നടിയും കേരള സംഗീത-നാടക അക്കാദമി ചെയർ പേഴ്‌സണുമായ കെ.പി.എ.സി. ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് കോൺഗ്രസ് എം.എൽ.എ പി.ടി. തോമസ്. കെ.പി.എ.സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട് കെ.പി.എ.സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്.നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണമെന്നും പി.ടി. തോമസ് പറഞ്ഞു.

കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കലാകാരി എന്ന നിലയ്ക്കാണ് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. വർഷങ്ങളോളം സിനിമാരംഗത്ത് പ്രവർത്തിച്ച നടിക്ക് സർക്കാർ സഹായം നൽകുന്നതിൽ വിമർശനങ്ങളും ട്രോളുകളും ഉണ്ടായിരുന്നു. ഇതിനെതിരെയാണ് പി.ടി. തോമസ് രംഗത്തെത്തിയത്.

നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കാൻ മന്ത്രിസഭാ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഇതിനെതിരെയാണ് ധാരളം പേർ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്ത് വന്നത്. ഇതിനേക്കാളും അസുഖബാധിതർ സമൂഹത്തിൽ ഉണ്ടെന്നും അവരെയൊന്നും സഹായിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും നിരവധി ആരോപണങ്ങൾ ഉണ്ടായി. കെപിഎസിലളിതയുടെ രാഷ്ടരീയ താൽപ്പര്യമാണ് സഹായിക്കാൻ കാരണമായത് എന്നതാണ് പ്രതികൂലികളെ ചൊടിപ്പിച്ചത്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു