നടിയെ ആക്രമിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കേസിൽ പ്രതിയായാ നടൻ ദിലീപ്. കേസ് അട്ടിമറിക്കാനാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ദിലീപ് ആരോപിച്ചു

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖത്തിന് പിന്നിൽ. ബെജു പൗലോസിന്റെ ഫോൺ കോൾ, വാട്‌സാപ്പ് ഡീറ്റെയ്ൽസ് പരിശോധിക്കണം. തുടരന്വേഷണത്തിൽ എതിർപ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏൽപിക്കരുത്. പ്രോസിക്യൂഷനെതിരെ ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർക്കും ഉൾപ്പടെ ദിലീപ് പരാതി നൽകി.

അതേസമയം, സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനെ അതിജീവിച്ച നടി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

കേസിൽ രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചതും സംവിധായകന്റെ ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നതാണെന്നും കേസിൽ പുനരന്വേഷണം വേണമെന്നുമാണ് കത്തിൽ പറയുന്നത്.

കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തന്നിൽ ഭയമുണ്ടാക്കുന്നുണ്ടെന്നും കത്തിൽ നടി പറയുന്നതാണ് റിപ്പോർട്ട്.