മുതിർന്ന നാടക സിനിമ  നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസായിരുന്നു .വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .ഹൃദയാഘാതമാണ് മരണ കാരണം .ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ശാരദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും, ഇന്ന്  പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു .

കോഴിക്കോട്  വെള്ളിപറമ്പ് ആണ്  ശാരദയുടെ ജന്മസ്ഥലം .നാടകങ്ങളിൽസജീവമായിരുന്ന നടി 1979-ൽ ‘അങ്കക്കുറി’ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചു .തുടർന്ന് 1985 – 87 കാലങ്ങളില്‍ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.ഇതിന് പുറമെ  ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷന്‍, കുട്ടിസ്രാങ്ക്. എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ കോഴിക്കോട്  ശാരദ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകളിൽ എല്ലാം ചെറിയ വേഷമായിരുന്നു ശാരദയുടേത്  എങ്കിലും തന്റെ  സംസാര ശൈലിയും അഭിനയ കഴിവും  കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ  തൻ്റേതായ വ്യക്തിമുദ്ര സിനിമയിൽ പതിപ്പിക്കാൻ അവർക്ക് സാധിച്ചു .

സിനിമകള്‍ കൂടാതെ കുറച്ച്  ടെലിവിഷന്‍ സീരിയലുകളിലും ശാരദ അഭിനയിച്ചിരുന്നു .അതുകൊണ്ട് തന്നെ  ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ജനപ്രിയ മുഖമാണ് ശാരദയുടേത് .ഉമാദ, സജീവ്, രജിത, ശ്രീജിത്ത് എന്നിവരാണ് ശാരദയുടെ മക്കൾ .