കുഞ്ഞുങ്ങളുടെ ജനനം എല്ലായ്‌പ്പോഴും സന്തോഷവും കൗതുകവും നിറയ്ക്കുന്നതാണ്. അപ്പോള്‍ വിമാന യാത്രയ്ക്കിടെ ആകാശത്ത് ജനിയ്ക്കുന്ന കുഞ്ഞുങ്ങളുടെ വിശേഷമറിയാന്‍ കൗതുകവും കൂടും.

അത്തരത്തില്‍ ആകാശത്ത് പിറന്ന മാലാഖകുഞ്ഞാണ് സോഷ്യല്‍ ലോകത്തിന്റെ മനം കവരുന്നത്. ‘ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് യുവതി കുഞ്ഞിനു ജന്മം നല്‍കിയ വാര്‍ത്ത പങ്കുവച്ചത്.

കുഞ്ഞിന്റെ ജനനവും ആ അമ്മ തന്റെ കുഞ്ഞിനു നല്‍കിയ പേരിനെ കുറിച്ചാണ് അവര്‍ കുറിപ്പില്‍ പങ്കുവയ്ക്കുന്നത്. ഹൃദയം നിറയുന്ന കുറിപ്പാണെന്നും ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് കുറിച്ചു.

ശാന്തവും മാതൃകാപരവുമായിരുന്നു വിമാനത്തിലെ അറ്റന്റന്റ് ഡയാന ഗിരാള്‍ഡോയുടെ നേതൃത്വത്തിലുള്ള സാഹസിക പ്രവൃത്തി എന്നാണ് ക്യാപ്റ്റന്‍ ക്രിസ് നേ ഈ സംഭവത്തെ കുറിച്ചു പറയുന്നത്. വിമാനത്തില്‍ ജനിച്ചതു കൊണ്ടു തന്നെ ‘Sky’ എന്നു ചേര്‍ത്താണ് അമ്മ തന്റെ കുഞ്ഞിനു പേരിട്ടതെന്നും അവര്‍ പറയുന്നു.

‘വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പ് അമ്മയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കുഞ്ഞിന് ജന്മം നല്‍കുന്നതിനായി യുവതിയെ ഡയാന സഹായിച്ചു. വിമാനത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഡയാനയുടെ നേതൃത്വത്തില്‍ യുവതിയെ സഹായിക്കാനായി എത്തിയിരുന്നു.

പെന്‍സാകോള വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും എല്ലാം ശുഭമായി അവസാനിച്ചു. എയര്‍ക്രാഫ്റ്റിലെ പുതുപിറവിയില്‍ സഹായവുമായി എത്തിയ എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുകയാണ്.’ ക്യാപ്റ്റന്‍ കുറിച്ചു.
കുഞ്ഞിന്റെയും ക്രൂ അംഗങ്ങളുടെയും ചിത്രങ്ങളും കുറിപ്പിനൊപ്പം എയര്‍ലൈന്‍സ് അധികൃതര്‍ പങ്കുവച്ചു.