വിജയ് ചിത്രം ലിയോയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ഓരോ ദിവസം ഉടലെടുക്കുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വിജയ്യും സംവിധായകന്‍ ലോകേഷ് കനകരാജും തമ്മില്‍ ശത്രുതയിലാണ് എന്ന വാര്‍ത്തകളായിരുന്നു.ലിയോയിലെ ‘നാ റെഡി താ’ എന്ന ഗാനത്തിനു ശേഷം ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ രൂപപ്പെട്ടെന്നും അതിനു ശേഷമുള്ള പ്രമോഷനുകളിലൊന്നും ലോകേഷ് ‘വിജയ്’ എന്ന ഹാഷ്ടാഗ് പോസ്റ്റ് ചെയ്തില്ലെന്നുമായിരുന്നു ഒരു വിഭാഗംപ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.ഇപ്പോള്‍ ഇതിന്റെ പേരില്‍ ഏറ്റവും പ്രശ്നത്തിലായിരിക്കുന്നത് സംവിധായകന്‍ വിഘ്നേഷ് ശിവനാണ്. വിജയ്യും ലോകേഷും തെറ്റിപ്പിരിഞ്ഞു എന്നു പറഞ്ഞിട്ടുള്ള പോസ്റ്റ് വിഘ്നേഷ് ലൈക്ക് ചെയ്യുകയായിരുന്നു. ഇത് ആരാധകര്‍ കണ്ടെത്തിയതോടെയാണ് സംഭവം ലോകമറിഞ്ഞത്. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി വിഘ്നേഷ് തന്നെ രംഗത്തെത്തി. പോസ്റ്റ് വായിച്ചു നോക്കാതെ ലൈക്ക് ചെയ്യുകയായിരുന്നു എന്നാണ് വിഘ്നേഷ് കുറിച്ചത്. കൂടാതെ നയന്‍ താരയേയും തൃഷയേയും കുറിച്ചുള്ള ഒരു വിഡിയോയും ലൈക്ക് ചെയ്തിരുന്നു. ഇതേക്കുറിച്ചും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.പ്രിയപ്പെട്ട വിജയ് ആരാധകരെ, ലോകി ആരാധകരെ… നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നു. ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത് കാണാതെ ലോകിയുടെ അഭിമുഖം മാത്രം കണ്ടാണ് ഞാന്‍ അത് ലൈക്ക് ചെയ്തത്. കാരണം ഞാന്‍ ലോകിയുടെ സിനിമകളുടേയും അഭിമുഖങ്ങളുടേയും വലിയ ആരാധകനാണ്. ദളപതി വിജയ് സാറിന്റെ ലിയോയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. ലോകി ബ്രോയുടെ ചിത്രം കണ്ടപോലെ തന്നെ നയന്റെ ഒരു വിഡിയോ ക്ലിപ്പും ഞാന്‍ കാണുകയുണ്ടായി. അതിമനോഹരമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള എന്റെ പ്രിയപ്പെട്ട രംഗം കണ്ടപ്പോള്‍ ഞാന്‍ അത് അപ്പോള്‍ തന്നെ ലൈക്ക് ചെയ്യുകയായിരുന്നു. എന്റെ തെറ്റാണ്. ഞാന്‍ അതിലെ വിഡിയോ കാണുകയോ ട്വീറ്റ് വായിക്കുകയോ ചെയ്തില്ല. ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. ഇങ്ങനെയൊരു ചെറിയ തെറ്റ് എന്റെ ഭാഗത്തുനിന്നുണ്ടായി. ലോകത്തിലെ എല്ലാ വിജയ് ആരാധകരോടും ഞാന്‍ ക്ഷമ പറയുന്നു. – വിഘ്നേഷ് കുറിച്ചു.അതേസമയം, വന്‍ സ്വീകാര്യത ലഭിച്ച ട്രെയിലറിന് എതിരെ ചില വിമര്‍ശനങ്ങളും ഉയരുകയാണ്. ട്രെയിലറില്‍ വിജയ്, തൃഷയുമായുള്ള സംഭാഷണത്തിനിടെ മോശം വാക്ക് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇപ്പോഴിതാ ഈ സ്ത്രീവിരുദ്ധ പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഹിന്ദുമക്കള്‍ ഇയക്കം എന്ന സംഘടനയും ബിജെപിയും. ലിയോ ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമര്‍ശം ചൂണ്ടിക്കാട്ടി ഹിന്ദുമക്കള്‍ ഇയക്കം ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ നിന്നും ഈ സംഭാഷണം നീക്കം ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം. ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും സംഘടന ആരോപിച്ചു.

ലിയോ ട്രെയിലറില്‍ നിന്നും സിനിമയില്‍ നിന്നും ഈ സ്ത്രീവിരുദ്ധ പരാമര്‍ശം നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപ്പതി നാരായണന്‍ രംഗത്ത് എത്തി.  ലിയോ ട്രെയിലര്‍ റിലീസ് ചെയ്ത ദിവസം മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയയും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ട്രെയിലറിന്റെ 1.46 മിനിറ്റ് ആകുമ്പോഴാണ് സ്ത്രീവിരുദ്ധ പരാമര്‍ശം എന്ന സംഭാഷണം വരുന്നത്.14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയിനോടൊപ്പം തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്. ഔട്ട് ആന്‍ഡ് ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ലിയോ ഒക്ടോബര്‍ 19 ന് ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്നര്‍.