തമിഴ് സിനിമയില്‍ ഇതുവരെ ഇറങ്ങിയ സിനിമ ട്രെയിലറുകളുടെ റെക്കോഡുകള്‍ എല്ലാം ഭേദിച്ചിരിക്കുകയാണ് ഒക്ടോബര്‍ 5ന് ഇറങ്ങിയ ലിയോ ട്രെയിലര്‍. ഏറെ  നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ട്രെയിലർ എത്തിയപ്പോൾ വിജയ് ആരാധകര്‍ വന്‍ ആവേശത്തിലായിരുന്നു.46 മില്യൺ വ്യൂസ് ആണ്റെ ട്രൈലർന് ലഭിച്ചത് . വലിയ സർപ്രൈസ് ആകും ലോകേഷ് കനകരാജ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഇരിക്കുന്നതെന്ന് ട്രെയിലർ ഉറപ്പിച്ചു കഴിഞ്ഞു. മാസും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലർ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ. എന്നാല്‍ ട്രെയിലര്‍ വിവാദവും സൃഷ്ടിച്ചിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശം എന്ന നിലയില്‍ നിരവധി സംഘടനകളാണ് ആ ഡയലോഗ് സിനിമയില്‍ നിന്നും ട്രെയ്‌ലറില്‍ നിന്നും നീക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ഹിന്ദുമക്കള്‍ ഇയക്കം എന്ന സംഘടന ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. വിജയിയുടെ കഥാപാത്രം പറയുന്ന സംഭാഷണം നീക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.   തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ ട്രെയിലറില്‍ ഉപയോഗിക്കുന്ന  വാക്കിന്‍റെ പേരില്‍ വിജയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.  സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം വിജയ് ലിയോ ട്രെയിലറിൽ സംസാരിച്ചുവെന്ന് ഇവർ ആരോപിക്കുന്നു. ഒപ്പം അയോ​ഗ്യനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ് എന്നാണ് തമിഴ്നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ എക്സില്‍ പോസ്റ്റ് ചെയ്തത്. ട്രെയിലർ ആരംഭിച്ച് 1.46 മിനിറ്റ് ആകുമ്പോൾ വിജയ് തൃഷയോട് സംസാരിക്കുന്നൊരു രം​ഗമുണ്ട്. ഈ സംഭാഷണമാണ് വിവാദമായത്. അതേ സമയം ഈ സംഭാഷണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്ത് എത്തി. ഇതിന്‍റെ പേരില്‍ ദളപതി വിജയിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും. ഇത് പൂര്‍ണ്ണമായും തന്‍റെ ഉത്തരവാദിത്വമാണെന്നുമാണ് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഈ വാക്കാണ് ആ രംഗത്ത് എന്ന് അറിഞ്ഞപ്പോള്‍ അത് പറയാന്‍ വിജയ് മടിച്ചിരുന്നു. എന്നാല്‍ കഥാപാത്രത്തിന്‍റെ ഇമോഷന്‍ വ്യക്തമാക്കി അത് അദ്ദേഹത്തിനെക്കൊണ്ട് ചെയ്യിക്കുകയായിരുന്നു. ചിലപ്പോള്‍ കഥാപാത്രത്തിന്‍റെ ദേഷ്യവും മറ്റും വയലന്‍സിലൂടെ മാത്രമല്ല വാക്കിലൂടെയും പ്രകടിപ്പിക്കേണ്ടിവരുമെന്ന് ലോകേഷ് പറയുന്നു. അതേ സമയം നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍ വിജയിയെ പിന്തുണച്ച് രംഗത്ത് എത്തി.

സിനിമയുടെ ആകെ സന്ദേശം നോക്കിയാല്‍ മതി. അതിലെ ഒരു സംഭാഷണവും മാന്യമാകണം എന്ന് കരുതരുത് എന്നാണ് സീമാന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വിവാദമായ ആ രംഗം ട്രെയ്‌ലറില്‍ മ്യുട്ട് ചെയ്തിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. പക്ഷെ ഇതിന് കാരണം ബി.ജെ.പിയുടെ പ്രതിഷേധമോ മറ്റ് സംഘടനകളുടെ പരാതിയോ ഒന്നുമല്ല. സിനിമയുടെ സെന്റിങ്ങിന് ശേഷമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിവാദ ഡയലോഗ് സിനിമയില്‍ നിന്നും ട്രെയ്‌ലറില്‍ നിന്നും നീക്കിയത്. ട്രെയ്‌ലറില്‍ ഒരു മിനിറ്റ് 46 സെക്കന്റില്‍ വരുന്ന ഭാഗമാണ് ഇപ്പോള്‍ മ്യുട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 9ന് പുറത്തുവിട്ട സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ ഈ നിര്‍ദ്ദേശം കണാനാകും. ഇതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഈ വാക്ക് മ്യുട്ട് ചെയ്തിരിക്കുന്നത്.  ദളപതി വിജയിയോടൊപ്പം വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്.  ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും.