സിനിമ താരം കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം,കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം സംഭവിച്ചത്, സംസ്‍കാരം ഇന്ന് മട്ടാഞ്ചേരിയില്‍ നടക്കും.  നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാകുകയായിരുന്നു. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅമ്പതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.  നാടകത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത് .  പിന്നീട് കലാഭവൻ ട്രൂപ്പിലെ മുൻനിര  മിമിക്രി ആർട്ടിസ്റ്റായി മാറി. 1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. പിന്നീട് 1991 ല്‍ മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത് .

2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ‘ഈ പറക്കും തലികയിലെ മണവാളൻ  ,പാണ്ടിപ്പടയിലെ ചിമ്പു, കട്ടപ്പനയിലെ ഋതിക് റോഷനിൽ സോമനെന്ന് പേര് മാറ്റിയ ശശി തുടങ്ങിയവയൊക്കെ ഹനീഫിന്റെ  അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വേഷങ്ങളായിരുന്നു. പറക്കും തളികയിലെ മണവാളൻ   വളരെ അധികം ശ്രദ്ധിക്കപ്പെട്ടതാണ്. സിനിമയില്‍ ഹരിശ്രീ അശോകനും ദിലീപും അണിയിച്ചൊരുക്കുന്ന മണവാളന്‍ വേഷം വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്.  ഹനീഫിന്‍റെ  ഈ കഥാപാത്രം ഇന്നും സോഷ്യല്‍ മീഡിയ മീമുകളില്‍ സജീവമാണ്. ഇതിനോടകം നൂറ്റി അന്‍പതിലധികം സിനിമകളില്‍ ഹനീഫ് വേഷമിട്ടിട്ടുണ്ട്. സന്ദേശം, ഗോഡ്ഫാദർ, കാസർകോട് ഖാദർ ബായ്, വിസ്മയം, തെങ്കാശിപ്പട്ടണം, പച്ചക്കുതിര, ചോട്ടാ മുംബൈ, കേരളാ പൊലീസ്, ചട്ടമ്പിനാട് ,പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഉസ്താദ് ഹോട്ടല്‍, ദൃശ്യം അമർ അക്ബർ ആൻറണി, 2018 തുടങ്ങിയ സിനിമകളിലും സ്ർധേയമായ പ്രകടനം കാഴ്ചവെച്ചു .  ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. 

സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ഹനീഫ് സജീവമായിരുന്നു. മിന്നുകെട്ട് , നാദസ്വരം, തുടങ്ങിയ സീരിയലുകളിലും അദ്ദേഹം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കോമഡിയും മിമിക്‌സും പിന്നെ ഞാനും, അബീസ് കോർണർ, കോമഡിയും മിമിക്സും പിന്നെ ഞാനും, മനസ്സിലൊരു മഴവില്ല്, തിലാന തിലാന, തുടങ്ങിയ  അറുപതോളം ടെലിവിഷന്‍ ,ാേകളും  ചെയ്തിട്ടുണ്ട്. വിദേശ ടെലിവിഷന്‍ ഷോകളില്‍ എല്ലാം കലാഭവന്‍ ഹനീഫ് സജീവമായിരുന്നു. മട്ടാഞ്ചേരി സ്വദേശികളായ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ്. സ്കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ താരമായ ഹനീഷ് പിന്നീട് നാടത്തിൽ സജീവമായി. അവിടെ നിന്നുമായിരുന്നു കലാഭവനിലേക്ക് എത്തി. പിന്നീട് ഒട്ടനവധി വേദികളിൽ അദ്ദേഹം മിമിക്രിയും സ്കിറ്റുകളും അവതരിപ്പിച്ച് കയ്യടി നേടുകയും ചെയ്തു. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്, എന്നിങ്ങനെ രണ്ടുമക്കളാണ് ഇവര്‍ക്കുള്ളത്. 2022 ഡിസംബറില്‍ ആയിരുന്നു മൂത്തമകൻ ഷാറൂഖിന്റെ വിവാഹം. പ്രിയ സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം ഇപ്പോൾ. നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്ത് എത്തുന്നത്. “എന്‍റെ പൊന്നു സഹോദരന് ആയിരം പ്രണാമങ്ങൾ. അകാലത്തിലുള്ള ഈ ഈ യാത്ര വേണ്ടായിരുന്നു എൻറെ പൊന്നു സഹോദരാ.. വേദനയോടെ ഈ പട്ടാളക്കാരൻ്റെ സല്യൂട്ട് സ്വീകരിച്ചാലും.. പ്രണാമം”, എന്നാണ് മേജര്‍ രവി കുറിച്ചത്. “ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെപ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട” എന്നാണ് ദിലീപ് കുറിച്ചത്.