സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്റെ അറസ്റ്റ് തമിഴ്നാട്ടില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. 16 കോടിയുടെ തട്ടിപ്പ് കേസിനാണ് രവീന്ദറിനെ സെൻട്രല്‍ ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. പവര്‍ പ്രൊജക്ടില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പറ്റിച്ചതായാണ് പരാതി. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുനിസിപ്പല്‍ വേസ്റ്റുകളില്‍ നിന്നും ഊര്‍ജം ഉണ്ടാക്കുന്ന പദ്ധതിയുമാണ് രവീന്ദര്‍ മുന്നോട്ട് വന്നത്. പദ്ധതി നടത്താൻ രണ്ട് കമ്പനികള്‍ നിക്ഷേപവും നല്‍കി. 16 കോടി രൂപയ്ക്കടുത്താണ് ഇവര്‍ നല്‍കിയ തുക. തുക വാങ്ങിയ രവീന്ദര്‍ പക്ഷെ ബിസിനസ് തുടങ്ങിയില്ല. പണം നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കിയതുമില്ല. ഇതാണ് പരാതിക്ക് കാരണമായത്. അടുത്ത കാലത്ത് തമിഴ് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന വ്യക്തിയാണ് രവീന്ദര്‍ ചന്ദ്രശേഖരൻ. സീരിയല്‍ താരം മഹാലക്ഷ്മിയുമായുള്ള വിവാഹത്തിന് ശേഷമാണ് രവീന്ദര്‍ ജനശ്രദ്ധയിലേക്ക് വരുന്നത്. കഴിഞ്ഞ വര്‍ഷമാണ് രവീന്ദറും മഹാലക്ഷ്മിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ഫോട്ടോ വൻ ജനശ്രദ്ധ നേടി. രവീന്ദറിന്റെ ശരീര ഭാരത്തെ പരിഹസിച്ച് കമന്റുകളും വന്നു. പണം കണ്ടാണ് മഹാലക്ഷ്മി ഈ ബന്ധത്തിന് തയ്യാറായതെന്നും ആക്ഷേപങ്ങള്‍ വന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ മുഖവിലക്കെടുക്കാതെ രണ്ട് പേരും മുന്നോട്ട് പോയി. താരങ്ങളുടെ ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതാണ്. ആദ്യ ബന്ധത്തില്‍ മഹാലക്ഷ്മിക്ക് ഒരു മകനുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയായെങ്കിലും നടി പ്രതികരിച്ചില്ല. മഹാലക്ഷ്മിയെക്കുറിച്ച് തമിഴകത്തെ വിവാദ മാധ്യമ പ്രവര്‍ത്തകൻ ബയില്‍വൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം പോലും ആയിട്ടില്ല. വീട്ടില്‍ മഹാലക്ഷ്മി വന്നതില്‍ ആഹ്‌ളാദിച്ച കുടുംബം വീട്ടില്‍ മൂധേവി വന്ന് കയറി, ഭര്‍ത്താവ് ജയിലിലായി എന്ന് പറയാൻ തുടങ്ങി. ഇപ്പോള്‍ ജയിലില്‍ കമ്പിയെണ്ണിയിരിക്കുകയാണ് രവീന്ദര്‍ ചന്ദ്രശേഖരൻ. രവീന്ദര്‍ നിര്‍മ്മിച്ച പല സിനിമകളും പരാജയപ്പെട്ട് നഷ്ടം വന്നിട്ടുണ്ടെന്നും ബയില്‍വാൻ രംഗനാഥൻ പറയുന്നു. നിലവിലെ വിവാദങ്ങളോട് ഇതുവരെ രവീന്ദറോ മഹാലക്ഷ്മിയോ പ്രതികരിച്ചിട്ടില്ല. കുറച്ച് നാള്‍ മുമ്പ് ഇരുവരും വിവാഹ മോചിതരാകാൻ പോകുന്നെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. അന്ന് വാര്‍ത്തകള്‍ നിഷേധിച്ച് രവീന്ദര്‍ രംഗത്ത് വന്നു. തങ്ങള്‍ സന്തോഷമായി ജീവിക്കുകയാണെന്നാണ് രവീന്ദര്‍ വ്യക്തമാക്കിയത്. വര്‍ഷങ്ങളായി തമിഴ് സിനിമാ നിര്‍മാണ രംഗത്ത് രവീന്ദര്‍ സജീവ സാന്നിധ്യമാണ്.
2013 ല്‍ സുട്ട കഥൈ എന്ന സിനിമയിലൂടെയാണ് രവീന്ദര്‍ ചന്ദ്രശേഖരൻ നിര്‍മാണ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് നളനും നന്ദിനിയും. കോലെെ നോക്ക് പാര്‍വൈ, കല്യാണം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. 2022 ല്‍ സംവിധാന രംഗത്തേക്കും രവീന്ദര്‍ കടന്ന് വന്നു. മാര്‍ക്കണ്ഡേയ മഗലിര്‍ കല്ലൂരിയം എന്ന സിനിമയാണ് ഇദ്ദേഹം സംവിധാനം ചെയ്തത്. മറുവശത്ത് മഹാലക്ഷ്മി സീരിയല്‍ രംഗത്ത് സജീവമാണ്. നേരത്തെയും പല വിവാദങ്ങളില്‍ രവീന്ദര്‍ അകപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് രവീന്ദര്‍. നേരത്തെ നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹത്തിനെതിരെ രവീന്ദര്‍ രംഗത്ത് വന്നിരുന്നു. വനിത വിവാഹം ചെയ്ത പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് രവീന്ദര്‍ രംഗത്ത് വന്നത്. പരാമര്‍ശത്തിനെതിരെ വനിത പ്രതികരിച്ചിരുന്നു. രവീന്ദര്‍ അനാവശ്യമായി തന്നെ ആക്ഷേപിക്കുന്നെന്നും ഇത്തരം ആളുകളെ പ്രൊഡ്യൂസേര്‍സ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തരുതെന്നും വനിത വിജയകുമാര്‍ അന്ന് തുറന്നടിച്ചു.
