തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത തിരക്കഥാകൃത്താണ് എകെ സാജൻ. ശ്രദ്ധേയമായ ഒരുപിടി സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിക്കാൻ എകെ സാജന് കഴിഞ്ഞു. എകെ സാജൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ സിനിമയാണ് പുതിയ നിയമം. മമ്മൂട്ടി, നയൻതാര എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മമ്മൂട്ടിയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിൽ നയൻതാരയ്ക്ക് ലഭിച്ചത്. മികച്ച രീതിയിൽ നടി ഈ വേഷം അവതരിപ്പിച്ചു. സിനിമയുടെ കാസ്റ്റിംഗിന് പിന്നിൽ നടന്ന സംഭവ കഥകൾ പങ്കുവെക്കുകയാണ് സംവിധായകൻ എകെ സാജൻ ഇപ്പോൾ. ഒരു ഓൺലൈൻ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. നയൻതാരയും മമ്മൂട്ടിയും ആയിരുന്നില്ല ചിത്രത്തിൽ ആദ്യം തീരുമാനിച്ച അഭിനേതാക്കളെന്ന് എകെ സാജൻ പറയുന്നു. ചെറിയ ബഡ്ജറ്റിൽ സിനിമ ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. അന്നെന്റെ മനസിൽ രഞ്ജി പണിക്കറും മുത്തുമണിയുമാണ്. ചെറിയ പടം ചെയ്യാൻ എളുപ്പമാണെന്ന് എല്ലാവരും പറയും. പക്ഷെ ചെറിയ പടം ചെയ്യാൻ പ്രൊഡ്യൂസറെ കിട്ടില്ല. ജയറാമിനെയും ആശ ശരത്തിനെയും വെച്ച് ചെയ്യാമെന്ന് ആന്റോ ജോസഫ് പറഞ്ഞു. ആന്റോ ഉടനെ ഫോണിൽ ജയറാമിനെ വിളിച്ചു. ജയറാമിനോട് ഞാൻ ഫോണിൽ കഥ പറഞ്ഞു. എന്നാൽ പിന്നീട് ആന്റോ ജോസഫ് വിളിച്ചു. ജയറാമിനെയല്ല, മമ്മൂക്കയെ വെച്ച് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ഞെട്ടി. ഏതോ ഷൂട്ട് മാറിയത് കാരണം 20 ദിവസത്തെ ഡേറ്റ് മമ്മൂക്കയ്ക്കുണ്ട്. 20 ദിവസം കൊണ്ട് തീർക്കാൻ പറ്റുമോ എന്ന് ആന്റോ ചോദിച്ചു. തീർക്കാമെന്ന് ഞാൻ പറഞ്ഞു. മമ്മൂക്കയോട് കഥ പറഞ്ഞു. എനിക്ക് റോൾ ഒന്നും ഇല്ല, എന്നാലും ഓക്കെ, പത്തിരുപത് ദിവസത്തെ കാര്യമല്ലേ എന്ന് മമ്മൂക്ക. ആരാണ് നായികയെന്ന് ചോദിച്ചു. ആശാ ശരത്താണെന്ന് പറഞ്ഞപ്പോൾ ഓക്കെയാണ്, പക്ഷെ ഈ കഥയിൽ കുറച്ച് കൂടി താരമൂല്യമുള്ള ആൾ വേണം.
നയൻതാരയെ കിട്ടുമോ എന്ന് നോക്കെന്ന് പറഞ്ഞു. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണത്. അങ്ങനെ നയൻതാരയിലേക്കെത്തി. നയൻതാരയുടെ അടുത്ത് പോകേണ്ടി വന്നില്ല. മമ്മൂക്കയുള്ളത് കൊണ്ടും അവർക്കുള്ള വിശ്വാസം കൊണ്ടും ഫോണിൽ കഥ പറഞ്ഞു. അവർ ഓക്കെയായെന്നും എകെ സാജൻ വ്യക്തമാക്കി. മമ്മൂട്ടിയെയും നയൻതാരയെയും കൂടാതെ ബേബി അനന്യ, ഷീലു എബ്രഹാം, രചന നാരായണൻകുട്ടി, എസ് എൻ സ്വാമി, റോഷൻ മാത്യു, അനിൽ കെ. റെജി,സെൻട്രയൻ , അജു വർഗീസ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വലിയ താരനിര അണിനിരന്ന സിനിമയാണെങ്കിലും പുതിയ നിയമം വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷെ 2016 ഫെബ്രുവരി 12-നാണ് ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിന് നയൻതാരയ്ക്ക് മികച്ച മലയാള നടിക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചിരുന്നു.ഈ ചിത്രം വാസുകിഎന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. പിന്നീട് 2022ൽ കന്നഡയിൽ പുരുഷോത്തമ എന്ന പേരിൽ ഈ ചിത്രം റീമേക്കും ചെയ്തു. മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായാണ് നയൻതാര കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. രാപ്പകൽ, തസ്കരവീരൻ, ഭാസ്കർ ദ റാസ്കൽ എന്നീ സിനിമകളിൽ ഇരുവരും നായികാ നായകൻമാരായി എത്തി. അതേസമയം ഗോൾഡ് ആണ് നയൻതാര അവസാനമനായി അഭിനയിച്ച മലയാള ചിത്രം. പൃഥിരാജായിരുന്നു ചിത്രത്തിലെ നായകൻ. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. മലയാളത്തിൽ വീണ്ടും നയൻതാരയെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ജവാൻ, ഇരവൈൻ എന്നിവയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. നയൻതാരയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ജവാൻ. ഷാരൂഖ് ഖാൻ നായകനായ ചിത്രം മികച്ച വിജയം നേടി. മറുവശത്ത് ജയം രവി നായകനായ ഇരവൈൻ പ്രേക്ഷക പ്രീതി നേടിയില്ല. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.