മലയാളത്തിലെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. ഇപ്പോൾ സ്വന്തവുമായി നിർമ്മാണ കമ്പനിയുമുള്ള ദുൽഖർ മലയാളത്തിൽ ചെയ്യുന്ന ചിത്രങ്ങളിൽ അധികം ചിത്രങ്ങളും സ്വന്തം നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിച്ചാണ് അഭിനയിക്കുന്നത്. വരനെ ആവശ്യമുണ്ട്, കുറുപ്പ്, സല്യൂട്ട് എന്നീ തന്റെ ചിത്രങ്ങൾ അദ്ദേഹം ഈ ബാനറിൽ നിർമ്മിച്ചതാണ്. ഇനി വരാനുള്ള ദുൽഖർ ചിത്രങ്ങളും നിർമ്മിക്കുന്നത് അദ്ദേഹം തന്നെയാണ്.

തന്റെ നിര്‍മാണ കമ്പനി ഒരിക്കലും വ്യക്തിപരമായ ആവശ്യത്തിനുണ്ടാക്കിയതല്ലെന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത്. സിനിമയില്‍ തന്റെ പ്രതിഫലം കൂട്ടാനോ കുറക്കോനോ വേണ്ടിയുള്ള സംരഭമായി നിര്‍മാണ കമ്പനിയെ കണ്ടിട്ടില്ലെന്നും, സ്വന്തം കാലില്‍നില്‍ക്കുന്ന, ലാഭമുണ്ടാക്കാന്‍ കഴിയുന്ന ഒരു കമ്പനിയായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആഗ്രഹമെന്നും ദുൽഖർ പറയുന്നു. സിനിമയില്‍ നിന്ന് കിട്ടുന്നത് പരമാവധി വേറെ സിനിമകളിലേക്ക് നിക്ഷേപിക്കാന്‍ പറ്റണമെന്നും തന്റേതല്ലാത്ത ചിത്രങ്ങളും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ നിര്‍മാണവും അഭിനയവും ഒരുമിച്ച് ചെയ്തിട്ടും നടന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം വര്‍ധിച്ചിട്ടില്ല എന്ന് പറഞ്ഞ ദുൽകർ, പുറത്തുള്ളൊരു കമ്പനിയുടെ സിനിമയില്‍ ജോലിചെയ്യുന്നതിനെക്കാള്‍ കംഫര്‍ട്ടബിളായി തോന്നുന്നത് തന്റെ നിര്‍മാണക്കമ്പനിക്കുവേണ്ടി അഭിനയിക്കുമ്പോഴാണ് എന്നും കൂട്ടിച്ചേർത്തു. തന്റെ കമ്പനിയുടെ ടീം ആണ് അതിനു കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.