പ്രബുദ്ധവും സാക്ഷരവും ആയ സമൂഹം എന്ന്‌ അറിയപ്പെടുന്ന നമ്മുടെ കേരളത്തിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീകൾക്ക്‌ നേരെയുള്ള അതിക്രമം ഉണ്ടാകുന്നത്‌ അവിശ്വസനീയമായി തോന്നുന്നു. ഈ അടുത്ത കാലത്ത്‌ കേരളത്തിൽ സംഭവിച്ച സ്ത്രീധനവുമായി ബന്ധപ്പെട്ട പെൺകുട്ടികളുടെ ആത്മഹത്യകൾ മലയാളികളുടെ ഇടയിൽ ഇന്നും അന്തർലീനമായി കിടക്കുന്ന സാമൂഹികമായ പുഴുക്കുത്തുകൾ തുറന്നു കാട്ടുന്നു. ഇതിന്റെ മൂലകാരണമായി തോന്നുന്നത്‌ നമ്മുടെ പരമ്പരാഗതമായ പുരുഷ കേന്ദ്രീകൃതമായ മാനസികാവസ്ഥ തന്നെയാണെന്നും പലർക്കും അറിയാമെങ്കിലും മാറ്റത്തിനുള്ള ശ്രമങ്ങൾക്കു വേഗം പോര.പെൺകുട്ടികളോടുള്ള മനോഭാവം വളരുന്നതും വളർത്തുന്നതും വീട്ടിൽ നിന്നാണല്ലോ. ആൺകുട്ടികൾ ചെറുപ്പം മുതൽ മേൽക്കോയ്മ മനോഭാവത്തോടെയും സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആർജവം ഇല്ലാതെയും വളർന്നു വരുന്നു.

സ്ത്രീകളോടു മാനുഷിക പരിഗണന കാണിക്കേണ്ടതില്ലെന്ന ധാരണ അറിഞ്ഞോ അറിയാതെയോ രക്ഷിതാക്കൾ തന്നെ ഉണ്ടാക്കുകയാണിവിടെ. പലരുടെയും വിഷമങ്ങൾ കാണുന്ന ഡോക്ടർ എന്ന നിലയിൽ മാത്രമല്ല, സ്ത്രീധനത്തിന്റെ പേരിൽ വൈകാരികവും ശാരീരികവുമായ പീഡനം അനുഭവിക്കേണ്ടി വന്ന സ്ത്രീ എന്ന നിലയിലും ഈ വേദന ഞാൻ അനുഭവിച്ചിട്ടുണ്ട്.ഈയടുത്തു ജീവനൊടുക്കിയ ആ പെൺകുട്ടിയുടെ ഭർത്താവിനു ടൊയോട്ട കാർ മതിയാകാതെ വന്ന അനുഭവം കേൾക്കുമ്പോൾ എന്റെ ദുരനുഭവം ഓർത്തു പോകുന്നു. 14 വർഷം മുൻപ്‌ എന്റെ മാതാപിതാക്കൾ എന്റെ മുൻ-ഭർത്താവിന്‌ വിവാഹ സമ്മാനം എന്ന രീതിയിൽ ഒരു ടൊയോട്ട കാർ കൊടുത്തിരുന്നു.

എന്നാൽ അയാൾ പ്രതീക്ഷിച്ചത്‌ ബെൻസ്‌ കാർ ആയിരുന്നു എന്ന്‌ പറഞ്ഞ് എന്നെ അവഹേളിച്ചു കൊണ്ടേയിരുന്നു. അങ്ങനെ എന്റെ വീട്ടുകാർ പുതിയ കാർ വാങ്ങിക്കൊടുക്കാൻ നിബന്ധിതരായി. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്ത പെൺകുട്ടികൾ അനുഭവിക്കുന്ന ക്ലേശങ്ങൾ ഹൃദയഭാരത്തോടെ മാത്രമേ എനിക്ക്‌ ഓർക്കാൻ കഴിയൂ. എംബിബിസ്‌ ഡോക്ടർ ആയിരുന്നിട്ടു കൂടി എനിക്ക്‌ സ്വന്തമായി നിലപാട്‌ എടുക്കാനോ എനിക്ക്‌ ഇഷ്ടപ്പെട്ട സ്പെഷ്യൽറ്റി തിരഞ്ഞെടുക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടായില്ല.എറണാകുളത്തെ ആശുപത്രി ഉടമകളായ ഡോക്ടർ കുടുംബത്തിലേക്കു മരുമകളായി ചെന്നുകയറിയ എനിക്ക്‌ അവരുടെ സ്ഥാപനത്തിൽ ശമ്പളം പോലും ഇല്ലാതെ ഒരു അടിമയെപ്പോലെ ജോലി ചെയ്യേണ്ടി വന്നു. സാമ്പത്തികമായി ഒരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല.

ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവർ എന്ന്‌ നമ്മൾ കരുതുന്നവർ പോലും മരുമകളെ ഒരു അടിമയെ പോലെ കണക്കാക്കുന്നത്‌ അവിശ്വസനീയം ആയി തോന്നാം. ഒരു പെൺകുട്ടിക്ക്‌ യോഗ്യനായ വരനെ കണ്ടുപിടിക്കുന്നതിനേക്കാൾ അവൾക്ക്‌ നല്ല വിദ്യാഭ്യാസവും ജോലിയും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടാക്കി കൊടുക്കുന്നതിൽ അവളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചു.ഇനിയും അതു ചെയ്തില്ലെങ്കിൽ, ചിന്താശേഷിയും നട്ടെല്ലും ഇല്ലാത്ത ഭർത്താക്കന്മാരുടെയും അവരുടെ അഭ്യുദയ കാംക്ഷികളായി നടിക്കുന്ന ബന്ധുക്കളുടെയും പിടിയിൽ ഞെരിഞ്ഞമർന്ന് ഒടുവിൽ ഒരു കഷ്ണം കയറിൽ ജീവനൊടുക്കുന്ന സാധു പെൺകുട്ടികൾ ഇനിയും ഉണ്ടാകും.മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകൾ കടമെടുത്താൽ ‘നമ്മളെ സംബന്ധിക്കുന്ന കാര്യത്തിൽ നമ്മൾ നിശ്ശബ്ദരായി തുടങ്ങുന്ന ദിവസം നമ്മുടെ മരണത്തിലേക്കുള്ള യാത്ര തുടങ്ങുന്നു’. പരിഷ്കൃത സമൂഹം എന്ന് അഹങ്കരിക്കുന്നവരല്ലേ നമ്മൾ? എന്നാൽ, നമ്മളെ കാർന്നു തിന്നുന്ന ലിംഗ അസമത്വവും സ്ത്രീധന പീഡനവും പോലെയുള്ള അനീതികൾ അവസാനിപ്പിക്കാത്ത കാലത്തോളം സാക്ഷര സമൂഹം എന്ന്‌ മേനി നടിക്കുന്ന നമ്മുടെ വളർച്ച പിന്നിലേക്കായിരിക്കും എന്നു തീർച്ച.