ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി . എന്നാൽ ഹെൽമെറ്റ് ധരിക്കാത്തതിന് കാർ ഉടമയ്ക്ക് ആണ് പിഴ കിട്ടിയത് . തിരൂർ കൊട്ട് കൈനിക്കര മുഹമ്മദ് സാലി എന്നയാൾക്കാണ് തിരൂർ മോട്ടർ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചത് . കെ . എൽ . 55 വി 1610 എന്ന വാഹനത്തിൽ ഹെൽമെറ്റ് ഇല്ലാതെ പോയി എന്ന കാരണത്താൽ 500 രൂപ പെട്ടി അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത് . എന്നാൽ മുഹമ്മദ് സാലി എന്നയാൾക്ക് ഈ നമ്പറിൽ ഒരു കാറാണുള്ളത് . ഇതോടെ എന്താണ് സംഭവിച്ചതെന്ന ആശങ്കയിലാണ് ഇയാൾ . കിട്ടിയ നോട്ടീസിൽ 2 പേര് ബൈക്കിൽ പോകുന്ന ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . മാസ്ക് ധരിച്ച് ഹെൽമെറ്റ് ഇല്ലാതെ രണ്ടു പേര് ബൈക്കിൽ പോകുന്നത് ആണ് ചിത്രത്തിൽ ഉള്ളത് . ഇവർ ബാവപ്പടി എന്ന സ്ഥലത്താണ് നിയമ ലംഘന നടത്തിയതായി നോട്ടീസിൽ പറയുന്നത് . മുഹമ്മദ് സാലി ഇങ്ങനെയൊരു സ്ഥലം വഴി യാത്ര ചെയ്തിട്ടുപോലുമില്ല .
ഇത് ആദ്യമായി അല്ല മോട്ടോർ വാഹന വകുപ്പിന് പിഴവ് സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്ത അടൂർ നെല്ലിമുകൾ സ്വദേശി അരുണിനാണ് പോലീസിന്റെ പെറ്റി കിട്ടിയത് . സംഭവം അടൂരിലാണെന്നും ജി പി എസ് സംവിധാനത്തിന്റെ പിഴവ് ആണെന്നും പോലീസ് പറഞ്ഞു . അരുൺ നെല്ലിമുകൾ ഭാഗത്തുകൂടി ഹെൽമെറ്റ് ഇല്ലാതെ വാഹനത്തിൽ സഞ്ചരിച്ചു എന്നത് സത്യം തന്നെയാണ് . പോലീസ് അത് ഫോട്ടോ എടുക്കുകയും ഓൺലൈൻ ചെല്ലാൻ അടയ്ക്കാൻ വേണ്ടി നടപടികൾ ആരംഭിക്കുകയും ചെയ്തു . എന്നാൽ ഓൺലൈൻ ചെല്ലാൻ വഴി പണം അടയ്ക്കാൻ ചെന്നപ്പോൾ ആണ് നിയമ ലംഘനം നടന്നെന്ന് കാണിച്ചിരിക്കുന്ന സ്ഥലം തെറ്റാണെന്നു മനസ്സിലാകുന്നത് . സാങ്കേതിക വിദ്യകൾ ഒക്കെ ഇത്രയും പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് തെറ്റുകൾ ഉണ്ടാകുന്നത് എന്നാണ് പൊതുജനത്തിന് മനസ്സിലാകാത്തത് .