ഒരു അമ്മയെ സംബന്ധിച്ച് തന്റെ കുഞ്ഞിന്റെ ജന്മദിനത്തിൽ ഓർക്കാൻ പറ്റിയ വിഷയമാണ് തന്റെ പ്രസവാനുഭവങ്ങൾ, തന്റെ കുഞ്ഞിനെ ആദ്യമായി കണ്ട ദിവസത്തെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ശ്രീജ ശ്രീ, ഒരു അമ്മയെ സംബന്ധിച്ച് തന്റെ കുഞ്ഞിന്റെ ജന്മദിനത്തിൽ ഓർക്കാൻ പറ്റിയ വിഷയമാണ് തന്റെ പ്രസവാനുഭവങ്ങൾ… ഒൻപതുമാസം കാത്തിരുന്ന് തന്റെ കൺമണിയെ കാണുന്നു എന്നത് മാത്രമാകില്ല തനിക്കും പ്രസവിക്കാൻ സാധിക്കുമോ, വേദന സഹിക്കാനാകുമോ, സി സെക്ഷൻ ആകുമോ, പ്രസവസമയത്ത് എന്തെങ്കിലും രീതിയിലുള്ള കോംപ്ലിക്കേഷൻ ഉണ്ടാകുമോ എന്നുവേണ്ട തന്നെ നോക്കുന്ന ഡോക്ടർക്കും തനിക്കും കോവിഡ് പിടികൂടല്ലേ ആ സമയം എന്നുവരെയുള്ള വേണ്ടതും വേണ്ടാത്തതുമായ അനേകായിരം ചിന്തകൾ കൊണ്ടുകൂടിയാണ് പ്രസവത്തിനായി തയാറെടുക്കുന്നത്.പ്രസവാനുഭവത്തിൽ ഏറ്റവും പ്രധാനമാണ് നമ്മുടെ ഡോക്ടറുടെ സമീപനവും. എന്റെ ഗർഭകാലത്ത് എനിക്കേറെ കംഫർട്ട് ആയ എപ്പോഴും ചിരിച്ച മുഖത്തോടെയുള്ള കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിലെ ഡോ.സിമി തോമസിനെ ഗൈനക്കായി ലഭിച്ചതും ഒരു ഭാഗ്യമായി കാണുന്നു. 2020 ആഗസ്‌റ്റ് 27ന് വൈകിട്ട് 5.20 നാണ് 22 മണിക്കൂർ നീണ്ടുനിന്ന പ്രസവവേദനക്ക് വിരാമമിട്ട് വാമിക്കുട്ടി പിറന്നുവീഴുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം 26ന് 11.30 ഓടെയാണ് ഞങ്ങൾ (ഞാനും,ശ്രീജിത്തും,തങ്കിയും) ആശുപത്രിയിൽ എത്തുന്നത്.

കോവിഡ് ആദ്യ ലോക്ക്ഡൗൺ കഴിഞ്ഞുള്ള സമയം ആയതിനാൽ അച്ഛനോടും അമ്മയോടും അന്നേ ഹോസ്പിറ്റലിലേയ്ക്ക് എത്തേണ്ടന്ന് പറഞ്ഞിരുന്നു. സ്ഥിരം ചെക്കപ്പിന് പോകുമ്പോഴെല്ലാം ശ്രീജിത്തായിരുന്നു കൂടെ വരുക. പ്രസവസമയത്ത് രാമേട്ടൻ കൂടെവേണമെന്ന് ഏറെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗണും ഫ്ലൈറ്റില്ലായ്മയും അതിന് തടസമായി.എന്നത്തേയും പോലെ അന്നും സിമി ഡോക്ടർ നിറഞ്ഞ സ്നേഹത്തോടെ എന്നെ പരിശോധിച്ചു. ഡോക്ടർ പി.വി ചെയ്തിട്ട് എന്നോടു പറഞ്ഞു മോളേ രണ്ട് കോംപ്ലിക്കേഷൻസ് ആണ് ഇപ്പോഴുള്ളത്. ഒന്ന് കുഞ്ഞിന്റെ പൊസിഷൻ സഫാലിക് പ്രസന്റെഷൻ ആണെങ്കിലും തല പെൽവിക്സിലേയ്ക്ക് ഇറങ്ങാനായുണ്ട്, മറ്റൊന്ന് ഒരു 4.5 സെ.മി ഉള്ള ഫൈബ്രോയിഡ് കാരണമാകാം തല ഇറങ്ങാൻ പ്രയാസം എന്ന്. അങ്ങനെ വന്നാൽ സി സെക്ഷൻ ആകാനും ചാൻസ് ഉണ്ട്. എന്തായാലും നമുക്ക് നോക്കാം എന്ന്. പ്രസവം പ്രസവമെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന എന്റെ മനസറിയുന്ന ഡോക്ടർ എല്ലാം നന്നായി നടക്കും ഡാ എന്ന് പറഞ്ഞാണ് അഡ്മിഷന് എഴുതിയത്.

റൂം നേരത്തേ ബുക്ക് ചെയ്തിട്ടതിനാൽ അഡ്മിഷൻ ടൈംമിൽ ബൈസ്റ്റാൻറർക്ക് ഒരു ദിനം കഴിയാനുള്ള റൂമിന്റെ കാര്യങ്ങൾക്കൊക്കെയായി ശ്രീജിത്തിനെ ഒരുസിസ്റ്റർ വന്ന് കൂട്ടിക്കൊണ്ടുപോയി. അതും കഴിഞ്ഞ് ലേബർ റൂമിലേയ്ക്ക് എന്നെയും കൂട്ടി ആ സിസ്റ്റർ നടന്നു. ലേബർ റൂമിലേയ്ക്കുള്ള എന്റെ യാത്രയിൽ പ്രസവം കഴിഞ്ഞ സർവ്വചരാചരങ്ങളേയും ഒരു നിമിഷം ഓർത്തുപോയി. അവിടെ എത്തി എന്റെ ഡ്രസും ആഭരണങ്ങളും ഒക്കെ ഊരി തങ്കിയെ ഏൽപിച്ച് അവർ നൽകിയ ഡ്രസ് ഇട്ട് ഭക്ഷണവും കഴിച്ച് ലേബർ റൂമിന്റെ ഫസ്റ്റ് സ്റ്റേജ് റൂമിൽ എനിക്കായി നൽകിയ മൂന്നാമത്തെ ബെഡിൽ പോയിക്കിടന്നു. എന്റെ ബി.പി, കുഞ്ഞിന്റെ ഹാർട്ട്ബീറ്റ് ഒക്കെ ഇടക്കിടക്ക് സിസ്റ്റർമാർ നോക്കുന്നുണ്ടായിരുന്നു. നാലു മണിയോടെ എനിക്ക് ഒരു ഗുളിക നൽകി.

അത് കഴിച്ച് കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും വയർ നല്ല ടൈറ്റാക്കുന്ന അവസ്ഥ. കൺട്രാക്ഷൻ സാർട്ട് ചെയ്യുന്നതാണെന്നും വേദന തോന്നിത്തുടങ്ങുമ്പോൾ പറയണമെന്നും പറഞ്ഞു. കുഞ്ഞിന്റെ അനക്കം അറിയുന്നതിനൊപ്പം ഒരു പേനപോലെയുള്ള മിഷ്യനിൽ എത്ര അനക്കമെന്ന് നോക്കി പ്രസ് ചെയ്യാൻ തന്നതും കുഞ്ഞിന്റെ ഹാർട്ട്ബീറ്റ് വയറിൽ ഘടിപിച്ച മിഷ്യനിലൂടെ കേൾക്കാൻ കഴിയുന്നതും സന്തോഷം നൽക്കുന്നതായിരുന്നു. രണ്ട് ഇഞ്ചക്ഷനും കിട്ടി.ആറുമണി കഴിഞ്ഞപ്പോൾ മുതൽ കുഞ്ഞുവേദന ആരംഭിച്ചു. ഇടക്കിടെ വരുന്ന വേദന. ഇടയ്ക്ക് പി.വി ചെയ്യലും ലേബർ റൂമിലൂടെയുള്ള നടപ്പും ബോൾ കൊണ്ട് ഇരുന്ന് എട്ട് എടുക്കുന്ന എക്സർസൈസും ഒക്കെ ഡോക്ടറുടെ നിർദേശപ്രകാരം നടന്നുകൊണ്ടേ ഇരുന്നു. പരിശോധനയില്ലാത്ത സമയത്ത് ഫോണിലൂടെ രാമേട്ടനോടും വീട്ടിലും സിസ്റ്റർമാരോടും അടുത്ത ബെഡിൽ കിടന്ന ശ്രീജയോടും ഒക്കെ സംസാരിച്ചു. എപ്പോൾ എങ്ങനെ എന്നൊന്നും അറിയാത്ത മണിക്കൂറുകൾ’ അവിടുന്നങ്ങ് ആരംഭിക്കുകയായിരുന്നു.

വേദന അഞ്ച് മിനിട്ട് ഇടവിട്ടു വന്നത് മൂന്നു മിനിട്ടായി. വയറിന്റെ ഓരോ പാളിയിലും വലിച്ചുമുറുക്കിയെടുക്കുന്ന വേദന. സെർവിക്സ് ഓപ്പണായിതുടങ്ങിയിട്ടുണ്ടെന്നും പുലർച്ചയോടെ പ്രസവം നടക്കാൻ ചാൻസ് ഉണ്ടെന്നും പി.വി ചെയ്ത സിസ്റ്റർ പറഞ്ഞു. രേശ്മ പറഞ്ഞ് ലേബർ റൂമിലെ സിസ്റ്റർമാർക്ക് കുറച്ചുപേർക്ക് എന്നെ അറിയാമായിരുന്നു. രാത്രി 12 കഴിഞ്ഞപ്പോൾ എനിമ നൽകി. വേദന കൂടിയും കുറഞ്ഞും അങ്ങനെ നിന്നതിനാൽ ഒരു പൊടി കണ്ണടക്കാൻ കഴിയാഞ്ഞരാത്രിയായി അത് മാറി. രാവിലെ കഴിക്കാൻ ചായകുടിക്കാത്ത എനിക്ക് ബ്രഡ്ഡും ചൂടുവെള്ളവും നൽകി.ഒൻപതു മണിയോടെ ഡോക്ടർ വന്നു. പതിയെ എന്നെ പിടിച്ച് എഴുന്നേൽപിച്ച് എങ്ങനുണ്ട് മോളേ എന്നുള്ള ചോദ്യത്തോടെയാണ് ഡോക്ടർ എന്നെ പരിശോധിക്കാനെത്തിയത്. പി.വി കഴിഞ്ഞു എന്നോടായി പറഞ്ഞു വേദന നന്നായി വരട്ടെ വൈകിട്ടോടെ പ്രസവം നടക്കുമെന്ന്.

എന്നിട്ട് വാട്ടർ ഞാൻ ബ്രേക്ക് ചെയ്യുന്നേ എന്നും പറഞ്ഞ് പൊട്ടിച്ചുവിട്ടു. വാട്ടർ ബ്രേക്ക് ചെയ്ത് കഴിഞ്ഞപ്പോഴേയ്ക്ക് എനിക്ക് വേദന വളരെ വേഗത്തിൽ കൂടിവരുന്നതായി മനസിലായി. കൂടെ ട്രിപ്പും സ്റ്റർട്ട് ചെയ്തു. സെർവിക്സ് നാല് സെ.മീ. ഓപ്പണായി. 11.20 ആയപ്പോഴേക്കും പെട്ടന്ന് എന്റെ ബി.പി താഴുകയും പെട്ടന്നൊരു ഷിവറിംഗ് ഉണ്ടാകുകയും ചെയ്തു. അപ്പോഴൊക്കെ ഡോക്ടർ എനിക്കൊപ്പമിരുന്ന് വയറിൽ തടവി എന്നെ നോർമലാക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു. പെട്ടന്ന് ബി.പി നോർമലാകുകയും ചെയ്തു.പിന്നീടങ്ങോട്ട് വേദന കൂടുകയായിരുന്നു. ഇത്തിരി നടക്കാൻ കഴിഞ്ഞെങ്കിൽ ലേബർറൂം വിട്ട് ഓടി രക്ഷപെടാൻ തോന്നിയ സമയം. നാലുമണി ആയപ്പോഴേയ്ക്കും സെർവിക്സ് 8 സെ.മീ ഓപ്പണായിട്ടുണ്ടായിരുന്നു. കൺട്രാക്ഷൻ കൂടുന്നതിനനുസരിച്ച് ഞാൻ ഡോക്ടറിനോട് വേദന കൂടുന്നു ഡോക്ടർ എന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു.

വയറിന്റെ ഓരോപാളിയിലും വേദന നിറയുന്ന അനുഭവം സിസ്റ്റർമാരും സ്വീപ്പർ ചേച്ചിയും ഒക്കെ എന്റെ കാലുതിരുമിതന്ന് അടുത്തുതന്നെയുണ്ട്. അവരോടൊക്കെ ഈ ദിനം എത്ര നന്ദി പറഞ്ഞാലും തീരില്ല.5.10 ഓടെ എന്നെ ലേബർ റൂമിന്റെ സ്യൂട്ട് റൂമിലേക്ക് മാറ്റുന്നു. ശക്തമായ വേദന വരുമ്പോൾ നന്നായി പുഷ് ചെയ്തോണം എന്ന് എന്റെ ഡോക്ടർ എന്നോട് പറയുന്നുണ്ട്. ഇടക്കിടെ മയങ്ങരുതേ പുഷ് ചെയ്യണേ എന്നൊക്കെയും പറയുന്നുണ്ട്. രണ്ടാമത്തെ പുഷിന് ഡോക്ടർ എന്നോടായി പറഞ്ഞു മോളേ കുഞ്ഞിന്റെ തല വരുന്നുണ്ടേ നന്നായി പുഷ് ചെയ്യണേ എന്ന്. ഞാൻ പുഷ്ചെയ്യുന്നതിനനുസരിച്ച് ലേബർ റൂമിലുള്ള മൂന്ന് ഡോക്ടർമാരും സിസ്റ്റേഴ്സ്റ്റും എന്റെ വയറിൽ അമർത്തുന്നുണ്ടായിരുന്നു. അങ്ങനെ അഞ്ചാമത്തെ പുഷിൽ എപ്പിസോട്ടോമി (വജൈനൽ കട്ട്) ഡോക്ടർ ഇട്ടതും പിന്നീട് കൊച്ചുവാമിയുടെ കരച്ചിലും ഞാൻ അറിഞ്ഞു. അവളെ സിസ്റ്റർ മോളാ എന്നും പറഞ്ഞ് എന്റെ കവിളോട് ചേർത്ത് പിടിച്ചപ്പോൾ അത്രയും നേരത്തെ എന്റെ എല്ലാ വേദനകളും അതോടെ ഇല്ലാതെയായതും ഞാൻ അറിഞ്ഞു. അങ്ങനെ ഞാനും വാമിയുടെ അമ്മയായി ശ്രീദേവി അമ്മയുടെ മകളായി ഞാൻ ജനിച്ച ദിവസം തന്നെ.