മഴവില്‍ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയയായ രചന പിന്നീട് ജയറാമിന്റെ നായകയായി ലക്കിസ്റ്റാര്‍ എന്ന സിനിമയിലേക്ക് എത്തുകയായിരുന്നു. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും രണ്ടാം വിവാഹത്തെ കുറിച്ചും തുറന്ന് പറയുകയാണ് രചന.

രചന നാരായണന്‍ കുട്ടിയുടെ വാക്കുകള്‍:

ജീവിതത്തില്‍ എന്ത് പ്രതിസന്ധി വന്നാലും അതിനെ തരണം ചെയ്യാനുള്ള ധൈര്യം എനിക്കിപ്പോഴുണ്ട്. എനിക്ക് ബുദ്ധിമുട്ടായി വരുന്ന ഒരു സ്‌പേസിലും ഞാന്‍ നില്‍ക്കാന്‍ ശ്രമിക്കാറില്ല. അവിടെ നിന്ന് മുന്നോട്ട് പോവുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. എന്റെ കൂടെ ഒരുപാട് നല്ല സുഹൃത്തുക്കളും എനന്നെ മുന്നോട്ട് നയിക്കാന്‍ എന്റെ മാതാപിതാക്കളും ഉണ്ടെന്നതാണ് ഏറ്റവും വലിയ ഭാഗ്യം.

അതുപോലും ഇല്ലാത്തവര്‍ ഒരുപാട് പേരുണ്ട് നമ്മുടെ ചുറ്റും. ഇപ്പോള്‍ എന്തായാലും കല്യാണമില്ല. എന്റെ ജീവിതം ഞാന്‍ പ്രതീക്ഷിച്ചത് പോലെയല്ല മുന്നോട്ട് പോയത്. അതുകൊണ്ട് ഞാന്‍ കല്യാണമേ കഴിക്കില്ലെന്ന് ഒരിക്കലും പറയില്ല. ഇപ്പോള്‍ ഇല്ല എന്ന് മാത്രമാണ് പറയുന്നത്. വിവാഹമോചനം നേടി കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസം തന്നെയായിരുന്നു.
തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഗ്ലാമറസ് വേഷം ചെയ്യാന്‍ മടിയില്ല. അതിപ്പോള്‍ ഏത് ഭാഷയിലാണെങ്കിലും. തിരക്കഥയ്ക്കാണ് പ്രധാന്യം കൊടുക്കുന്നത്. കഥാപാത്രം എന്നെ ബോധ്യപ്പെടുത്താന്‍ സംവിധായകന് സാധിക്കണം. ഹാസ്യം നടിമാര്‍ ചെയ്യുന്നത് വളരെ കുറവാണ്. കല്‍പന ചേച്ചിയെല്ലാം പോയതിന് ശേഷം ചേച്ചിയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ വന്നിട്ടില്ല.
കല്‍പന ചേച്ചിയ്ക്ക് ഇടയ്ക്ക് ഹാസ്യതാരം എന്ന രീതിയിലേക്ക് ടൈപ്പ് കാസ്റ്റിങ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. അവസാന വര്‍ഷങ്ങളിലാണല്ലോ സ്പിരിറ്റിലെയും ചാര്‍ലിയിലെയുമൊക്കെ കഥാപാത്രങ്ങള്‍ കിട്ടുന്നത്. ഞാന്‍ ആദ്യം ചെയ്ത ടെലി സീരിയല്‍ കോമഡി കഥാപാത്രമായത് കൊണ്ട് പലരും തിരക്കഥയുമായി വരുമ്പോള്‍ ചേച്ചിയ്ക്ക് ഇത് എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും കോമഡിയാണ് എന്ന് പറയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് മാത്രമാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. ആകെ മൊത്തം മുഷിപ്പാണ്, മടുപ്പാണ് എന്നൊക്കെ ലോക്ഡൗണ്‍ കാലത്ത് പലരും പരാതി പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കാണേല്‍ തിരക്കോട് തിരക്കായിരുന്നു. കൊച്ചിയില്‍ എനിക്ക് ഡാന്‍സ് സ്‌കൂളുണ്ട്. അവിടെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈനിലാണ് ക്ലാസ് എടുത്തിരുന്നത്.
ഞാനിപ്പോള്‍ കുച്ചിപ്പുടിയില്‍ പിജി ചെയ്തു. മോഹനിയാട്ടത്തില്‍ ഡിപ്ലോമയും ചെയ്യുന്നു. ഒപ്പം ഇന്തോളജിയിലും. ഒരുപാട് അസൈന്‍മെന്‍സെല്ലാമുണ്ടായിരുന്നു. പരീക്ഷയും ലോക്ഡൗണ്‍ സമയത്തായിരുന്നു. അതിനിടയില്‍ ത്രൂ ഹേര്‍ ഐസ് എന്നൊരു ഹ്രസ്വചിത്രം ചെയ്തു. മീ ടു അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മൂവ്‌മെന്റ് ആണെങ്കില്‍ കൂടി ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്.എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന് ഇപ്പോള്‍ തന്നെ പരിഹാരം കണ്ടെത്തണം. ഒരുപാട് വര്‍ഷത്തിന് ശേഷം എനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അഭിപ്രായം പറയാം അല്ലാതെ ഒരാളെ പ്രതിരോധിക്കാന്‍ വേണ്ടി അത്തരം ഒരു കാര്യം തുറന്ന് പറയുന്നതില്‍ എനിക്ക് താല്‍പര്യമില്ല. ഫെമിനിസ്റ്റ് എന്ന് പറയുന്നതിന്റെ അര്‍ഥം അറിയാത്തവരാണ് ആ വാക്കിനെ ദുര്‍വ്യാഖ്യാനം നടത്തുന്നത്. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണ്. അതിപ്പോള്‍ ഫെമിനിച്ചിയായി മാറിയല്ലോ. നമ്മുടേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുമ്പോള്‍ നമ്മള്‍ ഫെമിനിച്ചികളായി മാറുകയാണ്. സമത്വം തന്നെയാണ് വേണ്ടത്. ഓരോ കുടുംബത്തിലും അച്ഛനും അമ്മയും പെണ്‍കുട്ടികള്‍ക്ക് ആണ്‍ുട്ടികള്‍ക്ക് കൊടുക്കുന്ന അതേ പ്രധാന്യം കൊടുത്താല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു.
പെണ്‍കുട്ടികളെ ബോള്‍ഡ് ആക്കി മാറ്റണം. എന്റെ വീട്ടില്‍ ചേട്ടന്‍ പുറത്ത് പോയി വൈകി വന്നാല്‍ അത് പ്രശ്‌നമായി കാണാത്തവര്‍ ഞാന്‍ ഇത്തിരിയൊന്ന് വൈകി വന്നാല്‍ ആധിയായി, ടെന്‍ഷനായി വഴക്കായി. അതായിരുന്നു എന്റെ ചെറുപ്പത്തിലെ അവസ്ഥ. അവരെ കുറ്റം പറയാന്‍ പറ്റില്ല. അവര്‍ നമ്മുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധയാണ് അതെല്ലാം. ഇപ്പോള്‍ എനിക്ക് 37 വയസായി. ഇത്തിരി വൈകി വന്നാല്‍ അമ്മ ഇപ്പോഴും ടെന്‍ഷനാവും.