പ്രൊമോഷനോ ഹൈപ്പോ ഒന്നുമില്ലാതെ വന്ന് തിയറ്ററിൽ ആരവം സൃഷ്ടിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിയുടെ മറ്റൊരു നവാ​ഗത ചിത്രം കൂടിയായ കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തത് റോബി വർ​ഗീസ് രാജ് ആയിരുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജോർജ് മാർട്ടിൻ ആയി മലയാളത്തിന്റെ മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അതദ്ദേഹത്തിന്റെ കരിയറിൽ എടുത്തു കാട്ടാവുന്ന മറ്റൊരു പൊലീസ് കഥാപാത്രം ആയി മാറി. സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് മുപ്പത്തി അഞ്ച് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തിൽ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ഈ മാസം അവസാനത്തോടെ കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തും. ഇവരുടെ കണക്ക് പ്രകാരം ഒക്ടോബര്‍ 28. ഇതനുസരിച്ചാണെങ്കിൽ നാലാഴ്ചത്തെ എക്‌സ്‌ക്ലൂസീവ് തിയറ്റർ റൺ പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക് എത്തുന്നത് എന്ന് വ്യക്തം. അതേസമയം, ഏത് പ്ലാറ്റ്ഫോമിൽ ആകും സ്ട്രീമിം​ഗ് നടക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരത്തെ, ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സോണി ലിവ് സ്വന്തമാക്കിയതായി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. പിന്നീട് സ്ട്രീമിംഗ് അവകാശം പ്ലാറ്റ്‌ഫോമിന് ഇല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാകും കണ്ണൂർ സ്ക്വാഡിന്റെ സ്ട്രീമിം​ഗ് അവകാശം എന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോർട്ടുകൾ ശരിയാണങ്കിൽ ഈ മാസം അവസാനത്തോടെ ചിത്രം ഒടിടിയിൽ എത്തും. സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് 75 കോടിയും പിന്നിട്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിൽ മാത്രം 30 കോടിയോളം ചിത്രം സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിജയ് ചിത്രം ലിയോ വന്നെങ്കിൽ നൂറിലധികം തിയറ്ററുകളിൽ കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരും. വരുന്ന പൂജാ ഹോളിഡേകൾ കൂടി കഴിയുന്നതോടെ 100 കോടിയിൽ മമ്മൂട്ടി ചിത്രം എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അതെ സമയം തന്നെ വിജയ് ലോകേഷ് കനകരാജ് കൂട്ട് കെട്ടിൽ എത്തിയ ലിയോ ഇന്നലെ റിലീസായി. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ പ്രീ ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു ചിത്രം. ഇപ്പോഴിതാ ആദ്യദിന ആഗോള ബോക്സ് ഓഫീസ് സംബന്ധിച്ചുള്ള ആദ്യ കണക്കുകള്‍ എത്തുമ്പോള്‍ കോളിവുഡില്‍ നിന്നുള്ള ഏറ്റവും വലിയ ഓപണിംഗ് ആയിരിക്കുകയാണ് ലിയോ. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 140 കോടി രൂപയാണ്. ലിയോ എത്തുമ്പോള്‍ അത് നിലവില്‍ തിയറ്ററുകളിലുണ്ടായിരുന്ന മലയാള ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ മുന്നോട്ടു പോക്കിന് തടസം സൃഷ്ടിക്കുമോ എന്നത് സിനിമാ പ്രേമികള്‍ക്കിടയിലെ ഒരു ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയിൽ ഒരു പോസ്റ്റും പങ്കു വെച്ചിരുന്നു. കണ്ണൂര്‍ സ്ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കണമെന്ന് ഒമര്‍ ലുലു അഭിപ്രായപ്പെട്ടു.

ലിയോ കണ്ടതിന് ശേഷമാണ് ഒമര്‍ ഇങ്ങനെ ഒരു കുറിപ്പുമായി എത്തിയിരിക്കുന്നത്. ലിയോ കണ്ടു. ഒരു വണ്‍ ടൈം വാച്ചബിള്‍ സിനിമ. കണ്ണൂര്‍ സ്ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക. ഇല്ലെങ്കില്‍ മലയാള സിനിമയോട് തിയറ്റര്‍ ഉടമകള്‍ ചെയ്യുന്നത് അനീതിയാവും”, ഒമര്‍ ലുലു കുറിച്ചു. അതേസമയം ലിയോ കണ്ണൂര്‍ സ്ക്വാഡിന് ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് തിയറ്റര്‍ ഉടമകള്‍ മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു. ലിയോ വരുമ്പോള്‍ കണ്ണൂര്‍ സ്ക്വാഡിന് ഇപ്പോഴുള്ള തിയറ്ററുകളുടെ എണ്ണം സ്വാഭാവികമായും കുറയുമെന്നും എന്നാല്‍ നാലാം വാരത്തിലേക്ക് കടക്കുന്ന ഒരു ചിത്രത്തിന് അത്രയും തിയറ്ററുകള്‍ മതിയാവുമെന്നും തിയറ്റര്‍ ഉടമയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റുമായ ലിബര്‍ട്ടി ബഷീര്‍ മാധ്യങ്ങളോട് പറഞ്ഞിരുന്നു. “ആ സമയത്ത് അത്രയും തിയറ്ററുകള്‍ മതി എന്നതാണ് വാസ്തവം. റിലീസ് സമയത്ത് മള്‍ട്ടിപ്ലെക്സുകളില്‍ മൂന്നും നാലും സ്ക്രീനുകളില്‍ കളിച്ച ചിത്രത്തിന് ഇപ്പോള്‍ ഒരു സ്ക്രീന്‍ മതിയാവും. അത്രയും ആളേ ഉണ്ടാവൂ. പണ്ട് അറുപതും എഴുപതും തിയറ്ററുകളിലായിരുന്നു റിലീസ് എങ്കില്‍ ഇന്ന് 250- 300 തിയറ്ററുകളിലാണ്. അപ്പോള്‍ അത്രയും പ്രേക്ഷകര്‍ സിനിമ കണ്ടുകഴിഞ്ഞു. മറ്റൊരു കാര്യം ഈ വാരം ലിയോ റിലീസ് ആയാലും കാണാന്‍ പുതിയ മലയാള സിനിമയൊന്നും എത്തുന്നില്ല. അതിന്‍റെ ആനുകൂല്യം മമ്മൂട്ടിപ്പടത്തിന് കിട്ടും എന്നുമായിരുന്നു ലിബര്‍ട്ടി ബഷീറിന്‍റെ വാക്കുകള്‍.