പുതിയ വനിത മാഗസിന്റെ കവർ ചിത്രത്തിനെതിരെ വ്യാപക വിമർശനം. ചിത്രത്തിൽ നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണം നേരിടുന്ന ദിലീപിന്റെ സാനിധ്യമാണ് വിമർശനത്തിന് കാരണമാകുന്നത്.  വനിതകളുടെ വഴികാട്ടിയാണ്, സുഹൃത്താണ് എന്ന് പറയുന്ന വനിത മാഗസിൻ കവർ ചിത്രത്തിൽ ദീലിപിന്റെ ഫോട്ടോ ഉപയോഗിക്കുന്ന വിരോധാഭാസത്തെ മാധ്യമപ്രവർത്തകൻ അരുൺ കുമാർ വിമർശിച്ചു.

വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ…! ഇത്തരം ഐറണികൾ ഇനി സ്വപ്നത്തിൽ മാത്രം,’ അരുൺ കുമാർ ഫേസ്ബുക്കിൽ എഴുതി.

സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് ശബരിമല ദർശനം നടത്തിയ ദളിത് സ്ത്രീ നിരന്തരം തെരുവിൽ ആക്രമിക്കപ്പെടുമ്പോഴാണ് ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലിൽ കിടന്ന വ്യക്തിയെ ആഘോഷിക്കുന്നതെന്ന് മാധ്യമപ്രവർത്തകൻ ഹരി മോഹൻ പറഞ്ഞു.

 

‘സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് ശബരിമല ദർശനം നടത്തിയ ദളിത് സ്ത്രീ നിരന്തരം തെരുവിൽ ആക്രമിക്കപ്പെടുന്നു. അക്കാര്യം പറഞ്ഞ് അവരിട്ട ഒരു പോസ്റ്റിൽ കുറെയാളുകൾ ചിരിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്യുന്നു.

ലൈംഗികമായി ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട, അതിൽ ജയിലിൽ കിടന്ന, ഇപ്പോഴും വിചാരണ നേരിടുന്ന ഒരു പുരുഷൻ സമൂഹത്തിൽ ഇന്നും ആഘോഷിക്കപ്പെടുന്നു. വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ മാധ്യമങ്ങൾ അയാളെക്കുറിച്ച് ഉപന്യാസങ്ങൾ രചിക്കുന്നു. കേരളമാണ്. എന്തോ പ്രബുദ്ധതയൊക്കെയുള്ള നാടാണത്രെ. തേങ്ങയാണ്,’ ഹരി മോഹൻ ഫേസ്ബുക്കിൽ എഴുതി.