കോറോണക്ക് പിന്നാലെ ബ്ലാക്ക് ഫങ്കസ് വന്നിരിക്കുകയാണ്, കണ്ണിന് ബാധിക്കുന്ന രോഗം മൂലം ആളുകൾ മരിച്ച് തുടങ്ങിയിരിക്കുന്നു, ഇപ്പോൾ ഒരു ഡോക്ടർ ഇതിനെകുറിച്ച് പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ഡോക്ടറുടെ പോസ്റ്റ് വായിക്കാം
“Black Fungus” “കറുത്ത പൂപ്പൽ” കോവിഡ് മഹാമാരിയുടെ ഇടയിൽ നിങ്ങളെ ഞെട്ടിക്കാൻ പോന്ന പേര് അല്ലേ. ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിഘണ്ടുവിൽ ഇങ്ങനെ ഒരു പേര് ഇല്ലായിരുന്നു. പകരം ഞങ്ങൾ അതിനെ വിളിച്ചിരുന്നത് “Mucormycosis” എന്നായിരുന്നു. അതിനെ “ബ്ലാക്ക് ഫങ്കസ്” എന്ന് വിളിക്കാൻ തുടങ്ങിയത് മാധ്യമങ്ങളാണ്. കേൾക്കുമ്പോൾ ഒരു നിഗൂഢതയും ഭീകരതയും ഒക്കെ ഉണ്ടല്ലേ. ഇപ്പോൾ പല അസുഖങ്ങളും ഉണ്ടാക്കുന്നതിലും നാമകരണം നടത്തുന്നതിലും മാധ്യമങ്ങളുടെ പങ്കു ചെറുതല്ല. MUCORMYCOSIS മലയാളികൾക്ക് അത്ര പരിചയമുള്ള ഒരു അസുഖമല്ല. ആറു കൊല്ലം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നിട്ടും ഞാൻ ഒരു MUCORMYCOSIS രോഗിയെ പോലും കണ്ടിരുന്നില്ല. പി ജി ക്കു ശേഷം കേരളത്തിൽ എത്തി ജോലിചെയ്യാൻ തുടങ്ങിയത് മുതൽ ഇന്നുവരെ MUCORMYCOSIS ബാധിച്ച ഒരു രോഗിയെ മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ, ഇതൊന്നുമല്ല കേരളത്തിന്റെ പുറത്തെ അവസ്ഥ. പി ജി ജിപ്മെറിൽ ആയിരുന്നു. മൂന്നു കൊല്ലം കൊണ്ട് നൂറിലധികം MUCORMYCOSIS രോഗികളെ അവിടെ നിന്നും കണ്ടു, ചികിൽസിച്ചു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും വിളിക്കുന്നത് പോലെ ഇതൊരു പൂപ്പൽ രോഗമാണ്.
അതേ, ജീവനില്ലാത്ത ശരീരഭാഗങ്ങളിൽ വളരുന്ന Saprophyte. അതിനു കറുത്ത നിറമാണ്. കറുത്തു നല്ല ടാറുപോലെ ഉണ്ടാവും. അത് പോലെ ഒട്ടി പിടിച്ചു കൊണ്ട് … പൂപ്പൽ രോഗം സാധാരണ ഗതിയിൽ മനുഷ്യരെ ബാധിക്കുന്നത് നമ്മുടെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ്. മറ്റു പൂപ്പൽ രോഗങ്ങൾ പോലെ mucormycosis ന്റെ spores, നമ്മുടെ അന്തരീക്ഷത്തിൽ, പ്രത്യേകിച്ച് മണ്ണിൽ ധാരാളം ഉണ്ട്. Spores എന്നാൽ പൂപ്പലുകളുടെ ജീവിത ചക്രത്തിലെ ഒരു രൂപമാണ്. അതിനു മോശം കാലാവസ്ഥകളെയും ചൂടും തണുപ്പും ഒക്കെ അതിജീവിച്ചു കൊണ്ട്, ഭക്ഷണമോ വായുവോ വെള്ളമോ ആവശ്യമില്ലാതെ അന്തരീക്ഷത്തിൽ നില നില്ക്കാൻ സാധിക്കുന്നു. സാധാരണയായി നമ്മുടെ ശ്വാസത്തിലൂടെയാണ് ഇത്തരം സ്പോറുകൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. ശ്വാസം കടന്നു പോകുന്ന വഴികളിലെ പ്രതിബന്ധങ്ങളിൽ തട്ടി തടഞ്ഞു വരുന്ന ഇത്തരം സ്പോറുകളെ അരോഗദൃഢഗാത്രനായ ഒരു മനുഷ്യൻ നിഷ്കരുണം പുറംതള്ളുന്നു. അപൂർവ്വമായി ചിലരുടെ മൂക്കിലോ ശ്വാസക്കുഴലിലോ ഉള്ള ചെറിയ മുറിവുകളിലൂടെ ഇവൻ ശരീരത്തിൽ പ്രവേശിക്കാം. എന്നാലും നമ്മുടെ ശത്രുസംഹാരണ സേനകൾ ഉണർന്നിരിക്കുന്നതിനാൽ ഇത്തരം സ്പോറുകളെ അവർ നശിപ്പിക്കും. പക്ഷേ, ചില മനുഷ്യരുടെ രക്ഷാകവചങ്ങൾ പല കാരണങ്ങളാൽ നശിപ്പിക്കപ്പെട്ടിരിക്കും. അവരുടെ രോഗപ്രതിരോധശേഷി പലകാരണങ്ങളാൽ നശിച്ചു പോയിരിക്കാം. അങ്ങനെയുള്ളവരിലാണ് ഇത്തരം സ്പോറുകൾ നിലയുറപ്പിക്കുന്നതും ഹൈഫകളായി (Hyphae) രൂപാന്തരം പ്രാപിക്കുന്നതും പിന്നീട് പെറ്റു പെരുകുന്നതും.
അങ്ങനെ രോഗപ്രതിരോധശേഷി കുറക്കുന്ന അവസ്ഥകളിൽ ഏറ്റവും പ്രധാനം ഡയബെറ്റിസ് അഥവാ പ്രമേഹം തന്നെയാണ് മുൻപിൽ. അത് ചെറിയ ഷുഗർ ഉള്ളവരിൽ അല്ല പ്രശ്നം ഉണ്ടാകാറുള്ളത്. വർഷങ്ങൾ ആയി, പ്രമേഹത്തിന്, അർഹിക്കുന്ന ബഹുമാനം നൽകാതെ (uncontrolled diabetes ) എന്ന് ലേബൽ ചെയ്യപ്പെട്ടവരിൽ, പ്രമേഹം മൂലം അതിന്റെ കോംപ്ലിക്കേഷൻസ് എല്ലാം ശരീരത്തിൽ ക്ഷണിച്ചു വരുത്തിയ ശരീരങ്ങളിൽ, അനിയന്ത്രിതമായ ഷുഗറുകാരണം ശരീരത്തിലെ കോശങ്ങളിലും tissue കളിലും പഞ്ചസാര glycosylation നടത്തി, ഞരമ്പുകളേയും ചെറിയ രക്തക്കുഴലുകളേയും ഒക്കെ നശിപ്പിച്ചിരിക്കുന്ന (microangiopathy) ശരീരങ്ങളിലാണ് മേല്പറഞ്ഞ വിദ്വാൻ mucorale വർഗ്ഗത്തിൽ പെട്ട പൂപ്പലുകൾ സാധാരണ പൂണ്ട് വിളയാടാറുള്ളത്. മറ്റു രോഗ പ്രതിരോധ ശേഷി കുറയുന്ന അവസ്ഥകളിലും mucormycosis കാണാം. ഉദാഹരണമായി രക്താർബുദം ബാധിച്ചവർ, ക്യാൻസർ ചികിത്സയായി കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സ എടുക്കുന്നവർ, bone marrow ട്രാൻസ്പ്ലാന്റഷൻ നടത്തപെട്ടവർ, അവയവമാറ്റ ശസ്ത്രക്രിയ നടന്നവരിൽ, HIV രോഗബാധിതരിൽ ഒക്കെ യാണ് പുസ്തകങ്ങൾ പ്രകാരം MUCORMYCOSIS ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളത്.
പക്ഷേ, ഒരു കാര്യം പറയട്ടെ. ജിപ്മറിൽ വെച്ച് ഞാൻ കണ്ട, നൂറിലധികം MUCORMYCOSIS രോഗികളും Uncontrolled diabetic രോഗികൾ ആയിരുന്നു. അവരിൽ പകുതിയോളം പേർക്ക് DIABETIC NEPHROPATHY , അതായത് അമിതമായ ഷുഗർ കാരണം കിഡ്നിയുടെ പ്രവർത്തനം മോശമാവുന്ന അവസ്ഥ ഉണ്ടായിരുന്നു. 2012 മുതൽ കേരളത്തിലെ വ്യത്യസ്ത കാൻസർ ആശുപത്രികളിൽ ആണ് ജോലി ചെയ്യുന്നത്. ഇന്ന് വരെ മേല്പറഞ്ഞ വിധം രോഗപ്രതിരോധ ശേഷി കുറവുള്ള കാൻസർ രോഗികളിൽ ഈ അസുഖം കണ്ടിട്ടില്ല. മാത്രമല്ല, ഇന്ന് പലരും ആരോപിക്കുന്ന സ്റ്റിറോയ്ഡ് ചികിത്സ, മുൻപും പല അസുഖങ്ങൾക്കു ഇവിടെ നടന്നു വരുന്നുണ്ട്. അവർക്കൊന്നും കാണാത്ത mucormycosis എങ്ങനെ കോവിഡ് രോഗികളിൽ വരുന്നു. രോഗപ്രതിരോധ ശേഷിയുടെ കുറവാകാം അതുമല്ലെങ്കിൽ കോവിഡിനാൽ രക്തക്കുഴലുകൾ നശിപ്പിക്കപ്പെട്ടത്കൊണ്ടാവാം (microangiopathy, thromboembolism). ഒരു കോവിഡ് രോഗിക്ക് സ്റ്റിറോയ്ഡ് കൊടുക്കേണ്ട അവസ്ഥ വരുന്നത്, അതയാളെ കൂടുതൽ ബാധിക്കുമ്പോൾ ആണല്ലോ. അങ്ങനെയുള്ള കോവിഡ് ബാധ കാരണം ശരീരത്തിലെ രക്തക്കുഴലുകളിലും ടിഷ്യു (ദശ) കളിലും വരുന്ന മാറ്റങ്ങൾ ആവാം ഇപ്പോഴുള്ള mucormycosis നു കാരണം. കേരളത്തിൽ ജോലി ചെയ്യാൻ തുടങ്ങിയതിനു ശേഷം കണ്ട ഒരു രോഗി, ഡയബറ്റിക് ആയിരുന്നെങ്കിലും ഒരു ആക്സിഡന്റിൽ പെട്ട്, ശരീരഭാഗങ്ങളിൽ മുറിവ് പറ്റിയ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തിലെ ആഴത്തിലുള്ള ഒരു മുറിവിൽ നിന്നും തൊലിയെ ബാധിച്ച രീതിയിൽ ആണ് അത് കണ്ടത്. അപ്പോൾ മേല്പറഞ്ഞതു പോലെ ശ്വാസത്തിലൂടെ അകത്തുകടക്കുന്നത് കൊണ്ടും തടഞ്ഞു വെക്കാൻ ധാരാളം സ്ഥലം ഉള്ളത് കൊണ്ടും മൂക്കിലും സൈനസുകളിലും കണ്ണുകളിലും ആണ് സാധാരണയായി ഈ അസുഖം ബാധിക്കാറുള്ളത്.
(RHINO -SINO -ORBITAL) അവിടെ വളർന്നു, രക്തക്കുഴലുകളെ നശിപ്പിച്ചു, ശരീരഭാഗങ്ങളെ നശിപ്പിച്ചു (Tissue necrosis), ഞരമ്പുകളിലൂടെയും രക്തക്കുഴലുകളിലൂടെയും എല്ലുകളെ നശിപ്പിച്ചും ഒക്കെ അവൻ തലച്ചോറിലേൽക്കു പ്രവേശിക്കും. ഇങ്ങനെ ഉള്ളവരിലാണ് അസുഖം കൂടുതൽ തീവ്രമാവുന്നതും ചികിൽസിക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ളതും. ചില അവസരങ്ങളിൽ മൂക്കും തൊണ്ടയും എല്ലാം താണ്ടി അവൻ ശ്വാസകോശത്തിൽ പ്രവേശിക്കാം. പക്ഷെ അത്ര സാധാരണമല്ല. ഈ സ്പോറുകൾ അത്യാവശ്യത്തിന് അന്തരീക്ഷത്തിൽ ഉള്ളത് കൊണ്ട് അവ ഉള്ളിൽ പോകുന്നത് തടയുക എന്നത് തന്നെയാണ് പോംവഴി. മാസ്കുകൾ ഈ കാര്യത്തിൽ രക്ഷ ആവേണ്ടതാണ്. പക്ഷേ, ഒരേ മാസ്ക് തന്നെ, കഴുകാതെ, മാറ്റിവെക്കാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഈ അസുഖത്തിന് കാരണം ആവുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. അതുകൊണ്ടു നാലോ അഞ്ചോ മാസ്കുകൾ വാങ്ങി അത് മാറി മാറി ഉപയോഗിക്കുക എന്നതാണ് ഒരു പോംവഴി. ഒന്നാമത്തെ ദിവസം ഉപയോഗിച്ച മാസ്ക്, കഴുകിയിട്ടോ അല്ലാതെയോ എടുത്തു വെക്കുക. അഞ്ചാമത്തെ ദിവസം വീണ്ടും ഉപയോഗിക്കുക. ഇങ്ങനെ മാസ്കുകൾ മാറ്റി വെക്കുമ്പോൾ ഈർപ്പം ഇല്ലാത്ത, ചൂടും വെളിച്ചവും ഒക്കെ തട്ടുന്ന രീതിയിൽ മാറ്റി വെക്കുക.
കണ്ണിൽ കണ്ട സാധനങ്ങൾ ഒക്കെ ഇട്ട് ആവി പിടിക്കുക എന്നത് ഇപ്പൊ ഒരു പതിവായിട്ടുണ്ട്. അതിനെ വളർത്താൻ വാട്സ്ആപ്പ് വൈദ്യന്മാരും ധാരാളം. ഒന്ന്: അനാവശ്യമായി ആവി പിടിക്കാതിരിക്കുക. രണ്ട്: ആവി പിടിക്കുമ്പോൾ കേട്ടതും കേൾക്കാത്തതും ആയ സാധനങ്ങൾ അതിൽ ഇടാതിരിക്കുക. വെറും ഉപ്പും വെള്ളവും മാത്രം മതി. മൂന്ന്: ആവി അങ്ങനെ ഒരു ലഹരി പോലെ വലിച്ചു കേറ്റാതെ, സാധാരണമായി ശ്വാസം വിടുക. (just breath in and out) കോവിഡ് രോഗികളെക്കാൾ ശ്രദ്ധിക്കേണ്ടത് പ്രമേഹരോഗമുള്ളവരാണ്. പ്രത്യേകിച്ച് ഒരു പാട് വർഷങ്ങൾ ആയി പ്രമേഹം ഉള്ളവർ. അവരിൽ പലരും കോവിഡിന്റെ കാരണം പറഞ്ഞു ആശുപത്രികളിൽ പോകാതെ, രക്തത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി വർദ്ധിച്ച അവസ്ഥയിൽ ഉള്ളവരാണ്. അങ്ങനെ ഉള്ളവർക്ക് കോവിഡ് രോഗം വരണം എന്നില്ല, ഈ പൂപ്പൽ ബാധിക്കപെടാൻ. മാത്രമല്ല, കേരളത്തിൽ ഇപ്പോൾ കൂടുതൽ mucormycosis രോഗികൾ ഉള്ളത് കൊണ്ട്, അതിന്റെ സ്പോറുകൾ (spores) നമ്മുടെ അന്തരീക്ഷത്തിൽ മുൻപുള്ളതിലും കൂടുതലായി കാണാൻ സാധ്യതയുണ്ട്. അത് കൊണ്ട് പ്രമേഹ രോഗികൾ കൂടുതൽ ജാഗ്രത കാണിക്കണം.
പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ കാര്യത്തിൽ … പ്രമേഹമുള്ളവർ മാത്രമല്ല, മേല്പറഞ്ഞ അസുഖം വരാൻ സാധ്യത കൂടുതലുള്ള, രോഗ പ്രതിരോധശേഷി പല കാരണങ്ങളാൽ കുറഞ്ഞിരിക്കുന്നവർ കൂടുതൽ കരുതലുകൾ എടുക്കുന്നത് നല്ലതായിരിക്കും. പ്രമേഹ രോഗികളുടെ ഹെഡ് ആപ്പീസായ നമ്മുടെ സംസ്ഥാനത്തു mucormycosis കൂടുന്നത് അത്ര ആശാവഹം അല്ല. കോവിഡ് എന്ന മഹാമാരി മാറിപ്പോയാലും ഇവിടെ ധാരാളം പ്രമേഹരോഗികൾ കാണും അവരെ ചുറ്റിപറ്റി ഈ സ്പോറുകളും. ലക്ഷണങ്ങൾ: മുഖത്തെ നീര്, കണ്ണിനു ചുറ്റുമുള്ള നീര്, ഞരമ്പുകളുടെ തളർച്ച (cranial nerve palsy), രണ്ടായി കാണുക (diplopia) , തലവേദന, മൂക്കിൽ നിന്നും നീരൊലിപ്പ്, മൂക്കടപ്പ്, മൂക്കിലോ മൂക്കിനും കണ്ണിനും ഇടയിലോ ശരീരഭാഗങ്ങൾ കറുത്ത നിറമാവുക. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. എല്ലാ തലവേദനയും mucormycosis ആണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. പ്രത്യേകിച്ച് കോവിഡിന് ശേഷം ചെറിയ തോതിലുള്ള തലവേദന, മൂക്കടപ്പ് ഒക്കെ സാധാരണമാണ്. അതെല്ലാം കറുത്ത പൂപ്പൽ അല്ല. ഇത് വളരെ അപൂർവ്വം ആയി മാത്രം കാണുന്ന ഒരു അസുഖം ആണ്. അതുകൊണ്ടു തന്നെ പേടിക്കേണ്ട ആവശ്യം ഇല്ല. പക്ഷെ, ജാഗ്രത വേണം. അത് കോവിഡ് ആയാലും mucormycosis ആയാലും കൂടിയേ തീരൂ. കാരണം ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിലേ ഡയഗ്നോസ് ചെയ്യപ്പെട്ടാൽ അത്രയും നല്ലത്. ഈ അസുഖം ഡയഗ്നോസ് ചെയ്യാൻ അത്ര പെടാപ്പാടൊന്നും ഇല്ല. ഡോക്ടറുടെ ഭാഗത്തുനിന്നുള്ള “ഇത് അത് തന്നെ അല്ലേ” എന്ന സംശയം ആണ് ഏറ്റവും പ്രധാനം. മൂക്കിൽ നിന്നും ഉള്ള സ്രവങ്ങളിലോ, പൊറ്റനുകളിലോ കറുത്ത ശരീര ഭാഗങ്ങളിലോ പൂപ്പലിന്റെ ഹൈഫ കാണാം.
(aseptate hyphae, branching 90 degree or obtuse). ഇത് സ്ലൈഡിൽ വെച്ച് KOH മൌണ്ട് എന്ന ടെക്നിക് വഴി എക് സ്പീരിയൻസ്ഡ് ആയ ഒരു മൈക്രോബയോളജിസ്റ്റിനു. പെട്ടെന്നു തന്നെ കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ബയോപ്സി എടുത്താൽ ഒരു പാത്തോളജിസ്റ്റിനും ഇത്തരം ഹൈഫ കളെ തിരിച്ചറിയാൻ സാധിക്കും. ഇനി ഫങ്കൽ culture ചെയ്യണമെങ്കിലും താരതമ്യേന എളുപ്പമാണ്. ഇതൊരു ചികിത്സ ഇല്ലാത്ത അവസ്ഥ അല്ല. Surgical debridement, antifungal treatment ഇതാണ് പ്രധാനമായും ചെയ്യേണ്ടത്. ഇതിനുള്ള മരുന്നുകൾ എല്ലാം ഇന്ന് ലഭ്യമാണ്. ഇതോടൊപ്പം രോഗിയുടെ ഡയബറ്റിക് സ്റ്റാറ്റസ്, കിഡ്നിയുടെ അവസ്ഥ എല്ലാ പരിശോധിക്കുകയും ചികില്സിക്കുകയും വേണം. പല തെറ്റിദ്ധാരണകളും വാട്സ്ആപ് വൈദ്യന്മാർ പടച്ചു വിടുന്നുണ്ട്. നിങ്ങൾ മനസിലാക്കേണ്ടത് ഒന്ന് : ഇതൊരു പകരുന്ന രോഗമല്ല. ഒരാളിൽ നിന്നും ഒരു രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. രണ്ട്: ഈ അസുഖം കോവിഡ് വന്ന എല്ലാവർക്കും വരില്ല. എന്നാൽ പല കാരണങ്ങളാൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നവർ സൂക്ഷിക്കണം. മൂന്ന്: ഈ അസുഖത്തിന് കൃത്യമായ ചികിത്സയുണ്ട്, മരുന്നുണ്ട്. നാല് : ഇതൊരു പുതിയ അസുഖമല്ല. കാലങ്ങളായി ഇവിടെ ഉള്ള അസുഖമാണ്. എന്നാൽ കോവിഡ് കാലത്തു ഈ അസുഖം ബാധിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്. അഞ്ച്: ഈ അസുഖത്തിന് കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ല.
വാക്സിൻ എടുത്തവർക്ക് ഇത്തരം അസുഖങ്ങൾ വരാതിരിക്കാൻ ആണ് സാധ്യത കൂടുതൽ ഉള്ളത്. ആറ് : കോവിഡിന് ശേഷമുള്ള എല്ലാ തലവേദനകളും mucormycosis അല്ല. ഏഴ് : വെള്ളത്തിലും ബ്രെഡിലും ഒക്കെ കാണുന്ന കറുത്ത പൂപ്പൽ mucormycosis ആവണം എന്നില്ല. അങ്ങനെ കാണുന്ന കറുത്ത സാധനങ്ങൾ വഴി അല്ല ഈ രോഗം നമ്മുടെ ഉള്ളിൽ എത്തുന്നത്. നമുക്ക് കണ്ണുകൊണ്ടു കാണാൻ സാധിക്കാത്ത, കാറ്റിലും മണ്ണിലും ഒക്കെ ഉള്ള spores ആയാണ് ഈ അസുഖം ഉള്ളിൽ പ്രവേശിക്കുന്നത്. എട്ട് : ഇനി അഥവാ ഉള്ളിൽ എത്തിയാൽ തന്നെ നമ്മുടെ രോഗപ്രതിരോധ കോശങ്ങൾ ഇത്തരം സ്പോറുകളെ നശിപ്പിച്ചു കളയും. ഒൻപത് : ആവി പിടിച്ചത് കൊണ്ട് മാത്രം ഈ അസുഖത്തിനെ തടയാൻ കഴിയണം എന്നില്ല. പലപ്പോഴും അനാവശ്യമായി, ആവശ്യമില്ലാത്ത സാധനങ്ങൾ ഒക്കെ ഇട്ട് ആവി പിടിക്കുന്നത് കൊണ്ട് മൂക്കിലും അനുബന്ധ സൈനസുകളിലും inflammation , മുറിവുകൾ (mucosal injury ) ഉണ്ടാകാനും അങ്ങനെ ഇത്തരം സ്പോറുകൾക്കു ശരീരത്തിൽ പ്രവേശിക്കാനും ഉള്ള വാതിലുകൾ തുറക്കപെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. പത്ത്: ഇത് കോവിഡ് ബാധിച്ചവർക്ക് മാത്രം വരുന്ന അസുഖമല്ല. കൂടുതൽ റിസ്ക്കുള്ളത് കുറേക്കാലമായി പ്രമേഹം അനിയന്ത്രിതമായി ഇരിക്കുന്നവർക്കാണ് (uncontrolled diabetes). അതുകൊണ്ട് കോവിഡിനെ പേടിച്ചു, അല്ലെങ്കിൽ ആ കാരണം പറഞ്ഞു പ്രമേഹ ചികിത്സയിൽ വീഴ്ചകൾ വരുത്തിയിട്ടുള്ളവർ ശ്രദ്ധിക്കുക. ഉടനെ തന്നെ പ്രമേഹത്തിന് അതിനർഹിക്കുന്ന ബഹുമാനം കൊടുക്കുക.