെയിലറിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ മുഴുവൻ. പത്മരാജൻ ഒരുക്കി, ജയറാം നായകനായെത്തിയ അപരൻ എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയുള്ള ലിയോയുടെ ചർച്ചകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ലിയോയുടെ ട്രെയിലർ നൽകുന്ന സൂചനകൾ അനുസരിച്ച് ഇരട്ട വേഷത്തിലാണ് വിജയ് എത്തുക. ട്രെയിലറിൽ വിജയിയുടെ കഥാപാത്രം പറയുന്ന ഒരൊറ്റ സംഭാഷണത്തിലാണ് ഈ സൂചന ലഭിക്കുന്നത്. എന്നെപോലെയിരിക്കുന്ന ഒരാൾ എവിടെയോ ഉള്ളതിന് എന്നെ അവർ ഉപദ്രവിക്കുന്നു, അതിനു ഞാനെന്താണ് ചെയ്യുകയെന്ന്, വിജയ് ഭാര്യയായ തൃഷയുടെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്. ഈ സംഭാഷണങ്ങളിൽ നിന്നുമാണ് സോഷ്യൽ മീഡിയ പുതിയ കണ്ടെത്തലുമായി വരുന്നത്. 1988ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ജയറാം നായകനായെത്തിയ ചിത്രമാണ് അപരൻ. ഈ ചിത്രത്തെപോലെ തോന്നിയെന്നും, ആ സിനിമയുടെ മറ്റൊരു വേർഷൻ ആയിരിക്കും ലിയോ എന്നൊക്കെയാണ് സോഷ്യൽ മീഡിയ തിയറികൾ. പദ്മരാജന്റെ ചിത്രത്തിൽ ജയറാം ഇരട്ടവേഷത്തിലാണ് എത്തിയത്. ഒരാൾ നല്ലവനായ വിശ്വനാഥൻ എന്ന കഥാപാത്രമാണെങ്കിൽ, മറ്റേ ജയറാം വില്ലനായ ഉത്തമനായും എത്തിയിരുന്നു. ഉത്തമൻ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് വിശ്വനാഥൻ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുണ്ട് സിനിമയിൽ. അതുപോലൊരു കഥാപശ്ചാത്തലം ആയിരിക്കുമോ ലിയോയുടേത് എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. എന്നാല്‍ ഇത് രണ്ട് കഥാപാത്രങ്ങള്‍ ആയിരിക്കില്ലെന്നും ഒരേ കഥാപാത്രത്തിന്‍റെ രണ്ട് കാലങ്ങള്‍ ആയിരിക്കുമെന്നും മറ്റൊരു വിഭാ​ഗം പറയുന്നുണ്ട്. ഒരു കഥാപാത്രം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ​ഗെറ്റപ്പിലും മറ്റൊരാള്‍ അങ്ങനെ അല്ലെന്നുമാണ് ഇതിനവര്‍ മുന്നോട്ട് വെക്കുന്ന വാദം.  ഡേവിഡ് ക്രോണെന്‍ബെര്‍​ഗിന്‍റെ ‘എ ഹിസ്റ്ററി ഓഫ് വയലന്‍സ്’ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണ് ലിയോ എന്ന് നേരത്തേ സിനിമാപ്രേമികള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ട്രെയിലര്‍ എത്തിയതിന് ശേഷം അപരനൊപ്പംതന്നെ മറ്റൊരു സിനിമ കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ 1956 ചിത്രം ‘ദി റോങ് മാന്‍’ എന്ന ചിത്രമാണത്. ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമതാണ് ട്രെയിലർ. ശാന്ത രൂപത്തിൽ ലിയോ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.


14 വർഷങ്ങൾക്കു ശേഷം വിജയിനോടൊപ്പം തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ.   ആരാധകർ അക്ഷമയോടെ ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു വിജയ്-ലോകേഷ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലിയോ’യുടെ ട്രെയിലർ. കഴിഞ്ഞ ദിവസം ട്രെയിലർ പുറത്തിറങ്ങിയതോടെ ഇനി സിനിമയ്ക്കായുള്ള ദിനങ്ങൾ എണ്ണി കാത്തിരിപ്പാണ് ആരാധകർ. ഓരോ പോസ്റ്ററുകളിലും പ്രതീക്ഷ വർധിപ്പിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രെയിലറിലും അതിലേറെ പ്രതീക്ഷയാണ് ബാക്കിവെച്ചിട്ടുള്ളത്. പുറത്തുവിട്ട് പന്ത്രണ്ടുമണിക്കൂറുകൾ പിന്നിടുമ്പോഴേക്കും 25 മില്യണിലധികം കാഴ്ചക്കാരാണ് ലിയോ തമിഴ് ട്രെയിലറിനുള്ളത്. ചിത്രം ഡേവിഡ് ക്രോണെന്‍ബെര്‍​ഗിന്‍റെ എ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണെന്ന് നേരത്തേ സിനിമാപ്രേമികള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ട്രെയ്ലര്‍ എത്തിയതിന് ശേഷം അപരനൊപ്പം മറ്റൊരു സിനിമ കൂടി ചില സാമ്യതകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ 1956 ചിത്രം ദി റോങ് മാന്‍ ആണ് അത്. അതേസമയം ഈ ഫാന്‍ തിയറികളില്‍ എത്രത്തോളം വാസ്തവമുണ്ടെന്നറിയാന്‍ റിലീസ് വരെ കാത്തിരിക്കേണ്ടിവരും.