മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ തന്റെ സിനിമാജീവിതത്തിലെ മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി സിനിമാജീവിതത്തിലെ ‘ദുരന്തം’ സിനിമയെ കുറിച്ച് തുറന്നു പറഞ്ഞത്.
”എന്റെ കരിയറിലെ മോശം സിനിമകള്‍ ഏതാണെന്ന് ഞാന്‍ പറയാം. എന്റെ സിനിമകള്‍ മിക്കതും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഞാന്‍ ഇമോഷണലി കണക്ടഡ് ആണ്. എനിക്ക് അഞ്ചിലധികം നല്ല സിനിമകളുണ്ട്. പക്ഷെ ഞാന്‍ കുറച്ച് കൂടി ശ്രദ്ധ കാണിക്കണമായിരുന്നു. സാമ്രാജ്യം സിനിമയുടെ രണ്ടാം ഭാഗം എടുത്തിരുന്നു. അത് ഒരു തരത്തില്‍ ദുരന്തമായിരുന്നെന്നും ഉണ്ണി പറയുന്നു.
തന്റെ തുടക്കകാലത്ത് എനിക്ക് കിട്ടിയ ഒരു അവസരമായാണ് സാമ്രാജ്യം സിനിമയെ കാണുന്നത്. പുതിയ നടന്‍ എന്ന നിലയില്‍ കിട്ടിയ ആ അവസരം വര്‍ക്കൗട്ട് ആയില്ല. ഇപ്പോഴും പല സ്ഥലത്തും ഞാന്‍ ആ സിനിമ ചെയ്തു എന്ന് പറയാറുണ്ട്.
അതുപോലെ തന്നെയാണ് മല്ലു സിംഗിലും സംഭവിച്ചത്. പക്ഷെ മല്ലു സിംഗ് ഹിറ്റായി. സാമ്രാജ്യം വിജയിച്ചില്ല.
ചെയ്ത സിനിമകളില്‍ മോശമായത് ഒന്നുരണ്ട് എണ്ണം മാത്രമേയുള്ളൂ. പിന്നെ ചില സ്‌ക്രിപ്റ്റുകള്‍, സ്‌ക്രിപ്റ്റായി ഇരുന്നപ്പോള്‍ ഓക്കെ ആയിരുന്നു, പക്ഷെ സിനിമയായി വന്നപ്പോള്‍ അതിന്റെ എസന്‍സ് നഷ്ടപ്പെട്ട് പോയ സിനിമകളുമുണ്ട്. അതൊക്കെ സാധാരണമാണ്. കുഴപ്പമില്ലെന്നു” ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
1990ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമായാണ് സാമ്രാജ്യം 2 സണ്‍ ഓഫ് അലക്സാണ്ടര്‍ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദനെ നായകനാക്കി തമിഴ് സംവിധായകന്‍ പേരരസു ആയിരുന്നു ചിത്രം ഒരുക്കിയത്.
അതേസമയം, മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ‘ഷഫീഖിന്റെ സന്തോഷം’. ഷഫീഖിന്റെ സന്തോഷം എന്ന സിനിമയും തന്റെ മികച്ച സിനിമകളിലൊന്നായിരിക്കുമെന്നും താരം പറയുന്നു.
ഉണ്ണിമുകുന്ദന്‍, മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപാണ് തിരക്കഥയും.
