നെൽസൺ ദിലീപ് കുമാർ രജനികാന്തിനെ നായകൻ ആക്കി സംവിധാനം ചെയ്യുന്ന “ജയിലർ” എന്ന ചിത്രത്തിൽ  ഒരു നിർണായക കഥാപാത്രമായി മലയാള നടൻ വിനായകൻ ഉണ്ടാവുമെന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഇപ്പോൾ വിനായകൻ ചിത്രത്തിലുണ്ടെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. സൺ പിക്ചേഴ്സ്  റിലീസ് ചെയ്‌ത ചിത്രത്തിൻറെ കാസ്റ്റിംഗ് വിഡിയോയിലൂടെയാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.താരം ചിത്രത്തിൽ പ്രതിനായകനെ അവതരിപ്പിച്ചേക്കുമെന്നാണ്  സൂചന. പടയപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനീ കാന്തും രമ്യ കൃഷ്‌ണനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം എന്ന പ്രേത്യേകത കൂടി ജയിലറിനുണ്ട്. 23 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

ജൂൺ 17 ന് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. ഓഗസ്റ് 22 നാണു ജയിലർ ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം രജനിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ആദ്യ ചിത്രം ഡോക്ടർ വിജയകരം ആയിരുന്നെങ്കിലും ബീസ്റ്റ് എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത് . ജയിലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ  കണ്ണുകളിൽ  രൗദ്ര ഭാവത്തോടെ കൈകൾ പുറകിൽ കെട്ടി നിൽക്കുന്ന തലൈവരുടെ പോസ്റ്റർ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.