കാവേരി ജല തര്‍ക്കം കാരണം തന്റെ പുതിയ സിനിമയായ ചിറ്റയുമായി ബന്ധപ്പെട്ട പരിപാടി റദ്ദാക്കിയതില്‍ നിരാശയുണ്ടെന്ന് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. സിനിമയ്‌ക്ക് തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജല തര്‍ക്കവുമായി യാതൊരു ബന്ധമില്ലായെന്നും, വിവാദങ്ങങ്ങള്‍ സിനിമയ്‌ക്ക് നഷ്ടങ്ങളുണ്ടാക്കിയെന്നും നടന്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. ഒരു നിര്‍മാതാവെന്ന നിലയില്‍ സിനിമയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാന്‍ പ്രത്യേക സ്‌ക്രീനിങ്ങിന് പദ്ധതിയിട്ടിരുന്നു. ചെന്നൈയിലും കൊച്ചിയിലും നടന്നത് പോലെ രണ്ടായിരം വിദ്യാര്‍ഥികള്‍ക്കും കൂടാതെ കന്നഡ സിനിമാ താരങ്ങള്‍ക്കും പ്രത്യേക സ്‌ക്രീനിങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബന്ദ് കാരണം നിശ്ചയിച്ച എല്ലാ പദ്ധതികളും റദ്ദാക്കേണ്ടി വന്നുവെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. നല്ലൊരു സിനിമ കാണുവാനും പ്രശംസിക്കുവാനുമുള്ള ജനങ്ങളുടെ അവസരം ഇത് കാരണം നഷ്ടമായെന്നും സിദ്ധാർഥ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് സിനിമ കാണാമായിരുന്നുവെന്നും എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരം തനിക്ക് ലഭിച്ചില്ലെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ സിദ്ധാര്‍ത്ഥ് തുറന്നു പറയുകയായിരുന്നു. കാവേരി നദീ ജല പ്രശ്‌നത്തിനിടയില്‍ ഒരു തമിഴ് സിനിമയും പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാര്‍ സിദ്ധാര്‍ത്ഥിനെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് സംസാരിക്കാന്‍ അനുവദിക്കാതെ പ്രശ്‌നമുണ്ടാക്കിയത്. തന്റെ സിനിമയ്‌ക്ക് രാഷ്‌ട്രീയ പ്രശ്‌നവുമായി ബന്ധമില്ലെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് പ്രാദേശിക ഭാഷയില്‍ ചിത്രീകരിച്ച തന്റെ സിനിമ ചിക്കു എന്ന പേരില്‍ കന്നഡയിലും പ്രദര്‍ശിപ്പിക്കുമെന്ന് കന്നഡ ഭാഷയില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പ്രമോഷന്‍ പരിപാടിയില്‍ ബഹളം സൃഷ്ടിച്ചതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് വേദി വിട്ട് ഇറങ്ങി പോവുകയായിരുന്നു. അതേ സമയം തന്നെ കഴിഞ്ഞ ആഴ്ച കേരളത്തിൽ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിദ്ധാർഥ് എത്തിയിരുന്നു. എല്ലാ ഭാഷകളിലും ഇതൊരു സാധാരണക്കാരന്റെ ചിത്രമായി നിങ്ങള്‍ ഏറ്റെടുക്കും എന്ന് ഞാൻ കരുതുന്നു എന്നാണ് മലയാളി പ്രേക്ഷകരോടായി സിദ്ധാർഥ് പറഞ്ഞത്. ഈ സിനിമ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് അതുപോലെ നിങ്ങള്‍ ഏവരും സ്വീകരിക്കും എന്നുറപ്പുണ്ട്.
ആരാധകരിലും സിനിമാ പ്രേമികളിലും ഒരുപോലെ ആവേശം തീർക്കുകയാണ്. സിനിമയുടെ കൗതുകമുണർത്തുന്ന ചിറ്റ എന്ന ടൈറ്റിൽ തമിഴിൽ അച്ഛന്റെ ഇളയ സഹോദരനെ സൂചിപ്പിക്കുന്ന ചിത്തപ്പ എന്നതിന്റെ ചുരുക്കിയ രൂപമാണെന്നതാണ് മറ്റൊരു വസ്തുത. കൗതുകകരമായ ഈ പേര് കൊണ്ട് തന്നെ കുടുംബ ബന്ധങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരു കഥാ സന്ദർഭത്തെ ചിത്രം ഉൾക്കൊള്ളുന്നുമുണ്ട്. സിദ്ധാർത്ഥിന്റെ കഥാപാത്രവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മരുമകളും തമ്മിലുള്ള വൈകാരിക ബന്ധം പ്രേക്ഷകരെ ആകർഷിക്കുമെന്ന് ചിത്രം നൽകിയ വാഗ്ദാനം പാലിക്കുവാൻ ചിത്രത്തിന് കഴിഞ്ഞിട്ടുമുണ്ട്. അഭിനേതാക്കളുടെ പ്രകടനങ്ങളുടെ ആഴം കൂട്ടിക്കൊണ്ട് മലയാള സിനിമയിൽ സ്വാധീനമുള്ള വേഷങ്ങൾ അവതരിപ്പിച്ചതിന്റെ ട്രാക്ക് റെക്കോർഡ് സ്വന്തമായുള്ള നടി നിമിഷ സജയൻ ചിത്രത്തിൽ ശ്രേദ്ധേയമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പണ്ണയാരും പദ്മിനിയും, സേതുപതി എന്നീ പ്രശംസ നേടിയ ചിത്രങ്ങളിലൂടെ പേരുകേട്ട എസ് യു അരുൺ കുമാറാണ് ഡ്രാമ ത്രില്ലറായ ചിറ്റ സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ ദുൽഖർ സൽമാനാണ് സിദ്ധാർത്ഥ് പ്രധാന വേഷത്തിൽ എത്തുന്ന ത്രില്ലർ ഡ്രാമയായ ‘ചിറ്റ’യുടെ മലയാളം ടീസർ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
