കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പാലക്കാട് അരോമ തിയേറ്ററിലാണ് ഇഷ്ടസംവിധായകനെ കാണാൻ ആരാധകർ ഒഴുകിയെത്തിയത്. തിയറ്ററിൽ വൻ ആവേശമായി പ്രദർശനം തുടരുന്ന ലിയോ പ്രൊമോഷന് കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക് ഏറ്റു എന്ന വാർത്തയാണ് ഒടുവിലായി ഇപ്പോൾ പുറത്തു വരുന്നത്. കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങിഎന്നും റിപ്പോർട്ടുകൾ ഉണ്ട്. കേരളത്തിലെ മറ്റു പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പാലക്കാട് അരോമ തിയേറ്ററിൽ വച്ചായിരുന്നു സംഭവം നടന്നത്. ഇന്ന് രാവിലെയാണ് ലിയോ പ്രൊമോഷന്റെ ഭാഗമായി ലോകേഷ് കനകരാജ് കേരളത്തില്‍ എത്തിയത്. പാലക്കാട് ആരോമ തിയറ്ററിൽ എത്തിയ സംവിധായകനെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തീയേറ്റർ പരിസരത്ത് തടിച്ചു കൂടിയത്. പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത ജനപ്രവാഹമായിരുന്നു തിയറ്ററിലേക്ക്. തിരക്കിനിടയിൽപ്പെട്ട ലോകേഷിന്റെ കാലിന് പരിക്കേൽക്കുക ആയിരുന്നു. നിയന്ത്രണങ്ങൾ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും വിസിറ്റുകൾ ലോകേഷ് റദ്ദാക്കി. കൊച്ചിയിൽ നടത്താനിരുന്ന പ്രെസ്സ് മീറ്റ് മറ്റൊരു ദിവസത്തിൽ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു. അതേസമയം അവധി ദിവസമായ ഇന്നും ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കളക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. കോളിവുഡിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വൻ ഹൈപ്പോടെ പ്രദർശനത്തിനെത്തിയ ചിത്രം കൂടിയാണ് ലിയോ. മുൻപ് പ്രദർശനത്തിന് എത്തിയ പല ചിത്രങ്ങളുടെയും ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്തെറിഞ്ഞാണ് ലിയോ മുന്നേറുന്നത്. പ്രീ ബുക്കിങ്ങിലും ലിയോ വൻ കളക്ഷനാണ് നേടിയത്.മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിം വിജയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ നായകനായി വിജയും നായിക് ആയി തൃഷയും എത്തിയപ്പോൾ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മഡോണ സെബാസ്റ്റ്യൻ പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. 14 വർഷങ്ങൾക്ക് ശേഷം വിജയ്യും തൃഷയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽക്കു തന്നെ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നത്. ചില കാരണങ്ങളാൽ ചിത്രത്തിന്റെ ഓഡിയോ റിലീസ് മാറ്റി വയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പല വിവാദങ്ങളിലും ചിത്രം ചെന്ന് പെട്ടിരുന്നു. ഗാനങ്ങളും രംഗങ്ങളും ഡയലോഗുകളും ഉൾപ്പെടെ നിരവധി തവണ വിവാദങ്ങളിൽ അകപ്പെടുകയുണ്ടായി
