ഹൈക്കോടതിയുടെ അനുമതിയോടെ പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ആദിലയും നൂറയും. സ്വവര്‍ഗാനുരാഗികളായ ആലുവക്കാരി ആദില നസ്രിന്റെയും ഫാത്തിമ താമരശ്ശേരിക്കാരി നൂറയുടെയും പ്രണയം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുവച്ചിരിക്കുകയാണെന്ന് ആദില പരാതി നല്‍കിയതോടെയാണ് ഇവരുടെ പ്രണയം വാര്‍ത്തയായത്.

തന്റെ പ്രണയിനിയായ കോഴിക്കോടു താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയെ (23) ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിനി ആദില നസ്രീന്‍ (22) നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചായിരുന്നു ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാന്‍ അനുമതി നല്‍കിയത്. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ഇരുവരും.

സൗദിയില്‍ 12ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മൊട്ടിട്ട പ്രണയമാണ് ആദിലയുടെയും നൂറിന്റെയും. ഇരുവരുടെയും ബിരുദ പഠനം നാട്ടിലായിരുന്നു. കോവിഡ് കാലത്ത് നൂറയെ മാതാപിതാക്കള്‍ സൗദിയിലേക്കു കൊണ്ടുപോയി. അവിടെവച്ചാണു മാതാപിതാക്കള്‍ ബന്ധത്തെക്കുറിച്ച് അറിയുന്നത്. ഇരുകുടുംബവും ഈ ബന്ധത്തെ എതിര്‍ത്തു. തങ്ങളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ആദില പറയുന്നു.

തന്നെ പിടിച്ചു കൊണ്ടു പോയി ബന്ധുവീടുകളില്‍ താമസിപ്പിച്ചു എന്ന് നൂറ പറയുന്നു, ഇതിന് പിന്നാലെ വീട്ടുകാര്‍ കൗണ്‍സിലുകള്‍ ചെയ്യാന്‍ ശ്രമിച്ചു. ഇതുകൊണ്ടൊന്നും മാറില്ല എന്ന് എനിക്ക് അറിയാമായിരുന്നു. ഫോണ്‍ എല്ലാം വീട്ടുകാര്‍ വാങ്ങിവെച്ചു. പരസ്പരം കാണാന്‍ പറ്റാതെ വന്നതോടെയാണ് ആദില ഹേര്‍ബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്.

നൂറയെ വീട്ടുകാര്‍ കായികമായി ഉപദ്രവിയ്ക്കുമോ എന്ന നല്ല ഭയം എനിക്കുണ്ടായിരുന്നു. കൗണ്‍സിലിങ് നല്‍കി നൂറയെ മാറ്റും എന്ന ഭയം എനിക്കുണ്ടായിരുന്നില്ല. കാരണം വാക്കുകള്‍ കൊണ്ട് പറഞ്ഞ് തിരുത്തുന്നത് തെറ്റുകളാണ്, പക്ഷെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം തെറ്റല്ല. ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹം വാക്കുകള്‍ കൊണ്ട് പറഞ്ഞ് പ്രകടിപ്പിക്കാന്‍ സാധിയ്ക്കില്ല. അത് വേറിട്ടൊരു അനുഭവം തന്നെയാണ്.

വീട്ടുകാരെ ഞങ്ങളുടെ ബന്ധം പറഞ്ഞ് മനസ്സിലാക്കാന്‍ വേണ്ടി ‘ഉമ്മാ
എനിക്ക് ആണുങ്ങളോട് അട്രാക്ഷന്‍ തോന്നുന്നില്ല’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ‘നിനക്ക് എന്തിനാടീ ആണുങ്ങളോട് അട്രാക്ഷന്‍ തോന്നുന്നത്’ എന്നായിരുന്നു അവര്‍ ചോദിച്ചത്. അപ്പോഴും മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചില്ലെന്നും ആദില പറയുന്നു.

ഡിഗ്രി ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മെയ് 19ന് ആദില നൂറയെ തേടി കോഴിക്കോട് എത്തിയത്. പിന്നീട് വീട്ടുകാര്‍ പ്രശ്നമാക്കിയതോടെയാണ് പോലീസിന്റെസഹായം തേടിയത്. 24നാണ് ആദിലയുടെ അടുത്തുനിന്ന് നൂറയെ വീട്ടുകാര്‍ ബലമായി പിടിച്ചു കൊണ്ടു പോയത്. ആദിലയും വീട്ടില്‍ നിന്ന് പുറത്തായി. 30ന് വൈകിട്ട് ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ നിയമപരമായി തടസ്സമില്ലെന്നു വ്യക്തമാക്കിയാണ് നൂറ-ആദില പ്രണയത്തിന് കോടതി അനുമതി നല്‍കിയത്.