ഗായകന്‍ കെകെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം.
കൊല്‍ക്കത്തയില്‍ നടന്ന ഒരു സംഗീത പരിപാടിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

അതേസമയം, കുഴഞ്ഞുവീണ ഉടന്‍ പ്രാഥമിക ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍. കെകെയ്ക്ക് ഏറെ നാളായി ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു എന്നും ഡോക്ടര്‍ പറഞ്ഞു.

കെകെയുടെ ഹൃദയത്തില്‍ ബ്ലോക്കുകളുണ്ടായിരുന്നതായും ഏറെ നാളായി ഹൃദ്രോഗബാധിതനായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

ഇതിനിടെ, മുംബൈ വെര്‍സോവ ഹിന്ദു ശ്മശാനത്തില്‍ നടന്ന സംസ്‌ക്കാരച്ചടങ്ങില്‍ മകന്‍ നകുല്‍ ചിതയ്ക്ക് തീ കൊളുത്തി. ഗായകന്‍ ഹരിഹരന്‍ അടക്കം സിനിമരംഗത്തുനിന്നും നിരവധി പ്രമുഖര്‍ കെ.കെയുടെ മുംബെയിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

തൃശൂര്‍ തിരുവമ്പാടി സ്വദേശി സിഎസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ലാണ് ജനനം. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന കൃഷ്ണകുമാറിന് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി സംസാരിച്ചിരുന്നു. 3500ല്‍ അധികം പരസ്യ ചിത്രഗാനങ്ങള്‍ക്ക് വേണ്ടി പാടി. ടെലിവിഷന്‍ സീരിയലുകള്‍ക്കായും പാടിയിട്ടുള്ള കെകെയെ ലോകമറിഞ്ഞത് മാച്ചിസ് എന്ന ഗുല്‍സാര്‍ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം’ എന്ന ഗാനത്തോടെയാണ്.

ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാര്‍ ബീറ്റ്സ്), ആവാര പന്‍ (ജിസം), ഇറ്റ്സ് ദ ടൈം ഫോര്‍ ഡിസ്‌കോ (കല്‍ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പ്രശസ്തനാക്കി.

ആല്‍ബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.