നടി മേനക സുരേഷിനെയേയും മകള്‍ കീര്‍ത്തി സുരേഷിനെയും സിനിമാ പ്രേമികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമല്ല. 1980 കളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നായിക ആയിരുന്നു മേനക. മേനകയും ശങ്കറും ഒന്നിച്ചെത്തിയാല്‍ വിജയങ്ങള്‍ മാത്രം എന്നായിരുന്നു ബോക്‌സ് ഓഫീസില്‍ പറച്ചില്‍.


മലയാളത്തില്‍ നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ച മേനക തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം അഭിനയിച്ചിട്ടുണ്ട്.വിവാഹ ശേഷം അഭിനയ ലോകത്തില്‍ നിന്നും മാറിയ താരം പിന്നീട് പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കളിവീട് എന്ന സീരിയല്‍ വഴി അഭിനയ ലോകത്തില്‍ തിരിച്ചു വന്നിരുന്നു. എന്നാല്‍ നടിയായി അല്ലെങ്കില്‍ കൂടിയും നിര്‍മാതാവ് ആയി മേനക മേഖലയില്‍ നിലകൊണ്ടു. കീര്‍ത്തി സുരേഷ് , രേവതി സുരേഷ് എന്നി രണ്ടു മക്കള്‍ ആണ് മേനകക്ക്.


അമ്മയുടെ പാത പിന്തുടര്‍ന്ന് അഭിനയ ലോകത്തില്‍ എത്തിയ ആള്‍ ആണ് മകള്‍ കീര്‍ത്തി സുരേഷ്. മലയാളത്തേക്കാള്‍ തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റ് നായികയായി കീര്‍ത്തി മാറിക്കഴിഞ്ഞു. മലയാളത്തില്‍ ഏറ്റവും വലിയ വിജയങ്ങള്‍ നേടിയ നടിയാണ് മേനക എങ്കില്‍ കൂടിയും ഇന്ന് താരം ശ്രദ്ധ നേടുന്നത് തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷിന്റെ അമ്മയെന്ന ലേബലില്‍ ആണ്. മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയില്‍ കൂടിയാണ് കീര്‍ത്തി സുരേഷ് അഭിനയ ലോകത്തേക്ക് എത്തുന്നത്.


പിന്നീട് ശിവകാര്‍ത്തികേയന്‍ , വിജയ് , ധനുഷ് എന്നിവരുടെ നായികയായി തമിഴില്‍ ലീഡിങ് നായികമാരുടെ നിരയിലേക്ക് കീര്‍ത്തിയുടെ മുന്നേറ്റം വളരെ വേഗത്തില്‍ ആയിരുന്നു. മഹാനടി എന്ന തെലുങ്ക് ചിത്രത്തില്‍ കൂടി അഭിനയ മികവുള്ള താരമാണ് താന്‍ എന്ന് അരക്കിട്ട് ഉറപ്പിച്ചു കീര്‍ത്തി സുരേഷ്. അഭിനയ ലോകത്തിലേക്ക് എത്തുന്നതിന് മുന്നേ മേനക മകള്‍ കീര്‍ത്തിക്ക് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വകാര്യ ചാനലിന് വേണ്ടി നല്‍കിയ അഭിമുഖത്തില്‍ ആണ് മകള്‍ക്ക് താന്‍ നല്‍കിയ ഉപദേശത്തെ കുറിച്ച് താരം വാചലയായത്.


സിനിമയില്‍ സജീവമാകും മുന്നേ രണ്ടേരണ്ട് ഉപദേശം മാത്രമാണ് ഞാന്‍ കീര്‍ത്തിക്ക് നല്‍കിയത്. ഒന്നാമത്തേത് സമയം പാലിക്കുക എന്നുള്ളതാണ്. രണ്ട് സെറ്റില്‍ ചെറിയ ആളുകള്‍ മുതല്‍ വലിയ ആളുകളോട് വരെ ഒരേ പോലെ പെരുമാറുക എന്നുള്ളതാണ്. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു അത് സാരമില്ല. ആവശ്യമായ വിദ്യഭ്യാസം അവള്‍ക്ക് ഉള്ളതുകൊണ്ട് അതൊന്നും പ്രശ്നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. ഞാന്‍ സമ്പാദിച്ച് വെച്ച പേരുണ്ട് അതുമാത്രം മോശം ആകാന്‍ പാടില്ല.


ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. റിംഗ് മാസ്റ്ററില്‍ അഭിനയിക്കും മുന്നേ മോഹന്‍ലാലിനെയും കമല്‍ ഹാസനെയും കണ്ട് പഠിക്കണമെന്നും താന്‍ കീര്‍ത്തിയോട് പറഞ്ഞിരുന്നു. റിങ് മാസ്റ്റര്‍ സിനിമയില്‍ അന്ധയായ പെണ്കുട്ടിയെ അവതരിപ്പിക്കും മുമ്പ് അമ്മയ്ക്ക് എന്തെങ്കിലും നിര്‍ദ്ദേശം തരാനുണ്ടോ എന്ന് കീര്‍ത്തി തന്നോട് ചോദിച്ചു. കണ്ണില്ലാത്തവര്‍ക്ക് ചെവി ഷാര്‍പ്പാണ് അതു മനസ്സിലാക്കി ചെയ്യുക എന്നാണ് ഞാന്‍ പറഞ്ഞത്. റഫറന്‍സിന് വേണ്ടി യോദ്ധയിലെ മോഹന്‍ലാലിനെയും രാജ പാര്‍വ്വയിലെ കമല്‍ ഹാസനെയും കാണാന്‍ പറഞ്ഞുവെന്നും മേനക അഭിമുഖത്തില്‍ പറഞ്ഞു.