നടി , സംവിധായിക, അവതാരിക തുടങ്ങി പല മേഖലകളില്‍ പ്രശസ്തയാണ് ലക്ഷ്മി രാമകൃഷ്ണൻ. നിരവധി സിനിമകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച ലക്ഷ്മിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ടെലിവിഷൻ ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ്. തമിഴ്നാട്ടില്‍ വൻ ജനപ്രീതി നേടിയ സൊല്‍വതെല്ലാം ഉൻമൈ എന്ന ഷോയുടെ അവതാരകയായിരുന്നു ലക്ഷ്മി രാമകൃഷ്ണൻ. കുടുംബ പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്ന ഈ ടെലിവിഷൻ ഷോ തമിഴ്നാട്ടില്‍ വലിയ ജനപ്രീതി നേടിയിരുന്നു. ലക്ഷ്മിയായിരുന്നു ഷോയുടെ പ്രധാന ഹൈലൈറ്റ്. തുറന്നടിച്ച് സംസാരിക്കുന്ന താരം പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അവതാരക അഴകിനൊപ്പം പ്രസന്റബിള്‍ ആയിരുന്നാല്‍ കാണികള്‍ക്ക് ഇഷ്ടപ്പെടും. ആ പെണ്‍കുട്ടിക്ക് അറിവും അവളുടേതായ അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ പറ്റില്ല. ശമ്പളം തരുന്നതല്ലേ, ഞാൻ ആവശ്യപ്പെടുന്നത് പറഞ്ഞാല്‍ മതി, നിങ്ങള്‍ ഒരു മൗത്ത് പീസ് ആണ് എന്ന ആറ്റിറ്റ്യൂഡ് ആണ് പലര്‍ക്കും. എന്റെ കേസില്‍ ഞാൻ അവതാരകയായി വരുമ്പോള്‍ അങ്ങനെ തന്നെയാണ് വന്നത്. പക്ഷെ ഒരു ഘട്ടത്തില്‍ എനിക്ക് ഉത്തരവാദിത്തം വന്നു. അനുഭവ സമ്പത്തുള്ള ആളാണ് ഞാൻ. എന്റെ വ്യക്തിത്വം ഒരിടത്തും അടിയറവ് വെക്കില്ല. ഷോ ഒരു ഘട്ടത്തില്‍ എന്റെ ബ്രാൻഡിംഗില്‍ അറിയപ്പെട്ടു. എന്റെ ഷോയായത് മാറി. പിന്നീട് ഷോ നടത്തുന്നവരുമായി ക്ലാഷ് വന്നെങ്കിലും ചാനല്‍ എനിക്ക് പിന്തുണ നല്‍കി. അതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്.
സ്ത്രീകളെന്ന നിലയില്‍ സംവിധാനത്തിലോ അഭിനയത്തിലോ തുടങ്ങി ഒരു മേഖലയിലും ബഹുമാനം കിട്ടില്ല. അത് അവതരണ മേഖലയിലും അങ്ങനെ തന്നെയാണ്. ഒരു നായികയെ അത്, ഇത് എന്നാണ് പറയുക. ഹീറോയെ അവര്‍ എന്ന് വിളിക്കും. അവതാരകയായി വര്‍ക്ക് ചെയ്യുമ്പോള്‍ അത്, ഇത് എന്നൊക്കെ തന്നെ വിളിച്ചാല്‍ എന്നെ ബാധിക്കില്ല. കാരണം ഞാൻ ജീവിതത്തില്‍ സെറ്റില്‍ ആയാണ് ഈ മേഖലയിലേക്ക് വന്നത്. കരിയര്‍ ബില്‍ഡ് ചെയ്യാനല്ല. എനിക്ക് പറ്റിയാല്‍ ചെയ്യും, ഇല്ലെങ്കില്‍ ചെയ്യില്ല എന്ന് പറയാനുള്ള നിലയിലാണ് ഞാനുള്ളത്. ഈ മേഖലയില്‍ ബഹുമാനമേ ലഭിക്കില്ല. 58 വയസുള്ള എനിക്ക് ബഹുമാനമില്ലെങ്കില്‍ 20 വയസുള്ള പുതിയ കുട്ടികള്‍ക്ക് ബഹുമാനം ലഭിക്കുമോയെന്നും ലക്ഷ്മി രാമകൃഷ്ണൻ ചോദിക്കുന്നു. തന്നെക്കുറിച്ച് വന്ന അപവാദ പ്രചരണം ഒരു വര്‍ഷം മാനസികമായി ബാധിച്ചെന്നും ലക്ഷ്മി രാമകൃഷ്ണൻ തുറന്ന് പറഞ്ഞു. പക്ഷെ അതിന് ശേഷം ഒന്നും തന്നെ ബാധിക്കാത്ത തരത്തില്‍ ശക്തയായെന്നും നടി വ്യക്തമാക്കി. ജീവിതത്തില്‍ ഒരു തവണ കരിയര്‍ ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തെക്കുറിച്ച് ലക്ഷ്മി രാമകൃഷ്ണൻ തുറന്ന് പറഞ്ഞു. മസ്കറ്റില്‍ വിജയകരമായ ബിസിനസ് എനിക്കുണ്ടായിരുന്നു. പുറത്ത് നിന്നുള്ള വളരെ സ്വാധീനമുള്ള ഒരാളുടെ ഹരാസ്മെന്റ് കാരണം അത് വിടേണ്ടി വന്നു. തുടരണമെങ്കില്‍ അഡ്ജസ്റ്റ്മെന്റ് വേണ്ടിയിരുന്നു. എനിക്കും ഒന്നും വേണ്ട, ബഹുമാനവും സുരക്ഷയും വളരെ മുഖ്യമാണെന്ന് പറഞ്ഞ് ബിസിനസ് ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. അന്ന് 35 വയസാണ്. അതിന് ശേഷം 50 പടങ്ങളില്‍ അഭിനയിച്ചു, സംവിധാനം ചെയ്തു, ഷോ ചെയ്തു. ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ലോകം മുഴുവൻ അവസരങ്ങളാണ്. അഡ്ജസ്റ്റുകള്‍ക്ക് വഴങ്ങരുതെന്ന് പറഞ്ഞപ്പോള്‍ പലരും എന്നെ വിമര്‍ശിച്ചു. സ്വയം ഗ്ലോറിഫൈ ചെയ്യാൻ വേണ്ടി പറഞ്ഞതാണെ് ആരോപിച്ചു. പക്ഷെ നമ്മുടെ നിലപാട് നിലപാട് തന്നെയാണ്. എന്ത് സംഭവിക്കാനാണ്? പത്ത് പാത്രം കഴുകിയാല്‍ പോലും വയര്‍ നിറയ്ക്കാമെന്നും ലക്ഷ്മി വ്യക്തമാക്കി.
