പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന് പറഞ്ഞ് ഉയരങ്ങള്‍ കീഴടക്കിയ കുഞ്ഞുണ്ണിമാഷ് പ്രചോദനമാണ്, ഉയരങ്ങള്‍ തേടാന്‍. പരിമിതികളില്‍ തളരായ വിജയങ്ങള്‍ കീഴടക്കാന്‍. അങ്ങനെ ഒരു ഐഎഎസുകാരിയാണ് സോഷ്യല്‍ ലോകത്ത് കൈയ്യടി നേടുന്നത്. ആര്‍ത്തി ദോഗ്ര ഐഎഎസ്, ജന്മനായുള്ള ശാരീരിക പരിമിതികളെ ചവിട്ടികയറി സിവില്‍ സര്‍വീസ് സ്വന്തമാക്കിയ കഥ.

വെറും മൂന്നരയടിയാണ് ആര്‍ത്തി ദോഗ്രയുടെ പൊക്കം. ഐഎഎസ് എന്ന് ഉയരത്തിലെത്താന്‍ ഈ പൊക്കമില്ലായ്മ ആര്‍ത്തിക്ക് തടസ്സമായില്ല. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയാണ് ആര്‍ത്തി ദോഗ്ര. പ്രതിസന്ധികള്‍ ഒരുപാട് താണ്ടി തന്നെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും കടുകട്ടിയായ സിവില്‍സര്‍വീസ് പരീക്ഷ ആര്‍ത്തി താണ്ടി കടന്നത്.

വൈകല്യങ്ങളെ ചൂണ്ടിക്കാട്ടി ഈ കുട്ടിക്ക് സാധാരണ കുട്ടികളെപ്പോലെ വിദ്യാഭ്യാസം സാധ്യമല്ലെന്ന് വിധിയെഴുതിയ ഡോക്ടര്‍മാരെയും പുച്ഛിച്ച് തള്ളിയ സഹപാഠികളെയും അധ്യാപകരെയും ഞെട്ടിച്ചിരിക്കുകയാണ് ഐഎഎസുകാരിയായി ആര്‍ത്തി.

ഡെറാഡൂണിലെ പ്രസ്റ്റീജിയസ് ഗേള്‍സ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടിയാണ് ആര്‍ത്തി സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്. 2005ല്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 56ാം റാങ്കോടെ ആര്‍ത്തി ഐഎഎസ് സ്വന്തമാക്കി.

ഇന്ന് ആര്‍ത്തിയുടെ പ്രവര്‍ത്തന മികവിന് കയ്യടിക്കുകയാണ് രാജ്യം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നിരവധി പദ്ധതികളാണ് നാല്‍പത്തിയൊന്നുകാരിയായ ഈ വനിതാ കളക്ടര്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
അനാഥ കുഞ്ഞുങ്ങള്‍ക്കായി പുതിയ പദ്ധതികള്‍, ശാരീരിക വൈകല്യമുള്ളവര്‍ക്കു വോട്ടു ചെയ്യാന്‍ ബൂത്തുകളിലേക്ക് എത്താന്‍ വീല്‍ചെയറുകള്‍ എന്നു തുടങ്ങി നിരവധി പ്രശംസനീയമായ പദ്ധതികളാണ് ആര്‍ത്തി തുടങ്ങിയത്. പ്രവര്‍ത്തന മികവിന് നിറഞ്ഞ കൈയ്യടികളാണ് ഈ ‘കുട്ടി കലക്ടര്‍’ ഏറ്റുവാങ്ങുന്നത്.