ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബര്‍ 19ന് പ്രേക്ഷകർക്ക് മുൻപിൽ എത്തും. വലിയ ഹൈപ്പിലുള്ള സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ്. സിനിമ തുടങ്ങിയ ശേഷമുള്ള ആദ്യത്തെ പത്ത് മിനിറ്റ് ഒരിക്കലും മിസ്സ് ചെയ്യരുതെന്നും അതിന് വേണ്ടിയാണ് താന്‍ അടക്കമുള്ള വലിയ ക്രൂ ഒരു വര്‍ഷകാലം പണിയെടുത്തതെന്നും പറയുകയാണ് ലോകേഷ്. പ്രേക്ഷകരോട് പറയാനുള്ളത് ഒറ്റ കാര്യം മാത്രമാണ്, ലിയോയുടെ ആദ്യത്തെ പത്ത് മിനിറ്റ് നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്. ആ പത്ത് മിനിറ്റിന് വേണ്ടിയാണ് വലിയൊരു ക്രൂ ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ടത്.സിനിമയുടെ ആദ്യത്തെ പത്ത് മിനിട്ട് ഉറപ്പായും പ്രേക്ഷകര്‍ക്ക് വിരുന്ന് തന്നെ ആകുമെന്നും ലോകേഷ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷിൻറെ പ്രതികരണം. വിജയ് നായകനായെത്തുന്ന ‘ലിയോ’യുടെ ചിത്രീകരണത്തിനായി ആദ്യം പരിഗണിച്ചത് മൂന്നാർ ആണെന്ന് ലോകേഷ് പറഞ്ഞിരുന്നു. ഷൂട്ടിങ്ങിനുവേണ്ടി മൂന്നാറിലെത്തി ലൊക്കേഷനുകൾ കണ്ടിരുന്നുവെന്നും എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നെന്നും ലോകേഷ് പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലായിരുന്നു ലോകേഷ് ഇക്കാര്യം പറഞ്ഞത്. എന്തുകൊണ്ട് കാശ്മീരിൽ ലിയോയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലോകേഷ്. ‘മൂന്നാറിലാണ് ലിയോ ആദ്യം ഷൂട്ട് ചെയ്യാൻ പദ്ധതിയിട്ടത്. ലൊക്കേഷനും കണ്ടു. പക്ഷേ പിന്നീട് തീരുമാനം മാറ്റി. തെന്നിന്ത്യയിൽ എവിടെയും വിജയ് അണ്ണനെ ഒരു റോഡിൽ നിർത്തി ഷൂട്ട് ചെയ്യാനാകില്ല. അല്ലെങ്കിൽ ആ രംഗത്തിന് വേണ്ടി സെറ്റിടണം. മൂന്നാറിൽ ഞാൻ പോയാൽ പോലും വലിയ തിരക്കായിരിക്കും. അപ്പോൾ അദ്ദേഹം പോയാലോ. അതിനാൽ അജ്ഞാതമായ ഒരു സ്ഥലത്തേയ്ക്ക് ഷൂട്ട് മാറ്റാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കാശ്മീരിൽ ചെയ്യാമെന്ന് കരുതിയത്. ലിയോയിലെ ഫൈറ്റ് സീനുകളെ കുറിച്ചും ലോകേഷ് പറഞ്ഞിരുന്നു. ഡ്യൂപ്പിനെ വെയ്ക്കാൻ വിജയ് സമ്മതിച്ചില്ലെന്നാണ് ലോകേഷ് പറയുന്നത്. അപകട സാദ്ധ്യതയുള്ള സംഘട്ടനങ്ങൽ ധാരാളമുണ്ടായിട്ടും ഡ്യൂപ്പിന്റെ സഹായമില്ലാതെ വിജയ് അത് ചെയ്തു. ഇതുവരെ കാണാത്ത തരത്തിൽ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു വിജയിയുടെ ആഗ്രഹം. ഇനി ലിയോ പോലത്തെ ഡാർക്ക് ക്രൈം പടം വിജയ് ചെയ്യുമോ എന്ന് അറിയില്ലെന്നും മൂന്ന് വർഷമായി ഈ കഥ ചർച്ച ചെയ്യുന്നുവെന്നും ലോകേഷ് പറഞ്ഞു. ലോകേഷിന്റെ വാക്കുകൾ ഇങ്ങനെയാണ് ‘വിജയ് അണ്ണന് അദ്ദേഹത്തിന്റെ കംഫർട്ട് സോണിൽ തുടരണമായിരുന്നെങ്കിൽ ഈ പടം ചെയ്യാനായി എന്നെ വിളിക്കില്ലായിരുന്നു. ഇതുവരെ കാണാത്ത തരത്തിൽ എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതൊക്കെ അദ്ദേഹം ചെയ്യുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഇനി ലിയോ പോലത്തെ ഡാർക്ക് ക്രൈം പടം വിജയ് അണ്ണൻ ചെയ്യുമോ എന്നറിയില്ല. ഇതിൽ ഗംഭീരമായി ചെയ്തിട്ടുണ്ട്. മൂന്ന് വർഷമായി ഞങ്ങൾ ഈ കഥ ചർച്ച ചെയ്യുന്നു. എന്നെക്കൊണ്ട് സാധിക്കില്ലെങ്കിൽ ഞാൻ പറയാം, അത് വരെ ഡ്യൂപ്പിനെക്കുറിച്ച് ചിന്തിക്കരുതെന്നും തറപ്പിച്ച് പറഞ്ഞു. ഫൈറ്റ് മാസ്റ്റേഴ്‌സ് വേണ്ടെന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. തന്റേതിന് പകരം വേറെ ആളുടെ കൈ കാണിച്ചാലും ആരാധകർ കണ്ടുപിടിക്കുമെന്ന് ഞങ്ങളെ ഓർമിപ്പിച്ചു. ലൊക്കേഷനിലാണെങ്കിലും ദിവസവും അദ്ദേഹം കാർഡിയോ ചെയ്യും. ഷർട്ട് ഊരുന്ന സീനുണ്ടെങ്കിൽ 30 ദിവസത്തിന് മുൻപേ അറിയിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. 40 മിനിറ്റ് കാർഡിയോ ചെയ്യും. പുഷ്അപ്പ്, പുൾഅപ്പ് ഒക്കെ എടുക്കും. കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ എന്നും ലോകേഷ് കനകരാജ് പറഞ്ഞു.തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.
