അമാനുഷിക ശക്തിയുള്ള ഒരു സ്ത്രീയായി കാജള്‍ അഗര്‍വാള്‍  ഡീകെ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നതാണ്. കാജളിനെ കൂടാതെ വേറെയും മൂന്ന് നായികമാര്‍ ചിത്രത്തിലുണ്ടാവും എന്നായിരുന്നു ഏറ്റവും ഒടുവില്‍ കേട്ട വിവരം. എന്നാല്‍ ലോക്ക് ഡൗണ്‍ സമയത്ത് മറ്റ് നായികമാര്‍ ആരൊക്കെയാണെന്ന് തീരുമാനിയ്ക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു എന്ന് സംവിധായകന്‍ ഡീകെ പറഞ്ഞു.

ഇപ്പോള്‍ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഇതൊരു ഹൊറര്‍ ചിത്രമാണ്. എന്നാല്‍ ജനങ്ങള്‍ ഇതുവരെ കാണാത്ത തരം വ്യത്യസ്തമായ ഒരു ഹൊറര്‍ ചിത്രമാണ്. ചില ഹൊറര്‍ ചിത്രത്തില്‍ കഥയുണ്ടാവില്ല, ഹൊറര്‍ മാത്രമായിരിയ്ക്കും. ചിലതില്‍ ഇമോഷന്‍ ഉണ്ടാവില്ല. ചില ഹൊറര്‍ ചിത്രങ്ങള്‍ കോമഡി മാത്രമായിരിയ്ക്കും. എന്നാല്‍ ഇതെല്ലാം കൂടിയ ഒരു ‘ജുഗല്‍ബന്ദി’യാണ് ഈ സിനിമ എന്ന് സംവിധായകന്‍ പറയുന്നു.

കാജള്‍ അഗര്‍വാളിനെ കൂടാതെ, ജനനി അയ്യന്‍, റെജിന കസന്‍ഡ്ര, റൈസ വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. നാല് നായികമാരെ ഒന്നിപ്പിച്ചൊരു സിനിമ ഒരുക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍, നാല് പേരും നല്ല സഹകരണമായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. നാല് പേരുടെയും ഡേറ്റ് ഒരുമിച്ചു കിട്ടുന്നതിലായിരുന്നു പ്രയാസം. എല്ലാവരെയും നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. കഥ പറഞ്ഞു കേട്ടപ്പോള്‍ തന്നെ നാല് പേരും സമ്മതം അറിയിക്കുകയും ചെയ്തു.