താരങ്ങളോടുള്ള ആരാധന കൂടുമ്പോള്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്ന ആരാധകരുണ്ട്. പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍. റിലീസിങ് ദിവസം പാലഭിഷേകവും, പിന്നെ താരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രങ്ങള്‍ വരെ പണിയാറുമുണ്ട്. ജീവന്‍ തന്നെ അപകടത്തിലാക്കുന്ന വിധം ആരാധന കടന്നുപോകാറുമുണ്ട് പലപ്പോഴും.

അങ്ങനെ ഉലകനായകന്‍ കമല്‍ഹാസന്റെ കടുത്ത ആരാധകന്റെ ചിത്രമാണ് സോഷ്യല്‍ലോകത്ത് നിറയുന്നത്. കമല്‍ഹാസനോടുള്ള ആരാധന കടന്നപ്പോള്‍ വിക്ര’മിന്റെ ആദ്യ ദിന ഷോയുടെ 60 ടിക്കറ്റുകളാണ് ആരാധകന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ചന്ദ്ര എന്നയാളാണ് ഹൈദരാബാദിലെ പ്രസാദ് ഐമാക്സിലെ ആദ്യ ദിന ഷോയുടെ 60 ടിക്കറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. അറുപത് ടിക്കറ്റുകളും മാല കോര്‍ത്ത് കട്ടിലില്‍ കിടക്കുന്ന ആരാധകന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന് താഴെ ‘ബ്ലാക്കില്‍ വില്‍ക്കാനാണോ ഇത്രയധികം ടിക്കറ്റുകള്‍’, ഒരു ടിക്കറ്റ് തന്ന് സഹായിക്കുമോ’ തുടങ്ങിയ കമന്റുകളും ആരാധകര്‍ ചോദിക്കുന്നുണ്ട്.


ജൂണ്‍ മൂന്നിനാണ് വിക്രം തിയറ്ററുകളില്‍ എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. വിജയ് സേതുപതി ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലൂടെ എത്തുന്നുണ്ട്. സൂര്യ ചിത്രത്തിലെ മറ്റൊരു നിര്‍ണായക അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.

സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന നിമിഷത്തിലാണ് എത്തുന്നത്. നടന്റെ കഥാപാത്രമായിരിക്കും സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും ചിലപ്പോള്‍ മൂന്നാം ഭാഗമുണ്ടാകുമെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

‘അത് ഇനി ഒരു അഭ്യൂഹമല്ല. സൂര്യ അവിശ്വസിനീയമായ രീതിയില്‍ ഒരു അവസാന നിമിഷ അപ്പിയറന്‍സ് നടത്തുന്നുണ്ട്. അത് തന്നെയായിരിക്കും കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ചിലപ്പോള്‍ മൂന്നാം ഭാഗത്തിലേക്ക്’ എന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.